അന്ന് ഇന്ത്യയിൽ പുരുഷന്മാർക്കൊപ്പം, ഇനി അനയ ഓസ്‌ട്രേലിയയിൽ വിമൻസ് ബിഗ് ബാഷ് ലീഗിൽ

#സ്പോർട്സ് ഡെസ്ക്

സിഡ്‌നി: ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ അനയ ബംഗാറിന് ഓസ്‌ട്രേലിയയിലെ വനിതാ ബിഗ് ബാഷ് ലീഗ് ക്രിക്കറ്റിൽ കളിക്കാൻ അനുമതി. മുൻ ഇന്ത്യൻ താരവും ഇന്ത്യയുടെ ബാറ്റിങ് കോച്ചുമായിരുന്ന സഞ്ജയ് ബംഗാറാണ് അനയയുടെ അച്ഛൻ. ആൺകുട്ടിയായിട്ടായിരുന്നു ജനനം. ആര്യൻ ബംഗാർ എന്ന പേരിൽ സർഫറാാസ് ഖാനൊപ്പം മുംബൈയുടെ അണ്ടർ-18 ടീമിൽ കളിച്ചിട്ടുമുണ്ട്. പിന്നീടാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ട്രാൻസ്‌വുമണായി അനയ ബംഗാർ എന്ന പേര് സ്വീകരിച്ചത്.

അനയ തന്നെയാണ് തനിക്ക് ഓസ്‌ട്രേലിയയിൽ കളിക്കാനുള്ള പച്ചക്കൊടി ലഭിച്ച വിവരം വെളിപ്പെടുത്തിയത്. 'എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു സന്തോഷപ്രദമായ ദിവസമാണ്. ഇനി ഒരിക്കലും ക്രിക്കറ്റ് കളിക്കാൻ കഴിയില്ലെന്ന് ഞാൻ കരുതിയ ഒരു കാലമുണ്ടായിരുന്നു. ഇത് സാധ്യമാക്കിയ ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് നന്ദി'-അനയ പറഞ്ഞു.

ചില നിബന്ധനകളോടെയാണ് അനയയ്ക്ക് കളിക്കാനുള്ള അനുമതിപത്രം ക്രിക്കറ്റ് ഓസ്‌ട്രേലിയ നൽകിയിരിക്കുന്നത്. ഇതനുസരിച്ച് ഓസ്‌ട്രേലിയയിൽ എത്തിയാൽ സിറം ടെസ്‌റ്റൊസ്റ്റിറോൺ പരിശോധിക്കണം. ഇത് പന്ത്രണ്ട് മാസകാലയളവിൽ പത്ത് 10 നാനോമോൾസിൽ താഴെയാണെങ്കിൽ മാത്രമേ വനിതാ ക്രിക്കറ്റിൽ കളിക്കാൻ കഴിയൂ. എങ്കിൽ 2027 വരെ അനയയ്ക്ക് ഓസ്‌ട്രേലിയയിൽ കളിക്കാം. നേരത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ട്രാൻസ്‌ജെൻഡർ താരങ്ങളെ അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. വനിതാ ബിഗ് ബാഷ് ലീഗിൽ മാത്രമാണ് ഇവർക്ക് ഇപ്പോൾ കളിക്കാൻ അനുമതിയുള്ളത്. ഇന്ത്യയിൽ ഇതുവരെ ഇതുസംബന്ധിച്ച് വ്യക്തമായ ഒരു നിയമമോ മാർഗരേഖയോ ഇല്ല.