അവസാന നാലോവറിൽ അടിച്ചെടുത്തത് 44 റൺസ്, ഓസീസിനായി നിഖിലിന്റെ വെടിക്കെട്ട്, ആവേശജയം

മെൽബൺ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിൽ ഓസീസിന് ആവേശജയം. ത്രില്ലർ പോരാട്ടത്തിൽ അവസാന ഓവറിലാണ് ഓസീസ് ജയം സ്വന്തമാക്കുന്നത്. ഇംഗ്ലണ്ട് ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ 19.5 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇന്ത്യൻ വംശജനായ നിഖിൽ ചൗധരിയുടെ വെടിക്കെട്ട് അർധസെഞ്ചുറിയാണ് ഓസീസിന് കരുത്തായത്.
ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെയും ടോം ബാന്റണിന്റെയും ഇന്നിങ്സാണ് ടീമിന് മികച്ച സ്കോർ സമ്മാനിച്ചത്. ഹാരി ബ്രൂക്ക് 28 പന്തിൽ 65 റൺസെടുത്തു. നാല് ഫോറും ആറ് സിക്സറും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. ടോം ബാന്റൺ 22 പന്തിൽ നിന്ന് 39 റൺസെടുത്തു. മൂന്നാം വിക്കറ്റിൽ ഇരുവരും 97 റൺസ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഈ കൂട്ടുകെട്ടാണ് ഇംഗ്ലീഷ് പടയെ കരകയറ്റിയത്.
സാം കറൻ(21), ജോർദാൻ കോക്സ്(27), ലിയാം ഡോസൺ(17) എന്നിവരും ഇംഗ്ലീഷ് സ്കോർ ബോർഡിലേക്ക് നിർണായക സംഭാന നൽകി. അതോടെ ഇംഗ്ലീഷ് സ്കോർ 187 റൺസിലെത്തി. ഓസീസിനായി ബെൻ ഡ്വാർഷുയിസും നിഖിൽ ചൗധരിയും രണ്ട് വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ജേക്ക് ഫ്രേസർ മക്ഗുർകിനെ(1) തുടക്കത്തിൽ തന്നെ നഷ്ടമായി. രണ്ടാം വിക്കറ്റിൽ മിച്ചൽ മാർഷും സാം ഹാർപ്പറുമാണ് ഇന്നിങ്സ് മുന്നോട്ടുനയിച്ചത്. ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. 15 പന്തിൽ 32 റൺസെടുത്ത ഹാർപ്പർ പുറത്തായതോടെ നിഖിൽ ചൗധരി ബാറ്റിങ്ങിനിറങ്ങി. മൂന്നാം വിക്കറ്റിൽ നിഖിൽ ചൗധരി-മാർഷ് സഖ്യം ഭേദപ്പെട്ട കൂട്ടുകെട്ടുമായി ഓസീസിന് ജയപ്രതീക്ഷ സമ്മാനിച്ചു. പത്തോവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിലായിരുന്നു ഓസീസ്.
11-ാം ഓവറിൽ മാർഷ് പുറത്തായത് ഓസീസിന് തിരിച്ചടി സമ്മാനിച്ചു. 32 പന്തിൽ 37 റൺസാണ് താരത്തിന്റെ സമ്പാദ്യം. പിന്നീട് നിഖിൽ ചൗധരി ബൗണ്ടറികളുമായി ഓസീസ് സ്കോർ വേഗത്തിലാക്കി. ഫിഫ്റ്റി തികച്ച നിഖിലും തകർത്തടിച്ച ടിം ഡേവിഡും ഓസീസിനായി പൊരുതി. ടിം ഡോവിഡ് 13 പന്തിൽ നിന്ന് 20 റൺസെടുത്ത് മടങ്ങി.
16 ഓവറിൽ 144-4 എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. നാലോവറിൽ ജയിക്കാൻ വേണ്ടത് 44 റൺസ്. വിക്കറ്റുകൾ നഷ്ടമായെങ്കിലും ക്രീസിൽ നിലയുറപ്പിച്ച നിഖിൽ ചൗധരി കത്തിക്കയറിയതോടെ അടുത്ത രണ്ടോവറിൽ 24 റൺസാണ് ഓസീസ് അടിച്ചെടുത്തത്. പിന്നാലെ നിഖിൽ പുറത്തായി. 38 പന്തിൽ 66 റൺസാണ് സമ്പാദ്യം. അവസാനഓവറിൽ 11 റൺസാണ് ജയിക്കാൻ വേണ്ടിയിരുന്നത്. ജാക് എഡ്വാർഡ്സ് 11 പന്തിൽ നിന്ന് 25 റൺസുമായി ഓസീസിന് ജയം സമ്മാനിച്ചു.
Content Highlights: Australia defeated England by 3 wickets in the 1st T20., England scored 187/9, led by Harry Brook's 65 off 28 balls., Indian-origin player Nikhil Chaudhary scored an explosive 66 off 38 balls for Australia