കാലാതിവര്‍ത്തിയായ കാവ്യം

#ജി.വേണുഗോപാല്‍
രാമായണം| Photo: ലതീഷ് പൂവത്തൂര്‍
രാമായണം| Photo: ലതീഷ് പൂവത്തൂര്‍

പുരാതന ഭാരതത്തിലെ ഏറ്റവും പ്രധാന സാഹിത്യ സൃഷ്ടികളിലൊന്നായ രാമായണത്തിന്റെ പ്രഭാവം ലോകമെമ്പാടുമുള്ള സംസ്‌കാരങ്ങളില്‍ ചെറുതായെങ്കിലും പ്രതിഫലിച്ചുകാണാം. ഇന്‍ഡോനീഷ്യ പോലുള്ള രാജ്യങ്ങളില്‍ ഇത് കൂടുതലുമാണ്. ഭാരതത്തില്‍ രാമായണത്തിന്റെ സ്വാധീനം വളരെ വലുതാണ്.ഇന്ന് കാണുന്ന രാമായണം നിരവധി രൂപപരിണാമങ്ങള്‍ക്കു വിധേയപ്പെട്ടതാണ്. രാമനെ ഒരു സാധാരണമനുഷ്യനായി കാണുന്ന വാത്മീകി രാമായണം മുതലിങ്ങോട്ട് വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായി വാഴ്ത്തപ്പെടുന്ന എഴുത്തച്ഛന്റെ അധ്യാത്മരാമായണം പോലുള്ള കൃതികളിലൂടെ കടന്നാണ് ഈ പരിണാമം.

ഭക്തിപ്രസ്ഥാനത്തിന്റെ വരവോടു കൂടിയാണ്  രാമനെ ഈശ്വരനായി വാഴ്ത്തുന്ന സന്ദര്‍ഭങ്ങള്‍  ഉണ്ടായതെന്ന് വാദിക്കപ്പെടുന്നു. രാമായണത്തില്‍ രാമനെ ഈശ്വരനായി വര്‍ണിക്കുന്ന സന്ദര്‍ഭങ്ങള്‍ കൂടുതലും കാണുന്നത് ബാലകാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും ആണെന്ന് ചില പണ്ഠിതര്‍ ചൂണ്ടികാട്ടുന്നു. ഈ രണ്ടുകാണ്ഡങ്ങളും രാമായണത്തോട് പില്‍ക്കാലത്ത് കൂട്ടിച്ചേർക്കപ്പെട്ടതാണെന്ന് പറയപ്പെടുന്നു. ഉത്തരകാണ്ഡത്തിന്റേയും ബാലകാണ്ഡത്തിന്റേയും രചനാശൈലി രാമായണത്തിന്റെ പ്രാമാണിക കാണ്ഡത്തില്‍ നിന്ന് വളരെ വ്യത്യസ്തമായിരിക്കുന്നത്  ഇതിനുള്ള തെളിവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

രാമായണം ബൗദ്ധകൃതിയെ അടിസ്ഥാനപ്പെടുത്തിയതാണെന്നും, ക്രിസ്തുവിനു മുമ്പ് മൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ദശരഥജാതകത്തിന്റെ സ്രോതസ്സായ രാമകഥയാണ് രാമായണത്തിനടിസ്ഥാനം എന്നും ചില ചരിത്രകാരന്മാര്‍ വാദിക്കുന്നു. രാമായണം രചിക്കാനിടയായ ഐതിഹ്യം അനുസരിച്ച് വാല്മീകി മഹര്‍ഷിയുടെ ആശ്രമത്തില്‍ വിരുന്നു വന്ന നാരദമുനിയില്‍ നിന്നാണ് വാല്മീകി രാമകഥ കേള്‍ക്കാനിടയായത് എന്ന് നിവരിക്കുന്നു. ഈ ലോകത്തില്‍ ധൈര്യം, വീര്യം, ശ്രമം, സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങളടങ്ങിയ ഏതെങ്കിലും മനുഷ്യനുണ്ടോ, ഉണ്ടെങ്കില്‍ അങ്ങേക്കറിയാതിരിക്കാന്‍ വഴിയില്ലല്ലോ എന്നായിരുന്നു ചോദ്യം അതിനുള്ള മറുപടിയായാണ് നാരദന്‍ രാമകഥ ചൊല്ലിക്കൊടുക്കുന്നത്.

