പതഞ്ജലി മുതല്‍ ചാണക്യന്‍ വരെ

ചാണക്യ
ചാണക്യ

ക്രി.മു. രണ്ടാം നൂറ്റാണ്ടില്‍ഭാരതത്തില്‍ ജീവിച്ചിരുന്ന മഹര്‍ഷിയാണ് പതഞ്ജലി. ഒരു ശാസ്ത്രീയ ആരോഗ്യപരിശീലന മാര്‍ഗ്ഗമായി യോഗയെ ആദ്യമായി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത് പതഞ്ജലിയാണ്. മഹാഭാഷ്യമെന്ന ഭാഷാവ്യാകരണഗ്രന്ഥം രചിച്ചതും പതഞ്ജലിയാണ്.

പതഞ്ജലിയുടെ ജീവിതകാലം സംബന്ധിച്ചും പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. ബി.സി.185-ല്‍ചിദംബരത്ത് ജനിച്ച അദ്ദേഹം പാടലീപുത്രത്തിലാണ് ജീവിച്ചിരുന്നതെന്നു കരുതുന്നു. പുഷ്യമിത്രന്റെ കാലത്ത് രണ്ട് അശ്വമേധയാഗങ്ങളില്‍ മുഖ്യപുരോഹിതന്‍ അദ്ദേഹമായിരുന്നു എന്നു ചില രേഖകള്‍ അടിസ്ഥാനപ്പെടുത്തി നിരൂപകള്‍ ചൂണ്ടികാട്ടുന്നു. കുറെക്കാലം കശ്മീരിലും ജീവിച്ച അദ്ദേഹം ബി.സി.149-ലാണ് മരിച്ചതെന്ന് ഒരു വിഭാഗം പണ്ഡിതര്‍ വാദിക്കുന്നു.

പൂജ്യം ഉപയോഗിച്ചുള്ള ക്രിയകള്‍ക്ക് ആദ്യമായി നിയമങ്ങളുണ്ടാക്കിയ ഗണിതശാസ്ത്രജ്ഞനാണ് ബ്രഹ്‌മഗുപ്തനെന്ന് ഗവേഷകര്‍ പറയുന്നു.ന്യൂമറിക്കല്‍ അനാലിസിസ് എന്നറിയപ്പെടുന്ന ഗണിതശാസ്ത്രശാഖയുടെ തുടക്കം ബ്രഹ്‌മഗുപ്തനില്‍ നിന്നാണെന്നു കരുതപ്പെടുന്നു. ഗണകചക്രചൂഢാമണി എന്ന വിശേഷണവും അദ്ദേഹത്തിനുണ്ടായിരുന്നു. ഗുജറാത്തിലെ ഭില്ലാമലയില്‍ എ.ഡി. 598-ല്‍ ബ്രഹ്‌മഗുപ്തന്‍ ജനിച്ചു. ചാപരാജവംശത്തില്‍ പെട്ട വ്യാഘ്രമുഖ രാജാവിന്റെ കൊട്ടാരസദസ്സിലെ ജ്യോതിഷിയായിരുന്നു അദ്ദേഹമെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ബ്രഹ്‌മസ്ഫുട സിദ്ധാന്തമാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി.ബ്രഹ്‌മസിദ്ധാന്തമെന്ന പഴയ ജ്യോതിഷകൃതിയുടെ തെറ്റുതിരുത്തി പരിഷ്‌ക്കരിച്ച രൂപമായിരുന്നു ബ്രഹ്‌മഗുപ്തന്റെ കൃതി. അറബിയുള്‍പ്പെടെ ഒട്ടേറെ വിദേശഭാഷകളിലേക്ക് ഇത് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഭാരതീയ ഗണിതചിന്തകരില്‍ പ്രമുഖനാണ് ഭാസ്‌കരാചാര്യന്‍. പ്രശസ്തനായ ജ്യോതിശാസ്ത്രജ്ഞനും കൂടി ആണദ്ദേഹം. ഗണിത ജ്യോതിശാസ്ത്ര പഠനങ്ങളില്‍ ഉപമാസമ്പുഷ്ടങ്ങളായ കവിതാശകലങ്ങള്‍ ചേര്‍ത്തതുവഴി കാളിദാസന്റെ കവിത്വമുള്ള ശാസ്ത്രജ്ഞന്‍ എന്നാണ് ഭാസ്‌കരാചാര്യന്‍ അറിയപ്പെടുന്നത്.

ഇദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്ത്യ രണ്ടാമത് വിക്ഷേപിച്ച് കൃത്രിമോപഗ്രഹത്തിന് ഭാസ്‌കര എന്നാണ് പേര് നല്‍കിയിരിക്കുന്നത് സ്വന്തം പുസ്തകമായ സിദ്ധാന്തശിരോമണിയില്‍ എഴുതിയിട്ടുള്ള വിവരങ്ങളേ അദ്ദേഹത്തിനേ കുറിച്ചറിയുകയുള്ളു. ക്രി.ശേ 1114-ല്‍ ആണ് ജനിച്ചതെന്ന് സിദ്ധാന്തശിരോമണിയില്‍ നിന്ന് മനസ്സിലാക്കാം. അച്ഛന്‍ മഹേശ്വരന്‍ ഒരു ജ്യോതിശാസ്ത്രപണ്ഡിതനായിരുന്നുവെന്നും, സഹ്യപര്‍വതത്തിന്റെ താഴ്വരയിലുള്ള 'വിജ്ജഡവിടം' ആണ് തന്റെ സ്വദേശം എന്നും അദ്ദേഹം സിദ്ധാന്തശിരോമണിയിലെ ഗോളാദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്നു.
വിജ്ജഡവിടം എവിടെയാണന്നതു സംബന്ധിച്ച് ഇന്നും തര്‍ക്കം നിലനില്‍ക്കുന്നുവെങ്കിലും, മദ്ധ്യകേരളം മുതല്‍ മംഗലാപുരം വരെയുള്ള പ്രദേശത്തിനിടക്കെവിടെയോ ആണെന്നാണ് പൊതുവേ കരുതുന്നത്. ഭാസ്‌കരാചാര്യന്റെ കൃതികള്‍ക്ക് കേരളത്തിലുണ്ടായിരുന്ന വമ്പിച്ച പ്രചാരവും ഈ വിശ്വാസത്തിനു ശക്തി പകരുന്നു. 'മഹാഭാസ്‌കരീയം, ലഘുഭാസ്‌കരീയം, ആര്യഭടീയഭാഷ്യം, സിദ്ധാന്തശിരോമണി, കരണകുതൂഹലം തുടങ്ങിയവയാണ് ഭാസ്‌കരാചാര്യന്റെ പ്രധാന കൃതികള്‍.

മഹാഭാസ്‌കരീയം ആര്യഭടന്റെ ആര്യഭടീയത്തിലെ മൂന്നാദ്ധ്യായങ്ങളുടെ വിസ്തരിച്ചുള്ള വ്യാഖ്യാനമാണ്. ലഘുഭാസ്‌കരീയമാകട്ടെ മഹാഭാസ്‌കരീയത്തിന്റെ സംക്ഷിപ്തരൂപവും. വ്യാഖ്യാനങ്ങളാണെങ്കിലും സമ്പൂര്‍ണ കൃതികളുടെ നിലയും വിലയും ഈ പുസ്തകങ്ങള്‍ക്കുണ്ട്. വളരെ ലളിതമാണ് പ്രതിപാദനരീതി.

ഭാസ്‌കരാചാര്യന്റെ ഏറ്റവും പ്രശസ്തമായ നിരീക്ഷണങ്ങള്‍ ലീലാവതിയിലാണ്. ലീലാവതിയില്‍ എട്ടുതരം ഗണിതക്രിയകളെ പരാമര്‍ശിക്കുന്നു. പരികര്‍മ്മാഷ്ടകം എന്നാണ് ആ ഭാഗത്തിന്റെ പേര്. അക്ബറുടെ ഭരണകാലത്ത് ലീലാവതി പേര്‍ഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ലീലാവതി എന്ന സുന്ദരിക്ക് ഗണിതവിജ്ഞാനം പകര്‍ന്നു കൊടുക്കുന്നു എന്ന മട്ടിലാണ് ലേഖനരീതി. ലീലാവതിയുടെ അംഗലാവണ്യം പോലും ഗണിതരൂപത്തില്‍ വര്‍ണ്ണിക്കാന്‍ ഭാസ്‌കരാചാര്യന്‍ ശ്രദ്ധിച്ചിരുന്നു. ഏതൊരു സംഖ്യയേയും പൂജ്യം കൊണ്ടു ഹരിച്ചാല്‍ ഫലം അനന്തതയാണെന്നും. അനന്തസംഖ്യയെ ഏതു തരത്തില്‍ ഗണിച്ചാലും ഫലം അനന്തത തന്നെയായിരിക്കും എന്നും ഭാസ്‌കരന്‍ പഠിപ്പിച്ചു.

