റൈസിങ് സ്റ്റാർസ് ടൂർണമെന്റ്: യു.എ.ഇയെ പരാജയപ്പെടുത്തി പാകിസ്താന്‍ എ, 5.2 ഓവറില്‍ കളി തീര്‍ത്തു

പാക് എ ടീം | X.com/@ReplaysPCT
പാക് എ ടീം | X.com/@ReplaysPCT

ദോഹ: ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍ ടൂര്‍ണമെന്റില്‍ യുഎഇയെ തകര്‍ത്ത് പാകിസ്താന്‍ ഷഹീന്‍സ്. ഒന്‍പത് വിക്കറ്റിനാണ് പാക് എ ടീമിന്റെ ജയം. യുഎഇയെ 59 റണ്‍സിന് എറിഞ്ഞിട്ട പാകിസ്താന്‍ എ ആറാം ഓവറില്‍ തന്നെ കളി തീര്‍ത്തു.

ആദ്യം ബാറ്റുചെയ്ത യുഎഇയുടെ പ്രകടനം ദയനീയമായിരുന്നു. ബാറ്റര്‍മാര്‍ക്കാര്‍ക്കും പാക് ബൗളിങ്ങിനുമുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. വന്നവരെല്ലാം നിരനിരയായി കൂടാരം കയറി. ഒന്‍പത് ബാറ്റര്‍മാര്‍ക്ക് രണ്ടക്കം കടക്കാനായില്ല. വിക്കറ്റ് കീപ്പര്‍ സയിദ് ഹൈദര്‍ 20 റണ്‍സെടുത്തപ്പോള്‍ മുഹമ്മദ് ഫറസുദ്ദീന്‍ 12 റണ്‍സെടുത്തു. പാക് എ ടീമിനായി സുഫിയാന്‍ മുഖിം മൂന്ന് വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ എ വെടിക്കെട്ടോടെയാണ് ഇന്നിങ്‌സ് ആരംഭിച്ചത്. ഓപ്പണര്‍ മുഹമ്മദ് നയിം ആറുറണ്‍സെടുത്ത് മടങ്ങിയെങ്കിലും മാസ് സദാഖതും ഗാസി ഗോരിയും ചേര്‍ന്ന് ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. 32 പന്തിലാണ് ടീം ലക്ഷ്യത്തിലെത്തിയത്. സദാഖത് 15 പന്തില്‍ 37 റണ്‍സെടുത്തപ്പോള്‍ ഗാസി 12 പന്തില്‍ നിന്ന് 16 റണ്‍സെടുത്തു.

Content Highlights: pakistan a beat uae asia cup rising stars tournament