എല്ലാ ഗുണങ്ങളും ഒരു മനുഷ്യനില്‍ സമ്മേളിക്കുക എന്നത് അസംഭവ്യമാണ് എന്നും എന്നാല്‍ ഏറെക്കുറെ ഗുണങ്ങള്‍ ഒത്തുചേര്‍ന്ന മനുഷ്യന്‍ ദശരഥമഹാരാജാവിന്റെ മൂത്തമകന്‍ രാമനാണെന്നും ആയിരുന്നു നാരദന്റെ മറുപടി. തുടര്‍ന്ന് നാരദന്‍ രാമകഥ വാല്മീകിക്ക് വിസ്തരിച്ച് കൊടുത്തു. പിന്നീടൊരിക്കല്‍ ശിഷ്യന്മാരുമൊത്ത് തമസാ നദിയില്‍ സ്നാനത്തിനായി പോവുകയായിരുന്ന വാല്മീകി ഒരു വേടന്‍ ക്രൗഞ്ചമിഥുനങ്ങളില്‍ ആണ്‍പക്ഷിയെ അമ്പെയ്ത് വീഴ്ത്തുന്നതു കണ്ടു. കാട്ടില്‍ വസിക്കുന്ന മുനിമാര്‍ക്ക് അത്തരം കാഴ്ചകള്‍ നിത്യേന കാണുന്നതാണെങ്കിലും രാമകഥ വാല്മീകിയുടെ ലോകവീക്ഷണം തന്നെ മാറ്റി മറിച്ചിരുന്നതിനാല്‍, ആണ്‍പക്ഷിയുടെ ദാരുണമായ അന്ത്യവും പെണ്‍പക്ഷിയുടെ വിലാപവും ചേര്‍ന്ന് ആ കാഴ്ച മഹര്‍ഷിയുടെ മനസ്സലിയിച്ചു. ഉള്ളില്‍ ഉറഞ്ഞുക്കൂടിയ വികാരം

'മാ നിഷാദ പ്രതിഷ്ഠാം ത്വമഗമഃശാശ്വതീ സമാഃ
 യല്‍ ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം'

എന്ന ശ്ലോകരൂപത്തില്‍ പുറത്തുവന്നു. ഈ ശ്ലോകം ചൊല്ലിത്തീര്‍ന്നതും ബ്രഹ്‌മാവ് അവിടെ പ്രത്യക്ഷനായി. അതേ രൂപത്തില്‍ തന്നെ ശ്രീരാമന്റെ ജീവിതകഥ രചിക്കുവാന്‍ വാല്മീകിയെ ഉപദേശിച്ചു.രാമായണത്തിന്റെ രചനാകാലത്തെക്കുറിച്ച്  മിക്ക പണ്ഡിതന്മാരും വ്യത്യസ്ഥ അഭിപ്രായങ്ങളാണ് പറയുന്നത്. വാല്മീകിരാമായണത്തിന്റെ ആധുനികരൂപം കുറഞ്ഞത് ക്രി.വ. രണ്ടാം ശതകത്തിലേതാണെന്നാണ് ഫാദര്‍. കാമില്‍ ബുല്‍കെ അഭിപ്രായപ്പെടുന്നു. കൂടുതല്‍ പേരും ഈ അഭിപ്രായത്തോട് യോജിക്കുന്നു.

ആദിരാമായണത്തിന്റെ രചനാകാലത്തെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ തരുന്ന രേഖകള്‍ കുറവാണ്. ഋഗ്വേദത്തിലോ മറ്റ് വേദങ്ങളിലോ രാമകഥയെപ്പറ്റി സൂചനകള്‍ ഇല്ല. രാമായണത്തില്‍ മഹാഭാരത വീരന്മാരെപറ്റിയും പരാമര്‍ശമില്ല. എങ്കിലും മഹാഭാരതത്തില്‍ രാമകഥകള്‍ നിരവധി കാണപ്പെടുന്നുണ്ട്. തന്മൂലം രാമായണത്തിന്റെ രചനാകാലം വേദങ്ങള്‍ക്കു ശേഷവും മഹാഭാരതത്തിനു മുന്‍പുമാണെന്ന ധാരണ പണ്ടേ ഉണ്ടായിരുന്നു. പാണിനിയുടെ അഷ്ടാധ്യായിനിയില്‍ മഹാഭാരതത്തിലെ പ്രമുഖ കഥാപാത്രങ്ങളെക്കുറിച്ചുള്ള സൂചനകള്‍ ഇല്ലെങ്കിലും താരതമ്യേന അപ്രധാനികളായ ശുര്‍പ്പണഖ, കൈകേയി, കൗസല്യ എന്നിവരെ പരാമര്‍ശിക്കുന്നുണ്ട്. അത് പാണിനിയുടെ കാലത്തും രാമായണം അഥവാ രാമകഥ പ്രചാരത്തിലിരുന്നതായി കാണിക്കുന്നു.

