'അവന്റെ കളി പണംകൊടുത്ത് കാണാന്‍ മാത്രമുണ്ട്' -ഇന്ത്യന്‍ താരത്തെ പുകഴ്ത്തി ആദം ഗില്‍ക്രിസ്റ്റ്

ആദം ഗില്‍ക്രിസ്റ്റ് | Photo: PTI
ആദം ഗില്‍ക്രിസ്റ്റ് | Photo: PTI

ന്യൂഡല്‍ഹി: ക്രിക്കറ്റിലെ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്ററായിരുന്നു ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ്. ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ തിളങ്ങിയ താരം. ഓസ്‌ട്രേലിയക്ക് മൂന്ന് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട് അദ്ദേഹം. ഇന്ത്യന്‍ ക്രിക്കറ്റില്‍ പണംകൊടുത്ത് കളി കാണാന്‍ തക്ക കഴിവുള്ള ഒരു താരമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍ ഗില്‍ക്രിസ്റ്റ്. അത് രോഹിത് ശര്‍മയോ വിരാട് കോലിയോ അല്ല. ഒരിരുപത്താറുകാരനാണ്. 

അദ്ദേഹത്തിന്റെ ബാറ്റിങ് പണംകൊടുത്ത് കാണാന്‍വരെ തനിക്ക് ഇഷ്ടമാണെന്നാണ് ഗില്‍ക്രിസ്റ്റ് വ്യക്തമാക്കിയത്. കാറപകടത്തില്‍നിന്ന് അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെക്കുറിച്ചാണ് ഗില്‍ക്രിസ്റ്റ് ഇക്കാര്യം പറഞ്ഞത്. ഗില്‍ക്രിസ്റ്റിനെ ഓര്‍മിപ്പിക്കുന്ന ബാറ്റിങ് ശൈലിയുള്ള താരമാണ് പന്ത്. 

'ഋഷഭ് ക്രിക്കറ്റ് കളിക്കുന്നത് കാണാന്‍ ഞാന്‍ സന്തോഷത്തോടെ പണം നല്‍കും. എന്തെന്നാല്‍ അവന് ആ വിധത്തിലുള്ള ഗുണമേന്മയുണ്ട്. അവന്‍ ഒരു വിജയിയും അതിജീവിക്കുന്നവനുമാണ്. ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലെല്ലാം ക്ലാസാണ്. അവന്‍ നല്ല നര്‍മബോധമുള്ളവനാണ്. ഗൗരവതരമായ ഒരു ബിസിനസ് രസകരമായി നടത്താന്‍ അവനറിയാം' -ഗില്‍ക്രിസ്റ്റ് പറഞ്ഞു. 

കാറപകടത്തിനു പിന്നാലെ 21 മാസങ്ങള്‍ക്കുശേഷമാണ് പന്ത് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവന്നത്. മടങ്ങിവരവ് ടെസ്റ്റില്‍തന്നെ സെഞ്ചുറി നേടി. ടെസ്റ്റിലെ ആറാം സെഞ്ചുറി. 34 ടെസ്റ്റുകളില്‍നിന്നായി 2419 റണ്‍സാണ് പന്തിന്റെ സമ്പാദ്യം.
 

Content Highlights: adam gilchrist flattering rishabh pant