മുംബൈ ലീഗിൽ മാസ്മരിക ഓൾറൗണ്ട് പ്രകടനവമായി അർജുൻ, മൂന്ന് വിക്കറ്റും 25 പന്തിൽ അർധ സെഞ്ചുറിയും

#സ്പോർട്സ് ഡെസ്ക്ക്
അർജുൻ തെണ്ടുൽക്കർ | ഫോട്ടോ - x.com/JaikyYadav16
അർജുൻ തെണ്ടുൽക്കർ | ഫോട്ടോ - x.com/JaikyYadav16

മുംബൈ: ടി20 മുംബൈ ലീഗിൽ ഓൾറൗണ്ട് മികവിലൂടെ ടീമിനെ ജയിപ്പിച്ച് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് താരവും സച്ചിൻ തെണ്ടുൽക്കറുടെ മകനുമായ അർജുൻ തെണ്ടുൽക്കർ. വാംഖഡെ സ്റ്റേഡിയത്തിൽ ബന്ദ്ര ബ്ലാസ്റ്റേഴ്‌സിനെതിരേ എ.ആർ.സി.എസ്. അന്ധേരിക്കുവേണ്ടി കളിച്ച അർജുൻ, ബാറ്റുകൊണ്ടും ബോളുകൊണ്ടും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിൽ മൂന്ന് വിക്കറ്റും 25 പന്തിൽ അർധ സെഞ്ചുറിയും നേടി ടോപ് വിക്കറ്റ് വേട്ടക്കാരനും ടോപ് സ്‌കോററുമായി.

ആദ്യം ബൗൾ ചെയ്ത അന്ധേരി, ബന്ദ്രയെ നിശ്ചിത 20 ഓവറിൽ 144/ 9-ൽ ഒതുക്കി. മൂന്നോവറിൽ 11 റൺസ് വിട്ടുനൽകി മൂന്ന് വിക്കറ്റെടുത്ത അർജുനാണ് ബൗളർമാരിൽ കേമൻ. തുടർന്ന് അന്ധേരിക്കുവേണ്ടി മൂന്നാംനമ്പറിൽ ബാറ്റുചെയ്ത അദ്ദേഹം, 34 പന്തിൽ 66 റൺസെടുത്ത് ടോപ് സ്‌കോററുമായി. 25 പന്തിൽനിന്നാണ് 50 തികച്ചത്. അഞ്ച് സിക്‌സറുകളും നാല് ബൗണ്ടറിയും ഇന്നിങ്‌സിൽ ഉൾപ്പെടുന്നു. അർജുനെ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.

അർജുന്റെ പ്രകടനത്തെ പുകഴ്ത്തി മുൻ സ്പിൻ താരം ആർ. അശ്വിൻ രംഗത്തെത്തി. അർജുന്റെ കഠിനാധ്വാനത്തേയും നിശ്ചയദാർഢ്യത്തെയും പുകഴ്ത്തിയ അശ്വിൻ, പിതാവ് സച്ചിനുമായി അർജുനെ താരതമ്യം ചെയ്യുന്നതിനെ എതിർക്കുകയും ചെയ്തു. അർജുന്റെ യാത്രകൾ എളുപ്പമല്ലെന്നും അവൻ എപ്പോഴും അവന്റെ അച്ഛനുമായി താരതമ്യപ്പെടുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Arjun Tendulkar scored a 34-ball 66 and took 3/11 in T20 Mumbai League 2026., Led ARCS Andheri to a dominant win against Bandra Blasters at Wankhede Stadium., R Ashwin lauded Arjun's grit, work ethic, and ability to handle pressure., Ashwin noted Arjun's resilience despite constant comparisons to Sachin Tendulkar.