ഒരു നൂറ്റാണ്ടിനു മുന്പ് മാത്രമാണ് പാശ്ചാത്യലോകത്ത് രാമായണം അറിയപ്പെട്ടുതുടങ്ങിയതെങ്കിലും ഇതിനകം അതിനെപ്പറ്റി വിവിധ പഠനങ്ങള്‍ അവിടെ നടന്നിട്ടുണ്ട്. ഇന്ത്യന്‍ ചരിത്രകാരന്മാരും പിന്നീട് രാമായണത്തെപ്പറ്റി ശാസ്ത്രീയമായി പഠിക്കാനാരംഭിച്ചു. ആദ്യകാലങ്ങളില്‍ രാമായണം അതിപ്രാചീനമാണ് എന്ന അഭിപ്രായമായിരുന്നു. എങ്കിലും ഇന്ന് പണ്ഢിതരെല്ലാം തന്നെ ആദിരാമായണ (വാല്മീകി) ഗ്രന്ഥത്തിനും ഇപ്പോള്‍ പ്രചാരത്തിലിരിക്കുന്ന വാല്മീകി രാമായണത്തിനും പ്രത്യേകം രചനാകാലം നിര്‍ദ്ദേശിക്കുന്നുണ്ട്. ചില ചരിത്രകാരന്മാരുടെ അഭിപ്രായപ്രകാരം കോസല ദേശത്തെ നാടോടിപ്പാട്ടുകളാണ് രാമന്റെ കഥ. വാല്മീകി അവ ശേഖരിക്കുകയും മെച്ചപ്പെടുത്തുകയും ഒന്നിച്ച് ഒരു കാവ്യമാക്കുകയും ചെയ്തിരിക്കാനാണ് സാധ്യതയെന്ന് അവര്‍ കരുതുന്നു. എച്ച്. ഡി. സങ്കല്യയുടെ അഭിപ്രായത്തില്‍ വാല്മീകി രാമായണത്തിറ്റ്നെ രചനാകാലം 3-4 നൂറ്റാണ്ടാണ്.

ലേഖനവിദ്യ കണ്ടുപിടിക്കുന്നതിനു മുമ്പാണ് രാമായണം രചിക്കപ്പെട്ടത് എന്നൊരു വാദമുണ്ട്. രാമായണത്തിലെ പല കഥകളും ശ്ലോകങ്ങളും രാമായണ കഥതന്നെയും മഹാഭാരതത്തില്‍ ഉദ്ധരിച്ചിരിക്കുന്നത് ഇതിന് തെളിവായി ഉന്നയിക്കപ്പെടുന്നു. രാമായണത്തില്‍ ദക്ഷിണേന്ത്യ കൊടുംവനം ആണെന്നും അവിടെ വാനരന്മാരും ആദിവാസികളും മാത്രമേ താമസിക്കുന്നുള്ളുവെന്നും പറയുമ്പോള്‍ മഹാഭാരതത്തില്‍ ദക്ഷിണഭാരതത്തിലെ പല രാജ്യങ്ങളുടേയും പേരുകള്‍ പരാമര്‍ശിക്കുന്നു.

