പി.ഒ.കെ ഇന്ത്യയ്ക്ക് നൽകി അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്; വാളെടുത്ത് പാകിസ്താൻ

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
Photo: x.com/ACBofficials/
Photo: x.com/ACBofficials/

ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരേ നടക്കാനിരിക്കുന്ന ക്രിക്കറ്റ് പരമ്പരയ്ക്ക് മുന്നോടിയായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) പുറത്തുവിട്ട പ്രൊമോ വീഡിയോയെച്ചൊല്ലി വിവാദം. ഈ വീഡിയോയുടെ പേരിൽ പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിൽ പുതിയ നയതന്ത്ര തർക്കം ഉടലെടുത്തിരിക്കുകയാണ്. പ്രൊമോ വീഡിയോയിൽ കാണിച്ച ഇന്ത്യയുടെ ഭൂപടത്തിൽ പാക് അധീന കശ്മീരും ഗിൽജിത്-ബാൾട്ടിസ്ഥാനും ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ ചിത്രീകരിച്ചതാണ് പാകിസ്താനെ ചൊടിപ്പിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവെച്ചത്.

ഇതുമായി ബന്ധപ്പെട്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തങ്ങളുടെ കടുത്ത ആശങ്കകൾ പാക് വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഈ വിഷയം അന്താരാഷ്ട്ര തലത്തിൽ ഉയർത്തുന്ന കാര്യം പാകിസ്താന്റെ പരിഗണനയിലുണ്ടെന്നാണ് നയതന്ത്ര വൃത്തങ്ങൾ നൽകുന്ന സൂചന.

അതിർത്തി തർക്കങ്ങളും സുരക്ഷാ പ്രശ്‌നങ്ങളും കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതിനകം തന്നെ വഷളായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഭൂപട വിവാദം ഉണ്ടായിരിക്കുന്നത്. ഭീകര സംഘടനയായ തെഹ്‌രീകെ താലിബാൻ പാകിസ്താന് അഫ്ഗാൻ താലിബാൻ അഭയം നൽകുന്നുവെന്നും, പാകിസ്താനിൽ നടക്കുന്ന മാരകമായ ആക്രമണങ്ങൾക്ക് പിന്നിൽ ഇതാണെന്നുമാണ് പാകിസ്താന്റെ ആരോപണം. ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തി സംഘർഷങ്ങളും വ്യോമാക്രമണങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ സംഭവവികാസം.

Content Highlights: Afghanistan Cricket Board released a promo video for an upcoming series against India., The video's map includes Pakistan-administered Kashmir and Gilgit-Baltistan within India's borders., Pakistan Cricket Board raised serious concerns with the Pakistan foreign ministry., The incident worsens the already strained diplomatic and border relations between Pakistan and Afghanistan.