സച്ചിനല്ല, റോൾ മോഡൽ ആരെന്ന് തുറന്നുപറഞ്ഞ് അർജുൻ തെണ്ടുൽക്കർ; മുംബൈ ഇന്ത്യൻസിനും മറുപടി

#ന്യൂസ് ഡെസ്ക്ക്
അർജുൻ തെണ്ടുൽക്കർ ഫോട്ടോ - എ.എൻ.ഐ.ani
അർജുൻ തെണ്ടുൽക്കർ ഫോട്ടോ - എ.എൻ.ഐ.ani

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ എന്ന നിലയിൽ അർജുൻ ടെണ്ടുൽക്കർ നേരിടുന്ന സമ്മർദങ്ങൾ ഏറെയാണ്. സച്ചിന്റെ മകൻ എന്ന ലേബലിൽ എപ്പോഴും വലിയ പ്രതീക്ഷകളാണ് താരത്തിന് മേലുള്ളതെങ്കിലും, പുറത്തുനിന്നുള്ള ഇത്തരം ചർച്ചകളിലല്ല തന്റെ ശ്രദ്ധയെന്ന് അർജുൻ ഒരഭിമുഖത്തിൽ വ്യക്തമാക്കി. ക്രിക്കറ്റിനോടുള്ള ആഗ്രഹംകൊണ്ടാണ് കളിക്കുന്നത്. ആർക്കും ഒന്നും തെളിയിച്ചുകൊടുക്കാനില്ലെന്നും അർജുൻ പറഞ്ഞു.

ഐ.പി.എൽ. സീസണിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ താരമാണ് അർജുൻ. മൂന്ന് സീസണുകളിൽ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്ന ശേഷമാണ് താരം പുതിയ ടീമിലെത്തിയത്. അച്ഛനല്ലാതെ മറ്റൊരു ക്രിക്കറ്റ് ഇതിഹാസത്തെ മാതൃകയായി കാണുന്നുണ്ടോ എന്ന ചോദ്യത്തിന് യുവരാജ് സിങ് എന്നായിരുന്നു ഉത്തരം. യുവരാജിന്റെ ബാറ്റിങ് ശൈലിയോടുള്ള താത്പര്യമാണ് അർജുൻ ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്.

മുംബൈയിൽ പന്തുകൊണ്ട് മികച്ച പ്രകടനം നടത്തിയിട്ടും കൂടുതൽ അവസരങ്ങൾ ലഭിച്ചില്ലെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, ആർക്കാണ് അങ്ങനെ തോന്നാത്തത് എന്നായിരുന്നു താരത്തിന്റെ മറുപടി. ആരും സൈഡ് ബെഞ്ചിൽ ഇരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ലഭിക്കുന്ന അവസരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഠിനാധ്വാനം ചെയ്യുകയാണ് വേണ്ടതെന്നും അർജുൻ വ്യക്തമാക്കി.