മഹാഭാരതത്തിന്റെ കാലം ക്രിസ്തുവിനു മുമ്പ് അഞ്ചാം നൂറ്റാണ്ടാണെന്നത് ഏകദേശം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ വാല്മീകിക്ക് അക്കാലത്തെ ഭാരതീയ ഭൂമിശാസ്ത്രവും വ്യാപാരബന്ധങ്ങളെക്കുറിച്ചും കാര്യമായ അറിവ് ഉണ്ടായിരുന്നില്ല എന്നതാണ് മേല്‍ പറഞ്ഞതിനു കാരണം എന്ന് വാല്മീകിരാമായണത്തിലെ ശ്ലോകങ്ങളില്‍ നിന്ന്  വ്യക്തമാകുന്നുണ്ട്.ആദികവി വാല്മീകിക്കു മുന്പേ തന്നെ രാമകഥ സംബന്ധിച്ച ആഖ്യാനകാവ്യം പ്രചരിച്ചു കഴിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വാല്മീകി രാമായണം രചിച്ചു എന്ന് മിക്കവാറും എല്ലാ പണ്ഡിതരും ഏകാഭിപ്രായക്കാരാണ്. എന്നാല്‍ മൂലസ്രോതസ്സിനെക്കുറിച്ച് പണ്ഡിതരുടെ ഇടയില്‍ വിഭിന്നമായ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു.

ചരിത്രകാരനായ ഡോ. വെബ്ബറുടെ അഭിപ്രായമനുസരിച്ച് രാമകഥയുടെ മൂലരൂപം ബൗദ്ധദശരഥജാതകത്തിലുള്ളതാണ്. ആദ്യഭാഗങ്ങള്‍ ഇതില്‍ നിന്നെടുത്തവയാണെങ്കില്‍ സീതാപഹരണവും, രാവണനുമായുള്ള യുദ്ധവും ഹോമര്‍ വര്‍ണിച്ചിരിക്കുന്ന ഹെലന്റെ അപഹരണവും, ട്രോയ് നഗരാക്രമണവുമാണെന്നാണ് അദ്ദേഹം കരുതുന്നത്. ഇതനുസരിച്ച് ദശരഥകജാതകവും, ഹോമറിന്റെ കാവ്യവുമാണ് രാമകഥയുടെ പ്രഭവസ്ഥാനങ്ങള്‍. എന്നാല്‍ ദശരഥജാതകം രാമകഥയുടെ അടിസ്ഥാനമാണെന്നുള്ളതിനോട് മിക്ക പണ്ഡിതരും യോജിക്കുന്നുവെങ്കിലും ഹോമറിന്റെ കാവ്യം അടിസ്ഥാനമാക്കാനാവില്ലെന്ന് എല്ലാവരും തന്നെ ശക്തിയുക്തം എതിര്‍ത്തിട്ടുണ്ട്.

പ്രധാനമായും രണ്ടുഭാഗമായാണ് രാമായണം വികസിച്ചിരിക്കുന്നത് എന്നാണ് പാശ്ചാത്യചരിത്രകാരന്മാരുടെ അഭിപ്രായം. അഞ്ചു കാണ്ഡങ്ങള്‍ മാത്രമുള്ള രാമായണത്തില്‍ ബാലകാണ്ഡം, ഉത്തരകാണ്ഡം എന്നിവ പിന്നീട് കൂട്ടിച്ചേര്‍ത്തവയാണ് എന്നാണ് അവരുടെ നിഗമനം. വാല്മീകിക്ക് ദക്ഷിണഭാരതത്തിലേയും, മദ്ധ്യഭാരതത്തിലേയും ഭൂമിശാസ്ത്രവുമായി പരിചയമില്ലായിരുന്നു എന്ന് രാമായണത്തില്‍ നിന്ന് തെളിവുകള്‍ ലഭിക്കുന്നുണ്ട്. അദ്ദേഹം കൂടുതലായും അനുമാനത്തേയും കല്പനയേയുമാണ് ആശ്രയിച്ചത്. അതിനെ പിന്തുടര്‍ന്നു വന്ന വ്യാഖ്യാനങ്ങളും അദ്ദേഹത്തിന്റെ അനുമാനത്തിനു പുറമേ ചിന്തിച്ചുകാണുന്നില്ല എന്ന് പ്രോഫ: കാമില്‍ ബുല്‍കേ അഭിപ്രായപ്പെടുന്നു.