പുരാതന കാലത്തെ പ്രസിദ്ധനായ ആയുര്‍വേദാചാര്യനാണ് വാഗ്ഭടന്‍. ആയുര്‍വേദത്തിലെ ത്രിമൂര്‍ത്തികളില്‍, ചരകനും സുശ്രുതനും കഴിഞ്ഞാല്‍, മൂന്നാമനായി വാഗ്ഭടന്‍ കണക്കാക്കപ്പെടുന്നു. സിന്ധുദേശത്ത് പന്ത്രണ്ടാം ശതകത്തില്‍ വാഗ്ഭടന്‍ ജിവിച്ചിരുന്നതായി കരുതപ്പെടുന്നു അഷ്ടാംഗഹൃദയം, അഷ്ടാംഗസംഗ്രഹം എന്നീ ആയുര്‍വേദഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.

ബുദ്ധമത അനുയായിയായിരുന്നു വാഗ്ഭടന്‍. ബുദ്ധമതപ്രചരണാര്‍ത്ഥം ഒൻപതാം നൂറ്റാണ്ടില്‍ അദ്ദേഹം ശ്രീലങ്ക വഴി കേരളത്തിലെത്തുകയും അങ്ങനെ കേരളീയര്‍ക്ക് അദ്ദേഹത്തിലൂടെ അഷ്ടാംഗഹൃദയവും അഷ്ടാംഗസംഗ്രഹവും അറിയാനിടയാകുകയും ചെയ്തു.വാഗ്ഭടന്റെ പിതാവ് സിംഹഗുപ്തനാണെന്നും ഗുരു ബുദ്ധമതക്കാരനായ അവലോകിതനുമായിരുന്നു എന്നാണ് പണ്ഡിത മതം. ചൈനീസ് സഞ്ചാരികള്‍ യാത്രാക്കുറിപ്പുകളില്‍ വാഗ്ഭടനെ പരാമര്‍ശിച്ചിട്ടുണ്ട്.

അഷ്ടാംഗഹൃദയം വാഗ്ഭടന്‍ രചിക്കാനിടയായതിനെക്കുറിച്ച് ഒരു ഐതിഹ്യമുണ്ട്. ധന്വന്തരി മഹര്‍ഷി ഒരിക്കല്‍ ഒരു പക്ഷിയുടെ രൂപത്തില്‍ വൈദ്യന്‍മാരെ പരീക്ഷിക്കാനെത്തി. 'ആരാണ് രോഗമില്ലാത്തയാള്‍?' എന്നായിരുന്നു പക്ഷിയുടെ ചോദ്യം. അതിന് വൈദ്യന്‍മാരൊന്നും കൃത്യമായ ഉത്തരം നല്‍കിയില്ല. ഒടുവില്‍, സിന്ധു ദേശത്ത് പാര്‍ത്തിരുന്ന വാഗ്ഭടന്‍ എന്ന പ്രസിദ്ധ വൈദ്യന്‍ പക്ഷിക്ക് ഇങ്ങനെ മറുപടി നല്‍കി, 'ഹിതഭുക്, മതിഭുക്, അശാകഭുക്'(ഹിതമായി ഭക്ഷിക്കുന്നവന്‍, മിതമായി ഭക്ഷിക്കുന്നവന്‍, ഇലക്കറി മാത്രം കൂട്ടി ഭക്ഷിക്കാത്തയാള്‍). വാഗ്ഭടന്റെ ഉത്തരത്തില്‍ സംതൃപ്തനായ ധന്വന്തരി, അദ്ദേഹത്തെ അനുഗ്രഹിച്ചു. അഷ്ടാംഗഹൃദയം രചിക്കാന്‍ പറഞ്ഞിട്ട് പോവുകയും ചെയ്തു എന്നാണ് കഥ
സുശ്രുതസംഹിത, ചരകസംഹിത എന്നിവയെ അവലംബിച്ചാണ് വാഗ്ഭടന്‍ അഷ്ടാംഗഹൃദയം രചിച്ചത്. കായം (ശരീരം), ബാലം(ബാലചികിത്സ), ഗ്രഹം (കുട്ടികളെ ദുരിതത്തിലാക്കുന്ന ബാധകളെ ഒഴിപ്പിക്കല്‍), ഊര്‍ധ്വം, ശല്യം, ദംഷ്ട്രം (വിഷചികിത്സ), ജര (രസായന ചികിത്സ), വൃഷം  (വാജീകരണം) എന്നിവയാണ് ആയുര്‍വേദത്തിലെ എട്ട് അംഗങ്ങള്‍. ഇവയുടെയെല്ലാം സാരസംഗ്രഹമാണ് അഷ്ടാംഗഹൃദയം. സൂത്രം, ശാരീരം, നിദാനം, ചികിത്സ, കല്‍പം, ഉത്തരം എന്നിങ്ങനെ ആറ് സ്ഥാനങ്ങളും, അവയിലൊക്കെക്കൂടി 120 അധ്യായങ്ങളും ഈ ഗ്രന്ഥത്തിലുണ്ട്.

