ആദ്യദിനം ആഷസ് ത്രില്ലര്‍; തിരിച്ചടിച്ച് ഇംഗ്ലണ്ട്, സ്‌റ്റോക്‌സിന് അഞ്ചുവിക്കറ്റ്

ഇം​ഗ്ലണ്ട് താരങ്ങളുടെ ആഹ്ളാദം | AP
ഇം​ഗ്ലണ്ട് താരങ്ങളുടെ ആഹ്ളാദം | AP

പെര്‍ത്ത്: ആഷസ് പരമ്പരയുടെ ഒന്നാം ദിനത്തിന് ആവേശകരമായ പര്യവസാനം. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ടിനെ 172 റണ്‍സിന് എറിഞ്ഞിട്ട ഓസീസിന് അതേനാണയത്തില്‍ ഇംഗ്ലണ്ട് മറുപടി നല്‍കി. ആദ്യദിനം കളിയവസാനിക്കുമ്പോള്‍ ഒന്നാമിന്നിങ്‌സില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ. ഇംഗ്ലണ്ടിനേക്കാള്‍ 49 റണ്‍സ് പിന്നിലാണ് ടീം.

ഇംഗ്ലണ്ടിനെ വേഗം കൂടാരം കയറ്റി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് പെര്‍ത്തില്‍ തുടക്കത്തില്‍ തന്നെ തകര്‍ച്ച നേരിട്ടു. 31 റണ്‍സെടുക്കുന്നതിനിടെ തന്നെ ടീമിന് നാലുവിക്കറ്റ് നഷ്ടമായി. അരങ്ങേറ്റക്കാരന്‍ ജെയ്ക്ക് വെതറാള്‍ഡ് ഡക്കായി മടങ്ങി. മാര്‍നസ് ലബുഷെയ്ന്‍(9), സ്റ്റീവ് സ്മിത്ത്(17), ഉസ്മാന്‍ ഖവാജ(2) എന്നിവരും നിരാശപ്പെടുത്തി.

അഞ്ചാം വിക്കറ്റില്‍ ട്രാവിസ് ഹെഡും കാമറൂണ്‍ ഗ്രീനും ചേര്‍ന്നാണ് പിന്നീട് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഹെഡ് 21 റണ്‍സും ഗ്രീന്‍ 24 റണ്‍സുമെടുത്ത് മടങ്ങി. അലക്‌സ് ക്യാരി(26), മിച്ചല്‍ സ്റ്റാര്‍ക്ക്(12), സ്‌കോട്ട് ബോളണ്ട്(0) എന്നിവരും പുറത്തായതോടെ ഓസീസ് 121-9 എന്ന നിലയിലേക്ക് വീണു. ഇംഗ്ലണ്ടിനായി ബെന്‍ സ്‌റ്റോക്‌സ് അഞ്ചുവിക്കറ്റെടുത്ത് തിളങ്ങി.

നേരത്തേ ഒന്നാമിന്നിങ്‌സില്‍ ഇംഗ്ലണ്ട് 172 റണ്‍സിന് പുറത്തായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തകര്‍പ്പന്‍ ബൗളിങ്ങാണ് ഇംഗ്ലീഷ് പടയെ എറിഞ്ഞിട്ടത്. സ്റ്റാര്‍ക്ക് ഏഴുവിക്കറ്റോടെ തിളങ്ങി. ഒല്ലി പോപ്പ്(46), ബാരി ബ്രൂക്ക്(52), ജാമി സ്മിത്ത്(33) എന്നിവരുടെ ഇന്നിങ്‌സാണ് ഇംഗ്ലണ്ട് സ്‌കോര്‍ 170-കടത്തിയത്.

Content Highlights: ashes test