അജിത് അഗാർക്കറുടെ ഭാവിയിൽ രണ്ട് ദിവസത്തിനകം തീരുമാനം; പുതിയ സെലക്ടർ വരുമോ?

മുംബൈ: ഇന്ത്യൻ ടീമിന്റെ മുഖ്യ സെലക്ടർ അജിത് അഗാർക്കറിന്റെ ഭാവിയുടെ കാര്യത്തിൽ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ ഭാരവാഹികളും അഗാർക്കറും ചർച്ച നടത്തുമെന്ന് സ്‌പോർട്‌സ്റ്റാറിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇരുവിഭാഗവും കാലാവധി നീട്ടുന്നതിനെ അനുകൂലമായി കാണുന്നുവെന്നും തുടക്കത്തിലുണ്ടായ ചില പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ രണ്ട് മാസമായി ബിസിസിഐ ഭാരവാഹികളും സെലക്ഷൻ കമ്മിറ്റി അംഗങ്ങളും തമ്മിൽ അസ്വാരസ്യങ്ങളുണ്ട്. സെപ്റ്റംബർ മൂന്നിന് നടന്ന ബിസിസിഐയുടെ അവലോകന യോഗത്തിൽ അഗാർക്കർ പങ്കെടുത്തിരുന്നില്ല. ഇതും ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി. അഗാർക്കറുടെ കരാർ കാലയളവ് ഒക്ടോബർ നാലിന് അവസാനിക്കും. അദ്ദേഹത്തിന് ഒരു വർഷം വരെ കാലാവധി നീട്ടി നൽകാം. എന്നാൽ ഇതുവരെ ബിസിസിഐ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. വെസ്റ്റിൻഡീസിനെതിരെയുള്ള ഇന്ത്യൻ ഏകദിന ടീമിനെ തീരുമാനിക്കുന്ന യോഗമായിരിക്കും അദ്ദേഹത്തിന്റെ അവസാന സെലക്ഷൻ യോഗം എന്നാണ് കരുതുന്നത്.
2023 ജൂലായ് നാലിനാണ് അഗാർക്കർ ബിസിസിഐ മുഖ്യ സെലക്ടറായി നിയമിതനായത്. സെലക്ഷൻ കമ്മിറ്റി തലവനായുള്ള അദ്ദേഹത്തിന്റെ കാലയളവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം 2024, 2026 ട്വന്റി 20 ലോകകപ്പുകളും 2025 ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കി. വിരാട് കോലി (ട്വന്റി 20, ടെസ്റ്റ്), രോഹിത് ശർമ്മ (ട്വന്റി 20, ടെസ്റ്റ്), രവിചന്ദ്രൻ അശ്വിൻ (അന്താരാഷ്ട്ര ക്രിക്കറ്റ്) തുടങ്ങിയ പ്രമുഖരുടെ വിരമിക്കലിനും അദ്ദേഹത്തിന്റെ കാലയളവ് സാക്ഷ്യം വഹിച്ചു. അദ്ദേഹത്തിന്റെ കരാർ 2026 ജൂണിൽ അവസാനിക്കേണ്ടതായിരുന്നുവെങ്കിലും ബോർഡ് മൂന്ന് മാസത്തെ കാലാവധി നീട്ടി നൽകുകയായിരുന്നു.
Content Highlights: Ajit Agarkar's future as BCCI chief selector will be decided within 48 hours following contract discussions., Agarkar's tenure saw India win the 2024 and 2026 T20 World Cups and the 2025 Champions Trophy., His current extension ends on October 4, with a one-year extension under discussion., He will chair the selection meeting on September 16 for the upcoming India vs West Indies ODI series.