ഉത്തരേന്ത്യയില്‍ ബുദ്ധമതത്തിന് പ്രചാരം കുറഞ്ഞപ്പോള്‍ ബുദ്ധമതാനുയായിയായിരുന്ന വാഗ്ഭടന്‍ എട്ടാം നൂറ്റാണ്ടില്‍ ശ്രീലങ്കയിലേക്ക് കുടിയേറുകയും അങ്ങനെ അദ്ദേഹത്തിന്റെ അഷ്ടാംഗഹൃദയവും അഷ്ടാംഗസംഗ്രഹവും ശ്രീലങ്കയില്‍ പ്രചരിപ്പിക്കപ്പെട്ടു എന്നും പറയപ്പെടുന്നു.ശ്രീലങ്കയില്‍ നിന്നാണ് ബുദ്ധമതം കേരളത്തിലെത്തിയത്. ഒന്‍പതാം നൂറ്റാണ്ടില്‍ ബുദ്ധമതപ്രചരണത്തിന് വാഗ്ഭടന്‍ കേരളത്തിലെത്തിയിരുന്നതായി കരുതപ്പെടുന്നു. അതോടൊപ്പം അദ്ദേഹത്തിന്റെ രണ്ടു ഗ്രന്ഥങ്ങള്‍ക്കും കേരളത്തില്‍ പ്രചാരം സിദ്ധിച്ചു.കേരളത്തില്‍ ഏറെ പ്രചാരമുണ്ടായ ഒന്നാണ് അഷ്ടാംഗഹൃദയ ചികിത്സാസമ്പ്രദായം. വടക്കേ ഇന്ത്യയില്‍ ചരകസംഹിതക്കായിരുന്നു അന്ന് പ്രാധാന്യം.വാഗ്ഭടശിഷ്യരായ ഇന്ദു, ജജ്ജടന്‍ എന്നിവര്‍ കേരളത്തിലാണ് വസിച്ചിരുത. അതാണ് ഈ ചികിത്സാരീതിക്ക് കേളത്തില്‍ ഏറെ പ്രചാരം ലഭിച്ചതിന് കാരണമെന്നൊരു വാദമുണ്ട്.

ക്രി.മു. ആറാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ജീവിച്ചിരുന്ന ഒരുശസ്ത്രക്രിയാവിദഗ്ദ്ധനായിരുന്നു സുശ്രൂതന്‍. സുശ്രൂതസംഹിത എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തിന്റെ കര്‍ത്താവുമാണ്. 300 ശസ്ത്രക്രിയാരീതികളെക്കുറിച്ചും 120 ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്ന ഈ ഗ്രന്ഥത്തില്‍ മനുഷ്യശസ്ത്രക്രിയയെ എട്ടായി തരംതിരിച്ചിരിക്കുന്നു. വൈദ്യശാസ്ത്രത്തിനും ശസ്ത്രക്രിയാരംഗത്തിനും അദ്ദേഹം നല്‍കിയ സം ഭാവനകളെ മാനിച്ച് ശസ്ത്രക്രിയയുടെ പിതാവ് എന്നാണ് സുശ്രൂതന്‍ അറിയപ്പെടുന്നത്. ഗംഗാനദിയുടെ തീരത്ത് ഇന്നത്തെ വരാണസിയിലാണ് സുശ്രൂതന്‍ ജീവിച്ചിരുന്നതെന്നു കരുതുന്നു.

