ഏഷ്യാ കപ്പ് വിവാദം; ഹാരിസ് റൗഫിന് ഐസിസി വിലക്ക്, സൂര്യയ്ക്കും ബുംറയ്ക്കും ശിക്ഷ

Photo: AFP
Photo: AFP

ദുബായ്: ഇക്കഴിഞ്ഞ ഏഷ്യാ കപ്പ് ടൂര്‍ണമെന്റിലെ ഇന്ത്യ - പാകിസ്താന്‍ മത്സരങ്ങള്‍ക്കിടെയുണ്ടായ വിവാദ സംഭവങ്ങളില്‍ നടപടിയുമായി ഐസിസി. സംഭവത്തില്‍ പാക് പേസര്‍ ഹാരിസ് റൗഫിന് ഐസിസി രണ്ടു മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. ഇന്ത്യന്‍ ടി20 ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് മാച്ച് ഫീസിന്റെ 30 ശതമാനം പിഴ ചുമത്തിയിട്ടുണ്ട്. ജസ്പ്രീത് ബുംറയ്ക്ക് ഒരു ഡീമെറിറ്റ് പോയന്റും വിധിച്ചു.

മാച്ച് റഫറിമാരായ റിച്ചി റിച്ചാര്‍ഡ്സണും ആന്‍ഡി പൈക്രോഫ്റ്റുമാണ് വിചാരണയ്ക്കു ശേഷം അച്ചടക്ക നടപടികള്‍ സ്വീകരിച്ചത്. വിലക്കോടെ നവംബര്‍ 4, 6 തീയതികളില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് ഏകദിന മത്സരങ്ങള്‍ റൗഫിന് നഷ്ടമാകും. 24 മാസത്തിനുള്ളില്‍ നാല് ഡീമെറിറ്റ് പോയിന്റുകള്‍ ലഭിച്ചതാണ് റൗഫിന് തിരിച്ചടിയായത്. സെപ്റ്റംബര്‍ 14, 21, 28 തീയതികളില്‍ നടന്ന ഇന്ത്യ - പാകിസ്താന്‍ മത്സരങ്ങളിലാണ് വിവാദ സംഭവങ്ങളുണ്ടായത്.

21, 28 തീയതികളില്‍ നടന്ന സൂപ്പര്‍ ഫോര്‍, ഫൈനല്‍ മത്സരങ്ങള്‍ക്കിടെയാണ് ഹാരിസ് റൗഫ് ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചത്. കാണികള്‍ക്കു നേരേ റൗഫ്, വിമാനം താഴെ വീഴുന്ന ആംഗ്യവും വിരലുകള്‍ കൊണ്ട് 6-0 എന്ന ആംഗ്യവും കാണിക്കുകയായിരുന്നു. ഇന്ത്യയുടെ സിന്ദൂര്‍ ഓപ്പറേഷനെ കുറിച്ചുള്ള പാകിസ്താന്റെ അവകാശവാദങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു റൗഫ്. കൂടാതെ റൗഫിന് ഇരു മത്സരങ്ങളിലെയും മാച്ച് ഫീസിന്റെ 30 ശതമാനം പിഴയും വിധിച്ചിട്ടുണ്ട്.

സെപ്റ്റംബറിന് 14-ന് നടന്ന ഗ്രൂപ്പ് മത്സരത്തില്‍ പാക് താരങ്ങള്‍ക്ക് കൈ കൊടുക്കാതിരുന്നതും മത്സരത്തില്‍ വിജയിച്ച ശേഷം പഹല്‍ഗാം ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് പരസ്യമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതുമാണ് സൂര്യകുമാറിന് പിഴ വിധിക്കാന്‍ കാരണം. പിഴ കൂടാതെ താരത്തിന് രണ്ടു ഡീമെറിറ്റ് പോയിന്റും ചുമത്തി.

സൂപ്പര്‍ ഫോര്‍ മാച്ചിനിടെ അര്‍ധ സെഞ്ചുറി നേടിയ ശേഷം ബാറ്റുകൊണ്ട് വെടിവെക്കുന്ന ആംഗ്യം കാണിച്ചതിന് പാക് താരം സാഹിബ്സാദാ ഫര്‍ഹാനെതിരെയും നടപടിയെടുത്തിട്ടുണ്ട്. താരത്തിന് താക്കീത് നല്‍കിയ ഐസിസി ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തി.

ഫൈനലില്‍ ഹാരിസ് റൗഫിനെ പുറത്താക്കിയ ശേഷം വിമാനം വീഴുന്ന ആംഗ്യം കാണിച്ചതിനാണ് ബുംറയ്‌ക്കെതിരേ നടപടിയെടുത്തിരിക്കുന്നത്. താരത്തിന് ഒരു ഡീമെറിറ്റ് പോയിന്റാണ് ചുമത്തിയത്.

Content Highlights: ICC penalizes Haris Rauf with a ban for Asia Cup conduct. Surya Kumar Yadav and Jasprit Bumrah also receive penalties. Get the details.