രാമായണം വിശകലനം ചെയ്തിട്ടുള്ള പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍  രാവണന്റെ ലങ്ക, ഇന്നത്തെ ശ്രീലങ്കയല്ല മറിച്ച് ചോട്ടാ നാഗ്പൂര്‍ സമതലങ്ങളില്‍ (മധ്യപ്രദേശ്-ഒറിസ) എവിടെയോ ആണ്. രാമായണം രചിച്ചകാലത്തെ ഭൂമിശാസ്ത്രത്തെ പറ്റി പഠനം നടത്തിയ ഡോ. പരമേശ്വര അയ്യര്‍ പറയുന്നത് രാമായണത്തിലെ ലങ്ക, ജബല്‍പൂരിനു 25 കിലോ മീറ്റര്‍ വടക്കായുള്ള ത്രികുത്തമലകള്‍ ആണെന്നാണ്. ഈ അഭിപ്രായത്തെ നിരാകരിക്കുന്നതാണ് ഏഴായിരത്തോളം വര്‍ഷത്തെ പഴക്കം കണക്കാക്കുന്ന ഭാരതത്തില്‍ നിന്നും ശ്രീലങ്കയിലേക്ക് കാണപ്പെടുന്ന രാമസേതു എന്ന രാമായണത്തില്‍ സൂചിപ്പിച്ചിരിക്കുന്ന പാലം.ഇത് സ്വയം രൂപപ്പെട്ടതല്ലെന്നും  രാമായണത്തില്‍ പറയപ്പെടുന്ന രാമസേതു ഇതുതന്നെയായിരിക്കണമെന്നും ആധുനികതയുടെ വെളിച്ചത്തില്‍ ഗവേഷകര്‍ പറയുന്നു.

ദ്രാവിഡ ഭാഷകളിലെ രാമകഥ സംബന്ധിച്ച എറ്റവും പ്രാചീനമായ കൃതി ക്രി.വ. 12-ാം ശതകത്തില്‍ കമ്പര്‍ രചിച്ച രാമായണമാണ് ഇതില്‍ വാല്മീകിയുടെ രാമായണത്തിന്റെ ആദ്യത്തെ ആറു കാണ്ഡങ്ങളിലെ മുഴുവന്‍ കഥയും സ്വതന്ത്രരൂപത്തില്‍ വര്‍ണ്ണിക്കുകയും അനേകം പുതിയ കഥകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.തെലുങ്കു സാഹിത്യത്തില്‍ രാമകഥയെ സംബന്ധിച്ച ഏറ്റവും മഹത്തരമായ ഗ്രന്ഥം രംഗനാഥന്റെ ദ്വിപദരാമായണമാണ് 14-ാം ശതകത്തിലാണ് ഇത് രചിച്ചത്. യുദ്ധകാണ്ഡത്തെ ആസ്പദമാക്കി12-ാം ശതകത്തില്‍ എഴുതപ്പെട്ട മലയാലത്തിലെ ഒരു പാട്ടുകൃതിയാണ് രാമചരിതം.. ചീരാമകവിയാണ് രചയിതാവ്. 

കണ്ണശ്ശരാമായണം 14-ാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ കണ്ണശ്ശപ്പണിക്കര്‍ രചിച്ച കാവ്യമാണ്. രാമായണം ചമ്പു ക്രി.വ.1500 ല്‍ പുനം നമ്പൂതിരി മണിപ്രവാളശൈലിയില്‍ എഴുതിയ ചമ്പൂകാവ്യമാണ്. അദ്ധ്യാത്മരാമായണം കിളിപ്പാട്ട് 1575 നും 1650 നും ഇടക്ക് എഴുത്തച്ഛന്‍ രചിച്ചതാണിത്. ഈ ഗ്രന്ഥമാണ് മലയാളികള്‍ക്കിടയില്‍ കൂടുതല്‍ ജനപ്രീതിയാര്‍ജ്ജിച്ചത്. രാമായണം ആട്ടക്കഥ കൊട്ടാരക്കരത്തമ്പുരാന്‍ രചിച്ചതാണ്. വാല്മീകീരാമായണത്തിന്റെ സ്വതന്ത്ര തര്‍ജമയാണിത്. മലബാറിലെ മാപ്പിളമാര്‍ക്കിടയില്‍ വാമൊഴിയായി പ്രചരിച്ചിരുന്ന കാവ്യകൃതിയാണ് മാപ്പിള രാമായണം. മാപ്പിളപ്പാട്ടിന്റെ ശൈലിയില്‍ ചൊല്ലപ്പെടുന്ന പദ്യത്തിന്റെ സാരാംശം രാമായണത്തിലെ വിവിധ കഥാസന്ദര്‍ഭങ്ങളാണ്.

Content Highlights: Spiritual signicance of ramayana