സുശ്രുതനെ പ്ലാസ്റ്റിക് സര്‍ജറിയുടെ പിതാവായും ലോകം അംഗീകരിക്കുന്നു. സിസേറിയന്‍ ശാസ്ത്രക്രിയ നടത്താന്‍ ആദ്യമായി ഉപദേശിച്ച വ്യക്തിയും സുശ്രുതനാണെന്നു കരുതുന്നു. അനസ്തേഷ്യയുടെആദിമരൂപം ചികിത്സയില്‍ പ്രായോഗിമാക്കിയതും അദ്ദേഹം തന്നെ. മദ്യമായിരുന്നു ശുശ്രുതന്‍ ബോധം കെടുത്താനായി ഉപയോഗിച്ചിരുന്നതെന്നാണ് പറയുന്നത്.തിമിര ശസ്ത്രക്രിയയിലും, മൂത്രാശയക്കല്ലുകള്‍ നീക്കം ചെയ്യുന്നതിലും, എല്ലിനുണ്ടാകുന്ന ഒടിവുകള്‍ കണ്ടെത്തി ചികിത്സിക്കുന്നതിലും അതീവ പ്രാവിണ്യം നേടിയ വ്യക്തിയായിരുന്നു സുശ്രുതന്‍. പ്രഗല്ഭനായ അദ്ധ്യാപകന്‍ കൂടിയായിരുന്നു അദ്ദേഹം. വൈദ്യന്‍മാര്‍ പാലിക്കേണ്ട ധര്‍മ്മങ്ങളും മര്യാദകളും ശിഷ്യന്‍മാര്‍ക്ക് ഉപദേശിച്ചു കൊടുക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. പഠനത്തിന്റെ ഭാഗമായി മൃഗശരീരങ്ങളും മാതൃകകളും കീറിമുറിച്ചു പരിശോധിക്കാനാണ് അദ്ദേഹം ശിഷ്യര്‍ക്കു നല്‍കിയിരുന്ന നിര്‍ദ്ദേശം.

ചരകത്തെക്കാള്‍ ആധുനികമാണ് സുശ്രുതം. സൂത്രസ്ഥാനം, നിദാനസ്ഥാനം, ശാരീരസ്ഥാനം, ചികിത്സാസ്ഥാനം, കല്‍പസ്ഥാനം എന്നിങ്ങനെ അഞ്ചുഭാഗങ്ങളിലായി 120 അധ്യായങ്ങള്‍ കൂടാതെ, 66 അധ്യായങ്ങളുള്ള ഉത്തരതന്ത്രവും ഉള്‍പ്പെട്ടതാണ് 'സുശ്രുതസംഹിത'. അഥര്‍വേദത്തിന്റെ ഉപാംഗമാണ് ആയുര്‍വേദമെന്ന്‌സുശ്രുതസംഹിത പറയുന്നു.ശസ്ത്രക്രിയയ്ക്കാണ് സുശ്രുതസംഹിതയില്‍ പ്രധാന്യം. എട്ടുതരത്തിലുള്ള ശസ്ത്രക്രിയകളെക്കുറിച്ച് സുശ്രുതസംഹിത വിവരിക്കുന്നു-ഛേദ്യം(മുറിക്കല്‍), ഭേദ്യം (പിളര്‍ക്കല്‍), ലേഖ്യം (മാന്തല്‍), വേധ്യം (തുളയ്ക്കല്‍), ഏഷ്യം (ശസ്ത്രം കടത്തല്‍), ആഹാര്യം (പിടിച്ചെടുക്കല്‍), വിസ്രാവ്യം (ചോര്‍ത്തിയെടുക്കല്‍), സീവ്യം (തുന്നല്‍) എന്നിങ്ങനെ.

