ചൈനയിൽ ചൈനയെ കീഴടക്കി: സാത്വിക്-ചിരാഗ് സഖ്യത്തിന് കിരീടം

#സ്പോർട്സ് ഡെസ്ക്
സാത്വിക്കും ചിരാഗും. ഫയൽ ചിത്രം
സാത്വിക്കും ചിരാഗും. ഫയൽ ചിത്രം

ഗ്വാങ്‌ഡോങ് (ചൈന): സ്വപ്‌നതുല്ല്യമായ തിരിച്ചുവരവിലൂടെ ചൈനയിൽ ചൈനയെ തന്നെ കീഴടക്കി ഇന്ത്യൻ സഖ്യത്തിന് കിരീടം. ചൈന മാസ്‌റ്റേഴ്‌സ് ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ സാത്വിക് സായിരാജ് രാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി ജോഡിയാണ് കോർട്ടിലെ ചൈനീസ് ആധിപത്യത്തെ ചൈനയിൽ വച്ചു തന്നെ തകർത്ത് കിരീടം നേടിയത്. ഫൈനലിൽ അവർ ചൈനയുടെ ഹെ ജി ടിങ്-റെൻ ഷിയാങ് യുവിനെയാണ് ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് തോൽപിച്ച് കിരീടം നേടിയത്. മത്സരം ഒരു മണിക്കൂറും പത്ത് മിനിറ്റും നീണ്ടുനിന്നു. ആദ്യ ഗെയിം അനായാസം വിട്ടുകൊടുത്തശേഷം ഉജ്വലമായി തിരിച്ചുവന്നാണ് സാത്വിക്കും ചിരാഗും കിരീടം നേടിയത്. സ്‌കോർ: 11-21, 21-13, 21-17.

ചൈന മാസ്‌റ്റേഴ്‌സിൽ ഇതാദ്യമായാണ് ഇവർ കിരീടം നേടിയത്. 2023ലും 2025ലും അവർ ഫൈനലിൽ പ്രവേശിച്ചിരുന്നെങ്കിലും രണ്ടു തവണയും കലാശപ്പോരിൽ അടിതെറ്റി. 2023ൽ ചൈനീസ് ജോഡിയും 2025ൽ ദക്ഷിണ കൊറിയൻ ടീമുമാണ് അവരെ തോൽപിച്ചത്. ലോക അഞ്ചാം റാങ്കുകാരായ ഇവർ ഈ വർഷം നേടുന്ന രണ്ടാമത്തെ കിരീടമാണിത്. നേരത്തെ സിംഗപ്പൂർ ഓപ്പണിലും ഇവർ കിരീടം നേടിയിരുന്നു. എന്നാൽ, തായ്‌ലൻഡ് ഓപ്പണിൽ ഫൈനലിൽ പരാജയപ്പെട്ടു.

Content Highlights: Satwiksairaj Rankireddy and Chirag Shetty won the China Masters badminton title., They defeated China's He Ji Ting and Ren Xiang Yu in the final., Match score: 11-21, 21-13, 21-17 in a thrilling three-game battle., This is their second title win of the year following the Singapore Open.