‘ആ തീരുമാനം കടന്നുപോയി’; ഏഷ്യാകപ്പ് ട്രോഫി വാങ്ങാത്തതിൽ ഇന്ത്യയെ ചോദ്യം ചെയ്ത് വിൻഡീസ് താരം

#സ്പോർട്സ് ഡെസ്ക്
ട്രോഫിയുമായി പോകുന്ന എസിസി ഉദ്യോഗസ്ഥൻ, മൊഹ്‌സിൻ നഖ്‌വി | AP Photo
ട്രോഫിയുമായി പോകുന്ന എസിസി ഉദ്യോഗസ്ഥൻ, മൊഹ്‌സിൻ നഖ്‌വി | AP Photo

ന്യൂഡൽഹി: ഏഷ്യാകപ്പിൽ വിജയിച്ചതിന് ശേഷം ട്രോഫി സ്വീകരിക്കാതിരുന്ന ഇന്ത്യൻ നടപടിയെ ചോദ്യം ചെയ്ത് വിൻഡീസ് പേസർ ജേസൺ ഹോൾഡർ. ടൂർണമെന്റ് ജയിച്ചിട്ടും ട്രോഫി സ്വീകരിക്കാതിരുന്നത് കടന്നുപോയെന്ന് ഹോൾഡർ പ്രതികരിച്ചു. ഏഷ്യാകപ്പ് ഫൈനലിൽ പാകിസ്താനെ വ്യക്തമായ മാർജിനിൽ പരാജയപ്പെടുത്തിയതിന് ശേഷമാണ് വിവാദസംഭവങ്ങൾ അരങ്ങേറുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം പാക് മന്ത്രിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ചുമതല കൂടി വഹിക്കുന്ന പിസിബി മേധാവിയും കൂടിയായ മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇതുവരെ ട്രോഫി ഇന്ത്യക്ക് നൽകാൻ സംഘാടകർ തയ്യാറായിട്ടുമില്ല.

ഏഷ്യാ കപ്പ് നേടിയ ഇന്ത്യ ട്രോഫി വാങ്ങാൻ പോയില്ല. അത് കടന്നുപോയി. - ജേസൺ ഹോൾഡർ ക്രിക്ക്ബസ് പോഡ്കാസ്റ്റിൽ പ്രതികരിച്ചു. പാകിസ്താനുമായുള്ള ബന്ധം മോശമായി നിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ ടീം ഇത്തരമൊരു തീരുമാനത്തിലെത്തിയത്. പകരം എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് വൈസ് ചെയർമാൻ ട്രോഫി കൈമാറണമെന്നും അവർ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, നഖ്‌വി ഈ ആവശ്യം നിരസിക്കുകയും, ഇന്ത്യൻ ടീം തന്റെ കൈയിൽനിന്ന് തന്നെ ട്രോഫി സ്വീകരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്തു. ഇന്ത്യൻ ടീം പോഡിയത്തിൽ കയറാൻ കാത്തുനിൽക്കുമ്പോൾ എസിസി ഉദ്യോഗസ്ഥരിൽ ഒരാൾ ഗ്രൗണ്ടിൽനിന്ന് ട്രോഫി എടുത്തുമാറ്റുന്ന അസാധാരണമായ രംഗങ്ങളാണ് പിന്നീട് കണ്ടത്. കപ്പും വിജയികൾക്കുള്ള മെഡലുകളുമായി നഖ്വിയും അദ്ദേഹത്തിന്റെ പ്രതിനിധിയും സ്റ്റേഡിയം വിടുകയായിരുന്നു. കപ്പില്ലാത്തതിനാൽ ഇന്ത്യൻ ടീം പ്രതീകാത്മകമായാണ് വിജയാഘോഷം നടത്തിയത്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും വിൻഡീസ് താരം പ്രതികരിച്ചു. ചില പാകിസ്താൻ താരങ്ങളെ ചില ടീമുകളിൽ ഉൾക്കൊള്ളാൻ കഴിയില്ല. കാരണം അവർ ഇന്ത്യൻ ഉടമസ്ഥതയിലുള്ളതാണ്. ഇത് വളരെ സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു."നിങ്ങൾ ഒരു തലമുറയെയും ലോകത്തെയും പ്രചോദിപ്പിക്കുന്നുണ്ടെങ്കിൽ, ഒരുമിച്ച് വരാൻ ഒരു വഴി കണ്ടെത്തണം. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ ചരിത്രത്തെ അംഗീകരിക്കുമ്പോൾ തന്നെ മാറ്റത്തിനുള്ള ഒരു തുടക്കമായി ക്രിക്കറ്റിന് പ്രവർത്തിക്കാൻ കഴിയുമെന്നും ഹോൾഡർ പറഞ്ഞു.

"കളത്തിന് പുറത്ത് ഈ വൈരാഗ്യം എത്ര വലുതാണെന്ന് എനിക്കറിയാം. എന്നാൽ മാറ്റം സംഭവിക്കണമെങ്കിൽ, അത് ക്രിക്കറ്റ് മൈതാനത്തുനിന്ന് തുടങ്ങാം. കാര്യങ്ങൾ ലഘൂകരിക്കാനുള്ള ഒരു വഴി, കായികരംഗത്ത് ഇന്ത്യയും പാകിസ്താനും ഒരുമിച്ച് വരിക എന്നതാണ്. കായിക രംഗത്ത് ഇത് സാധ്യമാണെങ്കിൽ, ദൈനംദിന ജീവിതത്തിലും ഇത് സാധ്യമായേക്കാം. -അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയും പാകിസ്താനും മനോഹരമായ രാജ്യങ്ങളാണെന്നും നല്ല ജനങ്ങളും സംസ്കാരങ്ങളുമുണ്ടെന്നും ഹോൾഡർ പറഞ്ഞു. അതുകൊണ്ടാണ് ക്രിക്കറ്റിനെ സ്നേഹിക്കുന്ന എല്ലാവർക്കും ഇത്തരം നിമിഷങ്ങൾ വേദനിപ്പിക്കുന്നത്. നമ്മൾ ഐക്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അതിനാൽ നമ്മൾ പറഞ്ഞത് പ്രാവർത്തികമാക്കാം. ക്രിക്കറ്റിനെ ഒരുമിപ്പിക്കാം, ആരോഗ്യകരമായ ബന്ധങ്ങൾ വളർത്താം. - വിൻഡീസ് താരം പറഞ്ഞു.

Content Highlights: india questioned for not collecting asia cup trophy