ചരക-സുശ്രുതസംഹിതകളുയെ സംഗ്രഹമാണ് വാഗ്ഭടന്റെ 'അഷ്ടാംഗഹൃദയം'. സുശ്രുതത്തിലെ നിദാനസ്ഥാനം, കല്‍പകസ്ഥാനം എന്നീ ഭാഗങ്ങള്‍ മലയാളത്തില്‍ വ്യാഖ്യാനിച്ചിട്ടുള്ളത് സി.കെ. വാസുദേവശര്‍മയാണ്. സൂത്രസ്ഥാനം വടക്കേപ്പാട്ട് നാരായണന്‍ നായരും ശരീരസ്ഥാനം, ചികിത്സാസ്ഥാനം, കല്‍പസ്ഥാനം എന്നീ ഭാഗങ്ങള്‍എം. നാരായണന്‍ വൈദ്യനും മലയാളിത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. സുശ്രുതന്റെ ജീവിതകാലത്തെക്കുറിച്ച് പണ്ഡിതര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമുണ്ട്. 2600 വര്‍ഷം മുമ്പാണ് ഈ മഹാവൈദ്യന്‍ ജിവിച്ചിരുന്നത് എന്നത് ഒരു ഏകദേശ ധാരണയാണ്. സുശ്രുതന്‍ എന്നപേര് ഗോത്രത്തിന്റെയോ കുലത്തിന്റെയോ പേരാകാമെന്നും അഭിപ്രായമുണ്ട്.

ദ്വൈതം എന്നും തത്ത്വവാദം എന്നും അറിയപ്പെടുന്ന ഹൈന്ദവ താത്ത്വിക സമ്പ്രദായത്തിന്റെ പ്രഥമനും മുഖ്യനുമായ ആചാര്യനായിരുന്നു 'മധ്വാചാര്യര്‍ (ക്രി. ശേ. 1238-1317). ഇദ്ദേഹത്തെ 'പൂര്‍ണ്ണപ്രജ്ഞര്‍', 'ആനന്ദതീര്‍ത്ഥര്‍' എന്ന പേരുകളിലും അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രധാന സംഭാവന വേദാന്തത്തിന്റെ പ്രസ്ഥാനത്രയങ്ങളായ ബ്രഹ്‌മസൂത്രം, ഭഗവദ് ഗീത, മറ്റും ഉപനിഷത്തുകളുടെ നൂതനമായ വ്യാഖ്യാനമായിരുന്നു. ഭക്തി പ്രസ്ഥാന കാലഘട്ടത്തിലെ പ്രധാന തത്ത്വചിന്തകരില്‍ ഒരാളായിരുന്നു ഇദ്ദേഹം.

മധ്വാചാര്യര്‍ ജനിച്ചത് ഉഡുപ്പിക്കടുത്ത് പജകഎന്ന ഒരു ചെറിയ ഗ്രാമത്തില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളായ വേദവതിയും മദ്ധ്യഗേഹ ഭട്ടരും 'വാസുദേവന്‍' എന്ന പേരു നല്‍കി. കുട്ടിക്കാല്‍ത്തു മുതല്‍ അദ്ധ്യാത്മിക മേഖലയില്‍ താത്പര്യം കാണിച്ച വാസുദേവന്‍, തന്റെ പതിനൊന്നാം വയസ്സില്‍ അച്യുത പ്രേക്ഷര്‍ എന്ന പേരുകേട്ട സന്ന്യാസില്‍ നിന്നും, 'പൂര്‍ണ്ണപ്രജ്ഞന്‍' എന്ന പേരില്‍ സന്ന്യാസദീക്ഷസ്വീകരിച്ചു തീര്‍ത്ഥാടന സ്ഥലങ്ങളായ കന്യാകുമാരി, രാമേശ്വര, ശ്രീരംഗാദികള്‍സന്ദര്‍ശിക്കുകയും അവിടെയെല്ലാം തന്റെ തത്ത്വവാദ ദര്‍ശനം പ്രചരിപ്പിക്കുകയുമുണ്ടായി. ഈ പുതിയ വീക്ഷണം അംഗീകാരത്തെയും വിമര്‍ശനത്തെയും ആകര്‍ഷിച്ചു. ദിഗ് വിജയം പൂര്‍ത്തിയാക്കിയശേഷം ഉഡുപ്പിയിലേക്കു മടങ്ങിയെത്തി ഗീതാഭാഷ്യരചന ആരംഭിച്ചു. തുടര്‍ന്ന് സര്‍വ്വമൂലഗ്രന്ഥങ്ങളെന്നറിയപ്പെടുന്ന ദ്വൈതമതത്തിന്നടിസ്ഥാനപരമായ മുപ്പത്തിയേഴു കൃതികള്‍ മധ്വര്‍ രചിച്ചു. മധ്വാചാര്യര്‍ ഒട്ടേറെ കൃതികളുടെ കര്‍ത്താവാണെന്നു വിശ്വസിക്കപ്പെടുന്നു. ഇതില്‍ 'ഗീതാ ഭാഷ്യം,' 'മഹാഭാരത താത്പര്യ നിര്‍ണ്ണയം,' 'ബ്രഹ്‌മസൂത്ര ഭാഷ്യം,' 'അനു ഭാഷ്യം' എന്നിവ പ്രധാനമാകുന്നു.

