പവര്‍പ്ലേയില്‍ നിറഞ്ഞാടി അഭിഷേക്; അതിവേഗം അമ്പതിലേക്ക്, റണ്ണൗട്ടായി മടക്കം

ദുബായ്: ഏഷ്യാകപ്പില്‍ വീണ്ടും അര്‍ധസെഞ്ചുറിയോടെ തിളങ്ങി അഭിഷേക് ശര്‍മ. സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരേയാണ് അഭിഷേക് തകര്‍പ്പന്‍ ഇന്നിങ്‌സ് കാഴ്ചവെച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി അഭിഷേക് വെടിക്കെട്ട് നടത്തി. 37 പന്തില്‍ നിന്ന് ആറ് ഫോറിന്റെയും അഞ്ച് സികസ്‌റിന്റെയും അകമ്പടിയോടെ അഭിഷേക് 75 റണ്‍സെടുത്തു. റണ്ണൗട്ടായാണ് താരം പുറത്തായത്.
ആദ്യ മൂന്നോവറില്‍ കാര്യമായി റണ്‍സ് നേടാനായില്ലെങ്കിലും അതിന് ശേഷമാണ് അഭിഷേക് കത്തിക്കയറിയത്. ബംഗ്ലാദേശ് ബൗളര്‍മാരെ പ്രഹരിച്ച അഭിഷേക് അതിവേഗം അമ്പതിലെത്തി. ഏഴോവര്‍ അവസാനിക്കുമ്പോള്‍ 81-1 എന്ന നിലയിലായിരുന്നു ഇന്ത്യ. ആ ഘട്ടത്തില്‍ 49 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. എട്ടാം ഓവറില്‍ അര്‍ധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. തകര്‍ത്തടിച്ച താരം 12-ാം ഓവറില്‍ റണ്ണൗട്ടാകുകയായിരുന്നു. അത് ഇന്ത്യയുടെ റണ്‍റേറ്റിനെ കാര്യമായി ബാധിച്ചു. ഒടുക്കം 168 റണ്‍സ് മാത്രമാണ് ടീമിനെടുക്കാനായത്.
കഴിഞ്ഞ മത്സരത്തിലും പാകിസ്താനെതിരേ അഭിഷേക് വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കുന്നതാണ് കണ്ടത്. ഇന്നിങ്‌സിന്റെ ആദ്യ പന്ത് തന്നെ ഷഹീന്‍ അഫ്രീദിയെ അതിര്‍ത്തികടത്തിയാണ് അഭിഷേക് തുടങ്ങിയത്. പിന്നാലെ പാക് ബൗളര്‍മാരെ അഭിഷേക് നിലംതൊടീച്ചില്ല. 39 പന്തില്‍ നിന്ന് 74 റണ്‍സെടുത്താണ് അഭിഷേക് പുറത്തായത്. ആറുഫോറുകളും അഞ്ച് സിക്‌സറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
യുഎഇക്കെതിരായ ആദ്യ മത്സരത്തില്‍ 16 പന്തില്‍ 30 റണ്‍സാണ് അടിച്ചെടുത്തത്. പാകിസ്താനെതിരായ രണ്ടാം ഗ്രൂപ്പ് മത്സരത്തില്‍ 13 പന്തില്‍ നിന്ന് അഭിഷേക് 31 റണ്‍സെടുത്തു. ഒമാനെതിരേയും തകര്‍ത്തടിച്ച അഭിഷേക് 15 പന്തില്‍ നിന്ന് 38 റണ്‍സാണെടുത്തത്.
Content Highlights: abhishek sharma, india, asia cup, cricket, india vs bangladesh