കടുപ്പിച്ച് ബിസിസിഐ, തോൽവിക്ക് പിന്നാലെ വിരൽ ചൂണ്ടുന്നത് ലക്ഷ്മണിനുനേരെ ?, റിപ്പോർട്ട്

#സ്പോർട്സ് ഡെസ്ക്
വി.വി.എസ് ലക്ഷ്മണ്‍, Photo:AFP
വി.വി.എസ് ലക്ഷ്മണ്‍, Photo:AFP

മുംബൈ; അണ്ടർ-19 ഏഷ്യാകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ കൂടുതൽ നടപടികളിലേക്ക് കടക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്. ടീം മാനേജ്‌മെന്റിനോട് വിശദീകരണം തേടുന്നതിന് പുറമേ സെന്റർ ഓഫ് എക്‌സലൻസ് (സിഒഇ) അക്കാദമിയിലെ പ്രവർത്തനങ്ങളെ കുറിച്ച് വിശദമായി അന്വേഷിച്ചേക്കുമെന്നാണ് വിവരം. കഴിഞ്ഞ നാലുവർഷമായി യുവതാരങ്ങളെ വാർത്തെടുക്കുന്നതിനെ കുറിച്ചും ടീം മാനേജ്‌മെന്റ്, സെലക്ടർമാർ, സിഒഇ എന്നിവ ഒരുമിച്ചുകൊണ്ടുപോകുന്നത് സംബന്ധിച്ചും ആശങ്കകൾ ഉയർന്നിട്ടുണ്ട്.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം സിഒഇ ഹെഡ് ഓഫ് ക്രിക്കറ്റായ വി.വി.എസ്. ലക്ഷ്മണിന്റെ ഇടപെടലുകൾ സംബന്ധിച്ച് ചർച്ചകളുണ്ടായേക്കും. വി.വി.എസ് ലക്ഷ്മണിന് അണ്ടർ-19 സെലക്ഷനുകളിലും ക്യാപ്റ്റൻസി തീരുമാനങ്ങളിലും ശക്തമായ നിയന്ത്രണമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. പ്രത്യേകിച്ച് സിഒഇ കോച്ചുകളും സെലക്ടർമാരും തമ്മിൽ ചുമതലകളുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങളുണ്ടെന്നാണ് വിവരം.

"ചുമതലകളുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങളുണ്ട്. അണ്ടർ-19 ടീമുകളെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുന്നതിൽ ലക്ഷ്മണിനാണ് ഉറച്ച നിയന്ത്രണം. ക്യാപ്റ്റൻമാരെ നിയമിക്കുന്നതിലും അദ്ദേഹത്തിന് വലിയ പങ്കുണ്ട്. രാഹുൽ ദ്രാവിഡ് ഹെഡ് ഓഫ് ക്രിക്കറ്റ് ചുമതല വഹിച്ചപ്പോൾ, ഓരോ കളിക്കാർക്കുമുള്ള പ്രോഗ്രാമുകൾ രൂപകൽപ്പന ചെയ്യുകയും ഇന്ത്യ 'എ' താരങ്ങളെ തിരഞ്ഞെടുക്കുന്നതിൽ സജീവമായി ഇടപെടുകയും ചെയ്തിരുന്നു. നിലവിൽ, ലക്ഷ്മണിന് ഇന്ത്യ 'എ' പ്രക്രിയയിൽ വലിയ പങ്കില്ല." ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

രാഹുൽ ദ്രാവിഡിനെപ്പോലെ വി.വി.എസ് ലക്ഷ്മൺ അണ്ടർ-19 ടീമുകൾക്കൊപ്പം അധികം യാത്ര ചെയ്യാറില്ല എന്നും റിപ്പോർട്ടിലുണ്ട്. സീനിയർ ടീം ടെസ്റ്റ് പരമ്പരകളിൽ ഏർപ്പെട്ടിരുന്നപ്പോൾ ലക്ഷ്മൺ കൂടുതലും രണ്ടാം നിര ഇന്ത്യൻ ടീമുകളുമായി വിദേശ പര്യടനങ്ങൾ നടത്തിയതായും പറയപ്പെടുന്നു. റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ ജിതേഷ് ശർമയെ ക്യാപ്റ്റനായത് സംബന്ധിച്ചും ചർച്ച ഉയർന്നിട്ടുണ്ട്. സീനിയർ സെലക്ഷൻ കമ്മിറ്റിയുടെ അഭ്യർഥന പ്രകാരമാണ് ജിതേഷ് ശർമയെ ക്യാപ്റ്റനായി ടൂർണമെന്റിൽ പങ്കെടുപ്പിച്ചത്. ടീം കോമ്പിനേഷനുകളിലും മത്സര തന്ത്രങ്ങൾ തീരുമാനിക്കുന്നതിലും ജിതേഷ് ഇടപെട്ടുവെന്നും വിവരമുണ്ട്. ഇത് സാധാരണയായി കാണാറുള്ള ഒന്നല്ല. സെലക്ടർമാരുമായി കൂടിയാലോചിച്ച് കോച്ചിംഗ് സ്റ്റാഫ് ആണ് ഈ തീരുമാനങ്ങൾ എടുക്കുന്നത്.

ടൂർണമെന്റിലെ ഇന്ത്യ അണ്ടർ-19 ടീമിന്റെ പ്രകടനം പ്രത്യേകമായി വിലയിരുത്താനാണ് ബിസിസിഐയുടെ തീരുമാനം. സാധാരണ ഗതിയിൽ ഉണ്ടാകാറുള്ള റിവ്യൂ മീറ്റിങ്ങിന് പുറമേയാണിത്. മാത്രമല്ല ടീം മാനേജ്‌മെന്റിനോട് വിശദീകരണം നേടാനും തീരുമാനിച്ചതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. സാധാരണയായി ടൂർണമെന്റുകൾക്ക് ശേഷം ടീം മാനേജർ എപ്പോഴും ബിസിസിഐക്ക് റിപ്പോർട്ട് സമർപ്പിക്കാറുണ്ട്. എന്നാൽ ഇത്തവണ ബിസിസിഐ അതിനപ്പുറമുള്ള അസാധാരണ നടപടികളിലേക്ക് കടന്നേക്കുമെന്നാണ് വിവരം. മുഖ്യ പരിശീലകൻ ഋഷികേശ് കനിത്കർ, ക്യാപ്റ്റൻ ആയുഷ് മാത്രെ എന്നിവരുമായി ചർച്ചകൾ നടത്താനും സാധ്യതയുണ്ട്.

Content Highlights: BCCI turns heat on VVS Laxman, demands answers after India U19's Asia Cup loss