വാല്മീകി: കവിയും കഥാപാത്രവും

രാമായണങ്ങള്‍ ഒരുപാടുണ്ട്. എനിക്ക് രാമായണം എന്നുപറഞ്ഞാല്‍ 'വാല്മീകി രാമായണമാണ്. ആ കാവ്യത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം വാല്മീകിയാകുന്നു.
വാല്മീകി കവിയല്ലേ, കഥാപാത്രമല്ലല്ലോ എന്ന് ചോദ്യം വരാം. വാല്മീകി തന്റെ കാവ്യത്തില്‍ കഥാപാത്രമാണ്. വ്യാസന്‍ സ്വന്തം രചനയായ മഹാഭാരതത്തില്‍ കഥാപാത്രം ആയിരിക്കുന്നത്പോലെ.
രാമായണകാവ്യത്തില്‍ അപൂ ര്‍വമായിമാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രമാണ് ആദികവി. ഒന്ന് തുടക്കത്തിലാണ്. പിന്നെയൊന്ന് സീതയെ കാട്ടിലുപേക്ഷിക്കുന്നേടത്ത്. പിന്നെ ഒടുവില്‍ സീതയെ രാജാവിന്റെ മുമ്പിലേക്കുകൂട്ടിക്കൊണ്ടുവരുമ്പോള്‍.ഒന്നാമത്തെ സന്ദര്‍ഭത്തില്‍ *കുരരിപ്പക്ഷികളില്‍ ആണിനെ അമ്പെയ്തുകൊന്നവനെ നോക്കി 'കാട്ടാളാ അരുത് (മാ നിഷാദ) എന്ന് കൈയുയര്‍ത്തി വിലപിക്കുന്ന വാല്മീകിയാണ്. ഹിംസയ്‌ക്കെതിരേ ഉയരുന്ന ആദിമവചനങ്ങളിലൊന്നാണിത്. രണ്ടാമത്തെ സന്ദര്‍ഭത്തില്‍ വനത്തിലുപേക്ഷിക്കപ്പെട്ട സീതയെ നല്ല വാക്കുപറഞ്ഞ് ആശ്വസിപ്പിക്കുന്നതും അവള്‍ക്ക് സ്വന്തം ആശ്രമത്തില്‍ അഭയം നല്‍കുന്നതും ഈ മഹര്‍ഷിയാണ്.
മൂന്നാമത്തെ സന്ദര്‍ഭത്തില്‍ മഹാരാജാവ് ശ്രീരാമനോട് സീതയെ മുന്നില്‍നിര്‍ത്തി ഈ കവി ചോദിക്കുന്നു: 'അല്ലയോ, മഹാരാജന്‍! ആയിരത്താണ്ടുകളുടെ തപഃശക്തി മുഴുവന്‍ ഞാന്‍ അങ്ങയുടെ മുമ്പില്‍ പണയം വെക്കാം.
അങ്ങു പറയൂ, ഈ പെണ്‍കുട്ടി അറിഞ്ഞോ അറിയാതെയോ അങ്ങയോട് വല്ല അപരാധവും ചെയ്തിട്ടുണ്ടോ? അധികാരത്തെ ചോദ്യംചെയ്യുന്ന കാലാകാരനാണ് വാല്മീകി. അദ്ദേഹം രാമായണം രചിച്ചത് സീതയ്ക്കുവേണ്ടിയാണ്.
* ക്രൗഞ്ചപ്പക്ഷി
Content Highlights: Valmiki in ramayana