ഒറ്റ പന്ത് പോലും കളിക്കാതെ ചൈന പുറത്ത്, വിയർത്ത് ജയിച്ച് പാകിസ്താൻ; ഇന്ത്യ വെള്ളിയാഴ്ച കളത്തിൽ

നഗോയ: ഏഷ്യൻ ഗെയിംസിൽ വനിതാ ക്രിക്കറ്റ് മത്സരങ്ങൾക്ക് തുടക്കം. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പുരോഗമിക്കുകയാണ്. നിലവിൽ പാകിസ്താനും ബംഗ്ലാദേശും സെമി ഫൈനലിലേക്ക് മുന്നേറി. ഇന്ത്യ, ശ്രീലങ്ക ടീമുകളുടെ ക്വാർട്ടർ മത്സരം വെള്ളിയാഴ്ചയാണ്.
ആദ്യ ക്വാർട്ടർ മത്സരത്തിൽ ബംഗ്ലാദേശും ചൈനയുമായിരുന്നു ഏറ്റുമുട്ടേണ്ടിയിരുന്നത്. എന്നാൽ നനഞ്ഞ ഔട്ട്ഫീൽഡ് മൂലം മത്സരം തടസ്സപ്പെട്ടു. ടോസ് പോലും നടക്കാതെ വന്നതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഒറ്റ പന്തുപോലും എറിയാനായില്ലെങ്കിലും ബംഗ്ലാദേശ് സെമിയിലേക്ക് മുന്നേറി. ചൈന പുറത്തായി. മത്സരം നടക്കാതെ വന്നതോടെ ടീമുകളുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ റാങ്കിങ് പരിഗണിച്ചു. ചൈനയേക്കാൾ ഉയർന്ന റാങ്കുള്ള ബംഗ്ലാദേശ് സെമി ടിക്കറ്റെടുത്തു. ഐസിസി ടി20 റാങ്കിങ്ങിൽ ബംഗ്ലാദേശ് പത്താം സ്ഥാനത്തും ചൈന 36-ാം സ്ഥാനത്തുമാണ്.
മറ്റൊരു ക്വാർട്ടറിൽ തായ്‌ലൻഡിനെ വീഴ്ത്തി പാകിസ്താനും സെമിയിലേക്ക് പ്രവേശിച്ചു. നനഞ്ഞ ഔട്ട്ഫീൽഡ് മൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് പാകിസ്താൻ വനിതകളുടെ ജയം. ആദ്യം ബാറ്റുചെയ്ത തായ്‌ലൻഡ് 11 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 91 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് വിക്കറ്റുകൾ വീണത് തിരിച്ചടിയായി. 36-1 എന്ന നിലയിൽ നിന്ന് പാകിസ്താൻ 77-6 എന്ന നിലയിലേക്ക് കൂപ്പുകൂത്തി. ഒടുക്കം കഷ്ടിച്ചാണ് പാകിസ്താൻ ജയത്തിലേക്ക് കടക്കുന്നത്. രണ്ട് പന്ത് മാത്രം ശേഷിക്കേയാണ് പാകിസ്താന്റെ ജയം.
വെള്ളിയാഴ്ചയാണ് ശേഷിക്കുന്ന ക്വാർട്ടർ മത്സരങ്ങൾ. ശ്രീലങ്ക-മലേഷ്യ, ഇന്ത്യ-ജപ്പാൻ വനിതാ ടീമുകൾ സെമി ലക്ഷ്യമിട്ട് കളിക്കും. ഇന്ത്യ-ജപ്പാൻ മത്സരത്തിലെ വിജയികളെയാണ് ബംഗ്ലാദേശ് സെമിയിൽ നേരിടുക.
Content Highlights: Bangladesh advanced to the semi-finals based on higher T20 ranking after their quarter-final against China was abandoned due to a wet outfield