മുന്നിൽ നിന്ന് നയിച്ച് ഹെഡ്, മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയക്ക് 356 റൺസിന്റെ ലീഡ്

#സ്പോർട്സ് ഡെസ്ക്
ട്രാവിസ് ഹെഡ് | AP/PTI
ട്രാവിസ് ഹെഡ് | AP/PTI

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഓസീസിന് മികച്ച ലീഡ്. മൂന്നാം ദിനം കളിയവസാനിക്കുമ്പോൾ രണ്ടാമിന്നിങ്സിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 271 റൺസെന്ന നിലയിലാണ് ഓസ്‌ട്രേലിയ. നിലവിൽ ടീമിന് 356 റൺസിന്റെ ലീഡുണ്ട്. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡും അർധ സെഞ്ചുറി തികച്ച അലക്‌സ് കാരിയുമാണ് ക്രീസിൽ.

എട്ടുവിക്കറ്റ് നഷ്ടത്തിൽ 213 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 73 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. 286 റൺസിന് ടീം ഓൾഔട്ടായി. ക്യാപ്റ്റൻ സ്റ്റോക്‌സ് 83 റൺസും ജൊഫ്ര ആർച്ചർ 51 റൺസുമെടുത്ത് പുറത്തായി. ഓസീസിനായി കമ്മിൻസും ബോളണ്ടും മൂന്ന് വീതം വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ഓപ്പണർ ജെയ്ക്ക് വെതറാൾഡിനെ(1) തുടക്കത്തിൽ തന്നെ നഷ്ടമായി. മാർനസ് ലബുഷെയ്‌നും 13 റൺസെടുത്ത് മടങ്ങി. മൂന്നാം വിക്കറ്റിൽ ട്രാവിസ് ഹെഡും ഉസ്മാൻ ഖവാജയും ചേർന്നാണ് ടീമിനെ കരകയറ്റിയത്. ഇരുവരും 86 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 40 റൺസെടുത്ത് ഖവാജയും പിന്നാലെ ഏഴ് റൺസെടുത്ത് കാമറൂൺ ഗ്രീനും പുറത്തായി. അതോടെ ഓസീസ് 149-4 എന്ന നിലയിലായി.

അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഹെഡും കാരിയും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. ഓസീസ് കൂറ്റൻ ലീഡിലേക്ക് കുതിച്ചു. ഇംഗ്ലീഷ് ബൗളർമാരെ ശ്രദ്ധയോടെ നേരിട്ട ഹെഡ് സെഞ്ചുറിയും തികച്ചു. പിന്നാലെ ഇരുവരും ചേർന്ന് ടീമിനെ 250 കടത്തി. മൂന്നാം ദിനം അവസാന സെഷനിൽ കാരിയുടെ അർധസെഞ്ചുറിയുമെത്തി. ഇംഗ്ലണ്ടിനായി ജോഷ് ടങ്ക് രണ്ട് വിക്കറ്റെടുത്തു.

Content Highlights: ashes test series 2025-26 travis head century