ഫോറും സിക്സറും ചേർന്ന് മാത്രം 102 റൺസ്! രോഹിത്തിനെയും മറികടന്ന് അഭിഷേകിന്റെ വെടിക്കെട്ട് പൂരം

ന്യൂഡൽഹി: ടി20 ക്രിക്കറ്റിൽ റെക്കോഡ് പ്രകടനവുമായി ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ. അഫ്ഗാനെതിരായ മൂന്നാം ടി20 യിൽ വെടിക്കെട്ട് സെഞ്ചുറി കുറിച്ചാണ് അഭിഷേക് ചരിത്രമെഴുതിയത്. 30 പന്തിൽ സെഞ്ചുറി നേടിയ താരം ഒരു ഇന്ത്യൻ താരത്തിന്റെ അതിവേഗ ടി20 സെഞ്ചുറിയും കുറിച്ചു. മത്സരത്തിൽ 34 പന്തിൽ 108 റൺസെടുത്താണ് അഭിഷേക് മടങ്ങിയത്.
രോഹിത് ശർമയെ മറികടന്നാണ് അഭിഷേക് റെക്കോഡ് കുറിച്ചത്. 35 പന്തിലാണ് രോഹിത് ശർമ സെഞ്ചുറി നേടിയിരുന്നത്. 2017 ൽ ലങ്കയ്‌ക്കെതിരേയായിരുന്നു രോഹിത്തിന്റെ ഈ പ്രകടനം. പട്ടികയിൽ മൂന്നാമതും അഭിഷേക് തന്നെയാണ്. 2025-ൽ 37 പന്തിൽ അഭിഷേക് സെഞ്ചുറി തികച്ചിരുന്നു. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളിലെ താരങ്ങളിലെ അതിവേഗ സെഞ്ചുറിയാണ് അഭിഷേകിന്റെത്.
മാത്രമല്ല, അന്താരാഷ്ട്ര ടി20 യിൽ ആദ്യ ആറോവറിലെ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറും അഭിഷേക് കുറിച്ചു. ആദ്യ ആറോവറിൽ 22 പന്തുകൾ നേരിട്ട അഭിഷേക് 76 റൺസാണ് അടിച്ചെടുത്തത്. പോർച്ചുഗലിന്റെ കുൽദീപ് ഗോലിയയുടെ റെക്കോഡാണ് അഭിഷേക് മറികടന്നത്. കുൽദീപ് 25 പന്തിൽ 74 റൺസാണെടുത്തത്. അതേസമയം അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ മൂന്നാമത്തെ അതിവേഗ സെഞ്ചുറിയാണിത്. 27 പന്തിൽ സെഞ്ചുറി തികച്ച എസ്റ്റോണിയയുടെ സഹിൽ ചൗഹാനാണ് അതിവേഗ സെഞ്ചുറിയുടെ റെക്കോഡ്.
മത്സരത്തിൽ ആദ്യ ഓവറുകൾ മുതൽതന്നെ അഭിഷേക് ശർമ അടിച്ചുതുടങ്ങി. ആദ്യ രണ്ടോവറിൽ ടീം 22 റൺസിലെത്തി. മൂന്നാം ഓവറിൽ അഭിഷേകിന്റെ താണ്ഡവമായിരുന്നു. രണ്ട് സിക്‌സറും രണ്ട് ഫോറും ഉൾപ്പെടെ അഭിഷേക് ഓവറിൽ 22 റൺസെടുത്തു. നാലാം ഓവറിൽ 11 റൺസ് പിറന്നതോടെ ഇന്ത്യൻ സ്‌കോർ അമ്പത് കടന്നു.
അഞ്ചാം ഓവറിൽ സഞ്ജുവും വെടിക്കെട്ടിന് തിരികൊളുത്തി. മുഹമ്മദ് നബി എറിഞ്ഞ ഓവറിലെ ആദ്യ രണ്ട് പന്തുകളും സഞ്ജു അതിർത്തികടത്തി. പിന്നാലെ അഭിഷേക് സിക്‌സറോടെ അർധസെഞ്ചുറി തികച്ചു. 16 പന്തിലാണ് ഫിഫ്റ്റി തികച്ചത്. പിന്നീട് ഫോറും സിക്‌സറും അടിച്ചതോടെ ഓവറിൽ പിറന്നത് 29 റൺസ്. ആറാം ഓവറിലും അഭിഷേക് കത്തിക്കയറി. ഓവറിൽ 15 റൺസാണ് ഇന്ത്യൻ സഖ്യം അടിച്ചെടുത്തത്. അതോടെ, ആറോവറിൽ ഇന്ത്യ നൂറുറൺസിലെത്തി.
വെടിക്കെട്ട് തുടർന്ന അഭിഷേക് ഒൻപതാം ഓവറിൽ സെഞ്ചുറിയും തികച്ചു. 30 പന്തിലാണ് താരം മൂന്നക്കം തൊട്ടത്. പിന്നാലെ പത്താം ഓവറിൽ താരം പുറത്തായി. 34 പന്തിൽ ഒൻപത് ഫോറുകളുടെയും 11 സിക്‌സറുകളുടെയും അകമ്പടിയോടെയാണ് അഭിഷേക് 108 റൺസെടുത്തത്.
Content Highlights: Abhishek Sharma scored a record-breaking century in just 30 balls against Afghanistan., Broke Rohit Sharma's previous record of a 35-ball T20 century for India