‘അത് അനുവദിക്കും’; ഇന്ത്യൻ താരങ്ങളുടെ വിജയാഘോഷം സംബന്ധിച്ച വിമർശനങ്ങൾ തള്ളി ബിസിസിഐ

#സ്പോർട്സ് ഡെസ്ക്
ഇന്ത്യ-പാക് താരങ്ങൾ തമ്മിൽ വാക്കേറ്റം | X.com/@SonySportsNetwk
ഇന്ത്യ-പാക് താരങ്ങൾ തമ്മിൽ വാക്കേറ്റം | X.com/@SonySportsNetwk

മസ്കറ്റ്: ഏഷ്യാകപ്പിലെ ത്രില്ലർ ജയത്തിനുശേഷമുള്ള ഇന്ത്യൻ താരങ്ങളുടെ വിജയാഘോഷം വൻ വൈറലായിരുന്നു. അവസാന പന്തിൽ ജയം നേടിയശേഷം മൈതാനത്തേക്ക് ഓടിയെത്തിയ ഇന്ത്യൻ താരങ്ങൾ വിജയാഘോഷം തുടങ്ങുകയായിരുന്നു. ജയത്തിന് പിന്നാലെ പാക് താരങ്ങളുമായി കൊമ്പുകോർക്കുന്ന സാഹചര്യംവരെയുണ്ടായി. ഇത് വിമർശനങ്ങൾക്കും വഴിവെച്ചു. എന്നാൽ, വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ബിസിസിഐ.

തോൽവിയുറപ്പിച്ച ഘട്ടത്തിൽനിന്ന് ഇത്തരത്തിലൊരു ജയം നേടുമ്പോഴുണ്ടാകുന്ന ആഘോഷപ്രകടനങ്ങളാണെന്നും അത് അനുവദിക്കുമെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ വ്യക്തമാക്കി.

മത്സരം എത്രത്തോളം ആവേശകരമായിരുന്നു എന്ന് ചിന്തിച്ചുനോക്കൂ. ഒരു ഘട്ടത്തിൽ മത്സരം ഇന്ത്യയുടെ വരുതിയിലാണെന്ന് തോന്നിപ്പിച്ചിരുന്നതേയില്ല. എന്നിട്ടും ഇന്ത്യ വിജയം കണ്ടു. ഇത് ടീമിന്റെ ആത്മവിശ്വാസത്തെയും തോറ്റുകൊടുക്കാൻ തയ്യാറാകാത്ത മനോഭാവത്തെയുമാണ് കാണിക്കുന്നത്. ഇത്രയും പ്രയാസകരമായ അവസ്ഥയിൽനിന്ന് അവർ ഒരു മത്സരം വിജയിക്കുമ്പോൾ, തീർച്ചയായും അവർ ആഘോഷിക്കും. അത് നാം അനുവദിക്കേണ്ടതുണ്ട്", സൈക്കിയ കൂട്ടിച്ചേർത്തു.

തോൽവിയുറപ്പിച്ച ഘട്ടത്തിൽനിന്ന് അവിശ്വസനീയ ജയം സ്വന്തമാക്കിയതോടെ ഇന്ത്യൻ താരങ്ങൾ വലിയ ആവേശത്തിലായിരുന്നു. പലർക്കും വികാരം നിയന്ത്രിക്കാനായില്ല. മൈതാനത്തുണ്ടായിരുന്ന പാക് വിക്കറ്റ് കീപ്പർ ഹംസ സഹൂറും ഇന്ത്യൻ താരങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി. ഇന്ത്യൻ താരങ്ങൾ ആംഗ്യം കാട്ടി പാക് താരങ്ങളോട് മൈതാനം വിടാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇന്ത്യൻ ടീം ഒഫീഷ്യലുകളെത്തിയാണ് കളിക്കാരെ ശാന്തരാക്കിയത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം, കിരീടം നേടിയ ടീമിന് പാരിതോഷികം നൽകുമോ എന്ന ചോദ്യത്തിന് അത്തരം വിഷയങ്ങൾ ഇപ്പോൾ ചർച്ചചെയ്യേണ്ടതില്ലെന്ന മറുപടിയാണ് സൈക്കിയ നൽകിയത്. അവർ ഇപ്പോഴും യുവതാരങ്ങളാണ്. സമ്മാനത്തുകയെ കുറിച്ചോ സാമ്പത്തിക നേട്ടങ്ങളെക്കുറിച്ചും ഇപ്പോൾ ചർച്ചചെയ്യരുത്. അവർ കളിയിൽ മാത്രമായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. പാരിതോഷികം നേടാൻ അവർക്ക് ഇനിയും സമയമുണ്ട്. ഇന്നവർക്ക് ലഭിച്ച അനുഭവസമ്പത്തും ആത്മവിശ്വാസവും അവരുടെ ഭാവി കരിയറിന് വലിയൊരു ഊർജമായിരിക്കും. അതിനേക്കാൾ വിലമതിക്കുന്നതായി മറ്റൊന്നുമില്ല, സൈക്കിയ കൂട്ടിച്ചേർത്തു.

ഏഷ്യാകപ്പ് അണ്ടർ-19 ക്രിക്കറ്റ് ഫൈനലിൽ പാക് ടീം ഉയർത്തിയ 338 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് ജയിക്കാൻ അവസാന ഓവറിൽ ഒരു വിക്കറ്റുമാത്രം അവശേഷിക്കേ, എട്ടു റൺസാണ് വേണ്ടിയിരുന്നത്. ലെഗ്‌സ്പിന്നർ അഹമ്മദ് ഹുസൈനാണ് പാക് ബൗളർ. അഞ്ചുബോളിൽ മോഹിത് ഉൽവയും ചിഗുരുപതി വെങ്കട്ടയും ചേർന്ന കൂട്ടുകെട്ട് അഞ്ചു റൺസെടുത്തു. അവസാന പന്തിൽ ഇന്ത്യക്കുവേണ്ടത് മൂന്നു റൺസ്. സ്‌ട്രൈക്ക് എടുക്കുന്നത് മോഹിത്. ഓഫ് സ്റ്റമ്പിന് വെളിയിലൂടെയുള്ള ഹുസൈന്റെ പന്ത് നൃത്തച്ചുവടുകളോടെ ക്രീസ് വിട്ടിറങ്ങിയ മോഹിത് ലോങ്ങോഫ് ബൗണ്ടറി കടത്തിയപ്പോൾ പാക് ഫീൽഡർമാർക്ക് നിസ്സഹായമായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ.

Content Highlights: BCCI Secretary Devajit Saikia defended the Indian U19 team's emotional celebration after the thrilling Asia Cup win against Pakistan.