കാനഡയിലേക്ക് പോകാതെ ക്രിക്കറ്റ് കളിച്ചു; ഇന്ന് കാര്യവട്ടത്തെ ഹീറോ, ഒപ്പം പ്രതികാരവും

പഞ്ചാബില്‍ പന്ത്രണ്ടാം ക്ലാസ് പഠനം പൂര്‍ത്തിയായി നില്‍ക്കുന്ന ഏതൊരു വിദ്യാര്‍ഥിയും സ്വാഭാവികമായും നേരിടുന്നൊരു ചോദ്യമുണ്ട്. ഇനി ഏപ്പോഴാണ് കാനഡയിലേക്ക് പോകുന്നതെന്ന്. അര്‍ഷദീപ് സിങ്ങും നിരവധി തവണ ആ ചോദ്യം നേരിട്ടിട്ടുണ്ട്. അച്ഛനുമായി ഈ കാര്യത്തെ പറ്റി പലതവണ സംസാരിച്ചിട്ടുണ്ട്. ക്രിക്കറ്റില്‍ ഒരു ഭാവിയുണ്ടാകുമോ എന്ന ആശങ്കയില്‍ ഏതൊരു കുട്ടിക്രിക്കറ്ററേയും പോലെ അര്‍ഷദീപ് സിങ്ങും പകച്ച് നിന്നിട്ടുണ്ട്. മൂത്ത സഹോദരന്റെ പാതയില്‍ കാനഡയിലേക്ക് തന്നെ പോകാനൊരുങ്ങിയിരുന്ന അര്‍ഷദീപ് അച്ഛനോട് ഒരു കൊല്ലത്തെ സാവകാശം ചോദിക്കുന്നിടത്താണ് താരത്തിന്റെ ജീവിതം തന്നെ മാറിമറയുന്നത്. പഞ്ചാബ് അണ്ടര്‍-19 ടീമില്‍ ഇടം നേടുകയും പിന്നീട് ആ ലെഫ്റ്റ് പേസ് ബോളര്‍ ഇന്ത്യയുടെ നീലക്കുപ്പായമണിഞ്ഞ് വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടേയിരിക്കുന്നത് ആര്‍ക്കും പിടികിട്ടാത്തൊരു സ്വിംഗ് ബോളിന്റെ വശ്യതയോടെയാണ്.
അങ്ങനെയാണ് ആ 23-കാരന്‍ ഇന്ന് കാര്യവട്ടത്തെ തിങ്ങിനിറഞ്ഞ ഗാലറികളെ കോരിത്തരിപ്പിക്കുന്നത്. ബാറ്റിങ് ടീമിന്‌റെ റണ്ണൊഴുക്ക് പ്രവചിച്ച മൈതാനത്ത് പേസര്‍മാരുടെ താണ്ഡവമാണ് കണ്ടത്. ആദ്യ ഓവറിലെ അവസാന പന്തില്‍ ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ തെംബ ബവൂമയെ ദീപക് ചാഹര്‍ പുറത്താക്കി. രണ്ടാം ഓവറില്‍ അര്‍ഷദീപ് സിങ് കൊടുങ്കാറ്റായി മാറി. രണ്ടാം പന്തില്‍ ഡി കോക്ക്, അഞ്ചാം പന്തില്‍ റിലീ റൂസോ, ആറാം പന്തില്‍ സാക്ഷാല്‍ ഡേവിഡ് മില്ലര്‍. ആദ്യ ഓവറില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍. അര്‍ഷദീപിന്റെ സ്വിംഗുകള്‍ക്ക് പ്രോട്ടീസ് ബാറ്റര്‍മാര്‍ക്ക് മറുപടിയുണ്ടായില്ല. കാര്യവട്ടത്തെ ഗാലറികളെ ആരവങ്ങളില്‍ മുക്കിയാണ് അര്‍ഷദീപ് പന്തെറിഞ്ഞത്.
അര്‍ഷദീപിന് പക്ഷേ ഇത് ഒരു പ്രതികാരം കൂടിയാണ്. ആഴ്ചകള്‍ക്ക് മുമ്പ് തന്നെ തളളി പറഞ്ഞവരോട് സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചവരോട് അയാള്‍ പന്ത് കൊണ്ട് മറുപടി പറയുന്ന കാഴ്ച. ഏഷ്യ കപ്പിലെ ഇന്ത്യ- പാക് മത്സരത്തിലെ ആ കൈവിട്ട ക്യാച്ച് കളിപ്രേമികള്‍ മറന്നിട്ടുണ്ടാവില്ല. അന്ന് കൂകി വിളിച്ചവര്‍ ഇന്ന് അര്‍ഷദീപിന് വേണ്ടി കയ്യടിക്കുകയാണ്. കാനഡയിലേക്ക് പോകേണ്ടിയിരുന്ന ആ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഇന്ന് കാര്യവട്ടത്തെ ഹീറോയായി മാറുന്നു. കളിയിലെ താരമായി മാറിക്കൊണ്ടാണ് അര്‍ഷദീപ് സിങ്ങ് കാര്യവട്ടത്ത് നിന്ന് മടങ്ങുന്നത്.
Content Highlights: arshadeep singh karyavattam cricket performance