പിച്ചിൽ കുത്തി പന്ത് നേരേ ഗാലറിയിലേക്ക്; അനുവദിച്ചത് 5 റൺസ്, വിചിത്ര പന്തിൽ അന്തംവിട്ട് ക്രിക്കറ്റ് ലോകം

ടൊറന്റോ: കാനഡയിലെ വാൻകൂവറിലുള്ള ബിസി പ്ലേസിൽ നടന്ന കാനഡ സൂപ്പർ60 ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമി ഫൈനലിൽ യു.എസ്.എ പേസർ അലി ഖാൻ എറിഞ്ഞ വിചിത്രമായ ഒരു പന്ത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.
സെമി ഫൈനലിൽ മിസിസാഗ മാസ്റ്റേഴ്‌സും ടൊറന്റോ സിക്‌സേഴ്‌സും തമ്മിൽ നടന്ന മത്സരത്തിനിടെയായിരുന്നു ഈ വിചിത്ര സംഭവം. ടൊറന്റോയുടെ ഇന്നിങ്‌സിലെ ഒമ്പതാം ഓവറിലാണ് അപൂർവ സംഭവം നടന്നത്. മിസിസാഗയുടെ പേസറായ അലി ഖാൻ എറിഞ്ഞ ശക്തമായ ബൗൺസർ, ബാറ്റ്‌സ്മാൻ പൊള്ളാർഡിന്റെയും വിക്കറ്റ് കീപ്പറുടെയും തലയ്ക്ക് മുകളിലൂടെ പറന്ന് നേരിട്ട് ഗാലറിയിൽ ചെന്നു പതിക്കുകയായിരുന്നു.
പന്ത് നേരിട്ട് അതിർത്തി കടന്നത് കണ്ട് കമന്റേറ്റർമാരും ആരാധകരും അമ്പരന്നു. തുടക്കത്തിൽ ഇത് വൈഡും സിക്‌സറുമായി (6 റൺസ് വൈഡ്) കണക്കാക്കപ്പെടുമെന്ന് കരുതിയെങ്കിലും, അമ്പയർ പന്ത് വൈഡ് എന്ന് സിഗ്‌നൽ ചെയ്യുകയും അഞ്ചു റൺസ് അനുവദിക്കുകയും ചെയ്തു.
എംസിസി നിയമപ്രകാരം, സിക്‌സ് അനുവദിക്കുന്നതിന് പ്രത്യേക നിയമമുണ്ട്. ഇതാണ് അലി ഖാൻ എറിഞ്ഞ പന്തിൽ അഞ്ച് റൺസ് മാത്രം അനുവദിക്കാൻ കാരണം. പന്ത് ബാറ്റിൽ തട്ടിയാൽ മാത്രമേ സിക്‌സ് അനുവദിക്കാൻ വ്യവസ്ഥയുള്ളൂ. എംസിസി ചട്ടം 19.7.1-ലാണ് ഇക്കാര്യം പറയുന്നത്. ബാറ്റ് കൊണ്ട് അടിച്ചാൽ മാത്രമേ ഒരു പന്ത് അതിർത്തി കടക്കുമ്പോൾ 'ബൗണ്ടറി 6' ആയി അനുവദിക്കപ്പെടുകയുള്ളൂ. ചട്ടം 19.7.2 പ്രകാരം ബാറ്റ് തട്ടാതെ അതിർത്തി കടക്കുന്ന പന്ത്, ഗ്രൗണ്ടിൽ തൊടാതെ അതിർത്തി കടന്നാലും 'ബൗണ്ടറി 4' ആയി മാത്രമേ കണക്കാക്കൂ.
ഇതോടെയാണ് പന്ത് ബൗണ്ടറി കടന്നപ്പോൾ ലഭിച്ച നാലു റൺസും വൈഡിന്റെ ഒരു റണ്ണും ചേർത്ത് ഇവിടെ അഞ്ചു റൺസ് അനവദിക്കപ്പെട്ടത്.
സെമി ഫൈനലിൽ മിസിസാഗ മാസ്റ്റേഴ്‌സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ടൊറന്റോ സിക്‌സേഴ്‌സ് 10 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് അടിച്ചെടുത്തു. കീറോൺ പൊള്ളാർഡ് 16 പന്തിൽ 40 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ മിസിസാഗ മാസ്റ്റേഴ്‌സിനായി അലക്‌സ് ലീസ് 11 പന്തിൽ 39 റൺസ് നേടി പൊരുതി നോക്കിയെങ്കിലും ഒമ്പത് റൺസ് അകലെ മിസിസാഗയുടെ പോരാട്ടം അവസാനിച്ചു. ഇതോടെ ടൊറന്റോ സിക്‌സേഴ്‌സ് ഫൈനലിലെത്തുകയും ചെയ്തു.
Content Highlights: USA pacer Ali Khan bowled a bizarre bouncer over the batsman and wicketkeeper directly into the stands., The umpire awarded 5 runs (1 wide + 4 boundary runs) based on MCC Law 19.7.2., MCC rules state that a shot must touch the bat to be declared a formal 'boundary 6'., Toronto Sixers defeated Mississauga Masters to reach the Canada Super 60 tournament final.