തൃശ്ശൂരിൻ്റെ വിശേഷ 'തൃ'

'തൃ' ഐശ്വര്യത്തെ സൂചിപ്പിക്കുന്നു. തൃശ്ശൂർ പൂരം മേയ് ആറിന് കണ്ണിലും കാതിലും മെയ്യിലും പടരുമ്പോൾ 'തൃ' ന് മൂന്ന് എന്നതിലപ്പുറം അർഥമേറും.
വാക്കുകൾക്കു മുൻപിൽ സമാസിക്കുന്ന പദമാണ് 'തൃ'. നൃത്തരൂപത്തെയും യോഗമുദ്രയെയും ഇത് ഓർമിപ്പിക്കും. പ്രായേണ ഇതൊരു ആശ്വാസമാണ്. തൃക്കൈ, തൃപ്പാദം, തൃക്കഴൽ, തൃക്കാപ്പ്, തൃക്കാഴ്ച, തൃത്തായമ്പകയിലൂടെ ഇത് ആഹ്ളാദജനകം. തൃപ്പുകയിൽ ഇത് തീരില്ല. തൃശ്ശൂലത്തിലേക്കും തൃക്കണ്ണ് തുറന്ന് തൃണവത്‌കൃതമാക്കുന്നതിലേക്കും വാക്ക് പറക്കും.
തൃശ്ശൂരിന് ഇത് 'തൃ' ആഹ്ളാദത്തിന്റെ പൂരവർഷമാണ്. ജില്ലയായി പിറന്നതിന്റെ 75-ാം വർഷം, ചലച്ചിത്രത്തിന്റെ വ്യാവസായികപ്രദർശനത്തിന് തുടക്കമിട്ട തൃശ്ശൂരുകാരനായ കാട്ടൂക്കാരൻ വാറുണ്ണി ജോസഫിന്റെ ചരമശതാബ്ദിവർഷം, കണ്ണിലും കാതിലുമടക്കമല്ല മെയ്യ് മുഴുവൻ പെയ്‌തിറങ്ങുന്ന മേട-മേയ് മാസക്കാല പൂരവർഷം.
1949 ജൂലായ് ഒന്നിനാണ് തൃശ്ശൂർ ഒരു ജില്ലയായത്. 2024 ജൂലായ് മുതൽ 75 വർഷത്തിന്റെ ഓട്ടത്തിലാണ് സംസ്കാരികജില്ല. 'സ്വർണവ്യവസായജില്ല'യ്ക്കിത് യാദൃച്ഛിക ആഘോഷക്കാലം (“ന്തൂട്ട് വേണേലും വിളിച്ചോ, പ്ളാറ്റിനമെന്നോ ഡയമണ്ടെന്നോ, മ്മ്ടെ കച്ചോടം നന്നായാൽ ഡീസന്റായീ”ന്ന് തൃശ്ശൂര് കച്ചോടക്കാർ),
1907-ലെ പൂരം പ്രദർശനത്തിലാണ് കെ.ഡബ്ള്യു. ജോസഫ് കേരളത്തിൽ ആദ്യമായി ചലച്ചിത്രപ്രദർശനം തുടങ്ങിയതെന്ന് ചരിത്രം. മലയാളികൾക്കായി ആദ്യമായി ചലച്ചിത്രപ്രദർശനം നടത്തിയ മലയാളിയാണ് ജോസഫ്. 1871 നവംബർ 26-ന് ഒല്ലൂരിൽ ജനിച്ച് വ്യവസായിയായി തൃശ്ശൂരിൽ നിറഞ്ഞുനിന്ന ജോസഫ് 1925 മേയ് 26-ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ചരമശതാബ്ദിവർഷ-മാസമാണിത് (“മ്മ്‌ള് ഡാവടിക്കില്ല, പൊതിയഴിക്കില്ല. ഇതിപ്പോ ങ്ങ്‌ള് കണ്ടോണ്ടിരിക്കണ സിനിമയ്ക്ക് മ്മ്ടെ തൃശ്ശൂര്ന്നാണ് തുടക്കം, മച്ചു”.)
പൂരം "ക്രുവലസ്റ്റ് മന്ത്' ആയ ഏപ്രിലിലും പിന്നെ മേയിലും എത്തും. ഇത്തവണ മേയിലാണ് പൂരം (“അതെന്തൂട്ടായാലും മ്മ്‌ള് കൈമെയ് മറന്ന് അങ്ങട് ഒര് ജാതി പെടപെടയ്ക്കും, പൂരത്തിന് ജാതീം മതോന്നും ഇല്ലെന്റിഷ്ടാ”). തീർന്നില്ല, മൂന്നുവിശേഷം. തൃ...ശ്ശൂ...ര്... എന്നു പറയുമ്പൊത്തന്നെയുണ്ട് ഒരു വൈബ്. താളമാണ് തൃശ്ശൂരിന്റെ ജീവൻ, വർത്തമാനത്തിന്റെയും മേളത്തിന്റെയും ഒരു ഗുമ്മ്, പിന്നെ മരണത്തിൽപ്പോലും മേളിക്കുന്ന തമാശ (“ന്തൂട്ടാണ്ടാ ചിരിക്ക്‌ണ്, നിന്റപ്പൻ ചത്താ...”)
ഒന്ന്, രണ്ട്, മൂന്ന് എന്നാണ് വട്ടംചൊല്ലൽ. തൃശ്ശൂർ നഗരിയും ഒരു വട്ടമാണ്, സ്വരാജ് റൗണ്ട് (ഇതുപോലൊരു സെറ്റപ്പ് ലോകത്ത് വേറെയെവിടെയാണിഷ്ടാന്ന് 'പുണ്യാളൻ അഗർബത്തീസ്) ഇവിടെ വരുന്ന എല്ലാവരും വടക്കുന്നാഥനെ ചുറ്റി വട്ടമിടും അതും ഒരു പ്രാർഥനയാണ് 'തൃ' ലോകത്തുനിന്നും മനുഷ്യ-ദേവാചലങ്ങൾ ഈ പൂരാഘോഷത്തിന് സാക്ഷിയാകും! കേരളത്തെ തെക്ക്, വടക്ക്, മധ്യം എന്ന് ഭാഗിച്ചാൽ തൃശ്ശൂർ തൃ മൂന്നാമത്, മധ്യത്തിലാകും. (മറ്റേ മദ്യമല്ലെന്നും മ്മ്‌ളിങ്ങനെ ചുരുളില്ലെന്നും തൃശ്ശൂരുകാര്).
മൂന്ന് 'ശൂരു'കളാണ് തൃശ്ശൂരെന്ന് പറഞ്ഞതാരാണ്! ഇലയിൽ ചൂടോടെ വീഴുന്ന പായസത്തിന്റെ 'ശൂര്', ആനപ്പിണ്ടത്തിന്റെ 'ശൂര്", കരിമരുന്നിന്റെ 'ശൂര്' പൂരവും വെടിക്കെട്ടും ഇടയ്ക്കിടെ ത്രിശങ്കുവിലാകും. ആ 'ത്രി' ഈ 'തൃ' ആണോന്ന് ശങ്കിക്കാനൊന്നും തൃശ്ശൂരുകാർക്ക് നേരമില്ല. (മ്മ്‌ള് പൊളിക്കും, സമയമാവുമ്പോ 'അമിട്ടാ പൊട്ടും മേപ്പട്ടാ പോവും പിന്നെ ശൂ...).
Content Highlights: thrissur pooram 2025