പുരാതന ഭാരതത്തിലെ രാഷ്ട്രതന്ത്രജ്ഞനുംചിന്തകനുമായിരുന്നു കൗടില്യന്‍. ചാണക്യന്‍, വിഷ്ണുഗുപ്തന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. രാഷ്ട്രമീമാംസയുടെ ആചാര്യനായി കണക്കാക്കപ്പെടുന്ന ഇദ്ദേഹം മൗര്യസാമ്രാജ്യ ചക്രവര്‍ത്തിയായിരുന്ന ചന്ദ്രഗുപ്തമൗര്യന്റെ പ്രധാനമന്ത്രിയായിരുന്നു. കൗടില്യന്റെ കൂര്‍മ്മബുദ്ധിയും ജ്ഞാനവുമാണ് മൗര്യസാമ്രാജ്യത്തിന് സ്വാധീനമുറപ്പിക്കാന്‍ സഹായകമായത്. ക്രിസ്തുവിന് മൂന്നു നൂറ്റാണ്ടു മുന്‍പ് ജീവിച്ചിരുന്ന കൗടില്യന്‍ രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയില്‍ അഗ്രഗണ്യനായിരുന്നു.'അര്‍ത്ഥശാസ്ത്രം ' എന്ന ഒറ്റകൃതി യുടെ കര്‍ത്താവാണ് ഇദ്ദേഹം.

ബി.സി 350നും 283നും ഇടയില്‍ ജീവിച്ചിരുന്നു. മഗധയില്‍ ജനനം. പിതാവിന്റെ മരണശേഷം തക്ഷശിലയില്‍ ജീവിച്ചു. കുടല എന്ന് വംശത്തില്‍ പിറന്നതിനാല്‍ കൗടില്യന്‍ എന്ന് അറിയപ്പെട്ടു. ചണക ദേശവാസി ആയതിനാല്‍ ചാണക്യന്‍ എന്നും അറിയപ്പെട്ടു. ഇന്ത്യന്‍ മക്യവെല്ലി എന്നാണ് ജവഹര്‍ലാല്‍ നെഹ്‌റു കൗടില്യനെ വിശേഷിപ്പിക്കുന്നത്.

തന്റെ ആശ്രമത്തിന്റെ അടുത്ത് ദര്‍ഭപ്പുല്ലു പറിച്ചുകൊണ്ടുനില്‍ക്കവേയാണ് കൗടില്യനെ ചന്ദ്രഗുപ്തമൗര്യന്‍ കണ്ടുമുട്ടുന്നത്. ഒരു തവണ കാലില്‍ പുല്ലുകൊണ്ടു വേദനിച്ചതിന്, ഇനി അത് ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ ദര്‍ഭപ്പുല്ലുകളും പറിച്ചുമാറ്റുകയായിരുന്നു കൗടില്യന്‍. അസംഖ്യം ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ട ചന്ദ്രഗുപ്തമൗര്യനെ ചാണക്യന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ പലപ്പോഴും രക്ഷിച്ചു.

ശത്രുക്കളെ ഉന്മൂലനം ചെയ്യുവാന്‍ ഏതുമാര്‍ഗ്ഗവും അവലംബിക്കാം എന്നായിരുന്നു ചാണക്യമതം. ചാണക്യന്റേതായി മൂന്നു ഗ്രന്ഥങ്ങളാണുള്ളത്.അര്‍ത്ഥശാസ്ത്രം,നീതിസാരം,ചാണക്യനീതി എന്നിവ. രാഷ്ട്രമീമാംസ,ഭരണരീതി എനിവയെ ആസ്പദമാക്കി രചിച്ചതാണ് അര്‍ത്ഥശാസ്ത്രം.15അധികരണങ്ങളായാണ് ഇത് സമ്വിധാനം ചെയ്തിരിക്കുന്നത്.ആകെ 180ഓളം വിഷയങ്ങള്‍  പ്രതിപാദിക്കുന്നു.


 

Content Highlights: patanjali, charaka,vagbhadan , bhaskaracharya