AB ഫീൽഡിൽ തോൽക്കാതെ ഓസീസ്; ഇന്ത്യൻ വനിതകളെ ആറുവിക്കറ്റിന് കീഴടക്കി

ബ്രിസ്‌ബെയ്ൻ: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി ഓസ്‌ട്രേലിയൻ വനിതകൾ. ആറുവിക്കറ്റിനാണ് ഓസീസ് ഇന്ത്യൻ വനിതകളെ പരാജയപ്പെടുത്തിയത്. ഇന്ത്യയെ 214 റൺസിന് എറിഞ്ഞിട്ട ഓസ്‌ട്രേലിയ 38.2 ഓവറിൽ നാലുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയുടേത് മികച്ച തുടക്കമായിരുന്നു. ഓപ്പണർമാരായ അലീസ ഹീലിയും ലിച്ച്ഫീൽഡും ഇന്ത്യൻ ബൗളർമാർക്ക് പിടികൊടുക്കാതെ ടീമിനെ അമ്പത് കടത്തി. പിന്നാലെ 32 റൺസെടുത്ത ലിച്ച്ഫീൽഡും ജോർജിയ വോളും(0) മടങ്ങി. എന്നാൽ മൂന്നാം വിക്കറ്റിൽ ഹീലിയും ബെത്ത് മൂണിയും ടീമിനെ കരകയറ്റി. ഇരുവരും ചേർന്ന് സ്‌കോർ നൂറുകടത്തി. 64 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് ഹീലി പുറത്തായത്. ഹീലി 70 പന്തിൽ നിന്ന് 50 റൺസെടുത്തു.
നാലാം വിക്കറ്റിൽ അന്നബേൽ സതർലാൻഡിനെ കൂട്ടുപിടിച്ച് ബെത്ത് മൂണി ടീമിനെ ജയത്തിനടുത്തെത്തിച്ചു. ഇരുവരും ശ്രദ്ധയോടെ സ്‌കോറുയർത്തി. അത് തടയാൻ ഇന്ത്യൻ ബൗളർമാർ ബുദ്ധിമുട്ടി. മൂണി അർധസെഞ്ചുറി തികച്ച് പുറത്താവുമ്പോഴേക്കും ടീം 204 റൺസിലെത്തിയിരുന്നു. മൂണി 76 റൺസെടുത്തു. സതർലാൻഡ് 48 റൺസെടുത്ത് പുറത്താവാതെ നിന്നു. ഒടുക്കം 38.2 ഓവറിൽ ഓസീസ് ലക്ഷ്യത്തിലെത്തി. അതോടെ അലൻ ബോർഡർ ഫീൽഡ് ഗ്രൗണ്ടിൽ ഓസീസ് അപരാജിത കുതിപ്പ് തുടരുകയാണ്. ഗ്രൗണ്ടിൽ കളിച്ച 21 ഏകദിനത്തിലും ടീം വിജയിച്ചു.
നേരത്തേ ഇന്ത്യൻ ഇന്നിങ്‌സ് 214 റൺസിൽ അവസാനിച്ചിരുന്നു. കൃത്യമായ ഇടവേളകളിൽ ഓസീസ് ബൗളർമാർ വിക്കറ്റുകൾ വീഴ്ത്തിയതോടെ ഇന്ത്യ പതറി. സ്മൃതി മന്ദാനയും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും അർധസെഞ്ചുറികളുമായി തിളങ്ങി. മന്ദാന 58 റൺസെടുത്തപ്പോൾ കൗർ 53 റൺസുമെടുത്തു. കശ്‌വീ ഗൗതം 43 റൺസിൽ റണ്ണൗട്ടായി. റിച്ച ഘോഷ് 23 റൺസുമെടുത്തു. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ഓസീസിനായി ആഷ്‌ലി ഗാർഡ്‌നർ മൂന്ന് വിക്കറ്റെടുത്ത് തിളങ്ങി.
Content Highlights: australia womens cricket team beat india