കിരീടവിജയത്തിന് പിന്നാലെ അർഷ്ദീപിനെതിരേ നടപടിയുമായി ഐസിസി; പിഴയും ഡിമെറിറ്റ് പോയിന്റും

#സ്പോർട്സ് ഡെസ്ക്
ഡാരില്‍ മിച്ചലിനോട് സംസാരിക്കുന്ന അമ്പയര്‍ | AP, മിച്ചലും അര്‍ഷ്ദീപ് സിങ്ങും | PTI
ഡാരില്‍ മിച്ചലിനോട് സംസാരിക്കുന്ന അമ്പയര്‍ | AP, മിച്ചലും അര്‍ഷ്ദീപ് സിങ്ങും | PTI

അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനൽ വിജയത്തിന് പിന്നാലെ ഇന്ത്യൻ താരം അർഷ്ദീപ് സിങ്ങിന് ഐസിസിയുടെ പിഴ. ഫൈനൽ മത്സരത്തിനിടെ ന്യൂസീലൻഡ് താരം ഡാരിൽ മിച്ചലിന് നേരെ പന്തെറിഞ്ഞതാണ് താരത്തിന് വിനയായത്. ഐസിസി വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചു. അർഷ്ദീപിന്റെ പ്രവൃത്തി വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. മാത്രമല്ല, സംഭവത്തിൽ മിച്ചലിനോട് അർഷ്ദീപ് ഖേദപ്രകടനം നടത്തുകയും ചെയ്തു.

മാച്ച് ഫീയുടെ 15 ശതമാനമാണ് പിഴയായി ചുമത്തിയിരിക്കുന്നത്. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 കുറ്റമാണ് താരം ചെയ്തിരിക്കുന്നതെന്നാണ് ക്രിക്കറ്റ് കൗൺസിൽ കണ്ടെത്തിയത്. എതിർ താരത്തിന് നേരേ അപകടകരമായ രീതിയിൽ പന്തോ മറ്റ് വസ്തുക്കളോ എറിയുന്നത് സംബന്ധിച്ച ചട്ടം ആർട്ടിക്കിൾ 2.9 ലാണ് പരാമർശിക്കുന്നത്. അർഷ്ദീപ് ചട്ടം ലംഘിച്ചെന്നും പിഴയ്ക്ക് പുറമേ ഒരു ഡീമെറിറ്റ് പോയിന്റും താരത്തിന് ചുമത്തിയതായി ഐസിസി അറിയിച്ചു.

മത്സരത്തിൽ കിവീസ് ഇന്നിങ്‌സിന്റെ 11-ാം ഓവറിലാണ് സംഭവം. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 102 റൺസെന്ന നിലയിൽ നിൽക്കുകയായിരുന്നു ന്യൂസീലൻഡ്. ടീമിനെ കരകയറ്റാൻ മിച്ചൽ പരിശ്രമിക്കുന്ന ഘട്ടമായിരുന്നു അത്. അർഷ്ദീപിന്റെ പന്ത് കൂറ്റനടിക്ക് ശ്രമിച്ചെങ്കിലും മിച്ചലിന് സാധിച്ചില്ല. അടിച്ച പന്ത് മൈതാനത്ത് കുത്തി നേരെ പേസറുടെ കൈകളിൽ തന്നെ വന്നു. ക്രീസ് വിട്ടുനിൽക്കുകയായിരുന്ന മിച്ചലിനെ റണ്ണൗട്ടാക്കാനായി അർഷ്ദീപ് സ്റ്റമ്പ് കണക്കാക്കി എറിഞ്ഞു. എന്നാൽ ലക്ഷ്യം പിഴച്ചു. പന്ത് കൊണ്ടത് കിവീസ് ബാറ്ററുടെ കാലിലായിരുന്നു.

അതോടെ മിച്ചലിന്റെ ഭാവം മാറി. പെട്ടെന്ന് തന്നെ പ്രകോപിതനായി താരം അർഷ്ദീപിന് നേരെ നടന്നടുത്തു. കടുത്ത അതൃപ്തിയിൽ മിച്ചൽ താരത്തോട് ദേഷ്യപ്പെട്ട് സംസാരിക്കുകയും ചെയ്തു. അർഷ്ദീപ് കാര്യങ്ങൾ വഷളാക്കാതെ ഉടനെ തന്നെ തിരിഞ്ഞുനടന്നു. പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മിച്ചലിനോട് സംസാരിച്ച് വിഷയം തണുപ്പിച്ചു. അമ്പയറും വിഷയത്തിൽ ഇടപെട്ട് രംഗം ശാന്തമാക്കി.

എന്നാൽ, ഓവറിന് ശേഷം അർഷ്ദീപ് മിച്ചലിന്റെ അടുത്തുപോയി ഖേദപ്രകടനം നടത്തി. മാത്രമല്ല, മത്സരശേഷവും വിഷയം താരങ്ങൾ സംസാരിച്ചു. മിച്ചലിനോട് താൻ ഖേദപ്രകടനം നടത്തിയിരുന്നതായി അർഷ്ദീപ് പറഞ്ഞു. സ്റ്റമ്പിലേക്ക് എറിയാനാണ് താൻ ശ്രമിച്ചതെന്നും എന്നാൽ അവിചാരിതമായാണ് കിവീസ് ബാറ്ററുടെ ദേഹത്ത് കൊണ്ടതെന്നും അർഷ്ദീപ് വ്യക്തമാക്കി. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

Content Highlights: Arshdeep Singh fined 15% of match fee for breaching ICC Code of Conduct Article 2.9., The pacer was also handed one demerit point for throwing the ball dangerously near Daryl Mitchell., The incident occurred during the 11th over of the Kiwi innings., Arshdeep apologized to Mitchell immediately and clarified the intent was to hit the stumps.