മുതിർന്നവരുടെ കുട്ടിക്കളികൾ

ആളുകൾ വളരുന്നുണ്ട്, എന്നാൽ വളരുന്നത് ശരീരം മാത്രം. അവരുടെ മനസ്സ് കുട്ടികളുടെ നിലവാരത്തിൽ തന്നെയാണ് നിലകൊള്ളുന്നത്. കുട്ടിത്തം കുട്ടിക്കാലത്ത് ഏറെ ആകർഷകമായി തോന്നുമെങ്കിലും, മുതിർന്നവർ കുട്ടികളെപ്പോലെ പെരുമാറാൻ തുടങ്ങുമ്പോൾ അത് ഏറെ പ്രശ്നങ്ങൾക്ക് വഴിവെക്കുന്നു. എല്ലാ ബന്ധങ്ങളും അവതാളത്തിലായിപ്പോകുന്നു.
മനുഷ്യർക്കിടയിലെ ബന്ധങ്ങളെ ഇഴപിരിച്ചു പരിശോധിക്കാൻ ധാരാളം മനഃശാസ്ത്രജ്ഞർ ശ്രമിച്ചു നോക്കിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ പ്രമുഖ മനഃശാസ്ത്രജ്ഞനായിരുന്ന ഡോ. എറിക് ബേൺ, അമേരിക്കയിൽ ജനിച്ചു വളർന്നയാൾ, നൂറുകണക്കിന് രോഗികളെ പരിശോധിച്ചതിനുശേഷം ഒരു തീരുമാനത്തിലെത്തി-ഒരു മനുഷ്യനിൽ ഏതെങ്കിലും ഒരൊറ്റ വ്യക്തിത്വമല്ല ഉണ്ടായിരിക്കുന്നതെന്ന്; അയാൾ ഒരു ഏക വ്യക്തിയല്ല, ഏകീകൃതമായ ഒരൊറ്റ വ്യക്തിരൂപമല്ല അയാൾ. ഒരേ വ്യക്തിയിൽത്തന്നെ വ്യത്യസ്തങ്ങളായ ഒന്നിലധികം വ്യക്തികൾ നിവസിക്കുന്ന വ്യക്തികേന്ദ്രങ്ങൾ കുടി കൊള്ളുന്നുണ്ട്. അദ്ദേഹത്തിന്റെ അനുഭവങ്ങളെ ക്രോഡീകരിച്ചു കൊണ്ട് അദ്ദേഹം രചിച്ച കൃതിയാണ് 'Games People Play'.
ഡോ.ബേൺ ഒരു വക്കീലിനെ ചികിത്സിക്കുകയായിരുന്നു. തന്റെ ജോലിയിൽ അസൂയാവഹമായ വിജയം കൈവരിച്ച, പ്രസിദ്ധനായ, ധനികനായ ഒരു മുപ്പത്തിയഞ്ചുകാരൻ. ഒരു സെഷനിടയിൽ വക്കീൽ തുറന്നു പറഞ്ഞു,' ഞാൻ ഒരു വക്കീലൊന്നുമല്ല, ഞാൻ വെറുമൊരു കുട്ടിയാണ്.' പിന്നീടുണ്ടായ സെഷനുകളിലെല്ലാം ഈ വക്കീൽ ഡോ.ബേർണിനോട് ചോദിച്ചു കൊണ്ടിരുന്നു,' നിങ്ങൾ സംസാരിക്കുന്നത് വക്കീലിനോടാണോ, അതോ ആ കുട്ടിയോടാണോ?’ വക്കീലിന്റെ ഈ പെരുമാറ്റത്തെ നിരീക്ഷിച്ചതിലൂടെ, ഡോ. ബേർണിന്റെ ജിജ്ഞാസ അധികരിച്ചു. മറ്റുള്ള രോഗികളേയും ശ്രദ്ധാപൂർവ്വം പരിശോധിച്ചതിലൂടെ അദ്ദേഹം കണ്ടെത്തിയത്, ചുരുങ്ങിയ പക്ഷം മൂന്നു വ്യക്തിത്വവിശേഷങ്ങൾ ഒരൊറ്റ വ്യക്തിയിൽ നിവസിക്കുന്നുണ്ട് എന്നാണ്: കുട്ടി, രക്ഷിതാവ്, മുതിർന്നയാൾ. ഈ മൂന്നു സ്വത്വങ്ങളും മാറിക്കൊണ്ടിരിക്കും. ഏതു നിമിഷമാണ് കുട്ടി വന്ന് വ്യക്തിയെ കയ്യടക്കുക, അല്ലെങ്കിൽ ഏതു നിമിഷമാണ് രക്ഷിതാവ് പൊന്തിവരിക എന്ന് തീരെ പ്രവചിക്കാൻ സാധിക്കില്ല. മാത്രവുമല്ല, ഇപ്പറഞ്ഞവ്യക്തിത്വ വ്യതിയാനം പുറത്തുവരിക പ്രധാനമായും വാക്കുകളിലൂടെയല്ല; എന്ന് മാത്രമല്ല, വാക്കുകൾ തീരെ കുറച്ചു മാത്രമേ ഈ വ്യതിയാനത്തെ സൂചിപ്പിക്കുകയുള്ളൂ. വ്യക്തിയുടെ യഥാർത്ഥ ഭാവങ്ങൾ പ്രകടിപ്പിക്കപ്പെടുന്നത് മുഖത്തെ വികാരപ്രകടനങ്ങളായും ശരീരഭാഷകളിലൂടേയും ശരീരത്തിന്റെ ഊഷ്മാവിലൂടേയും ഭാഷാതീതമായ മറ്റു ചേഷ്ടകളിലൂടെയുമാണ്. മനഃശാസ്ത്രജ്ഞർ ഉറപ്പാക്കിയിട്ടുള്ളത്, ഒരു വ്യക്തി കമ്മ്യൂണിക്കേറ്റ് ചെയ്യുമ്പോൾ വാക്കുകളിലൂടെ വെറും ഏഴു ശതമാനം മാത്രമേ വിനിമയം നടക്കുന്നുള്ളൂ എന്നാണ്. അടുത്തമുപ്പത്തിയെട്ടു ശതമാനം വാക്കുകൾക്കിടയിലെ സ്വരഭേദങ്ങളിലൂടെയും അവക്കിടയിലെ ഇടവേളകളിലൂടേയും അവയിൽ ചില വാക്കുകൾക്കു കൊടുക്കുന്ന ഊന്നലുകളിലൂടെയുമാണ്. ബാക്കിവരുന്ന അമ്പത്തിയഞ്ചു ശതമാനം ശരീരഭാഷയിലൂടേയും. നമ്മുടെ ബാല്യത്തിൽ നാം മുതിർന്നവരുടെ ഭാഷയും ഭാവവും അവരു ടെ വിചാരങ്ങളും വികാരങ്ങളു മെല്ലാം അനുകരിക്കാൻ ശ്രമിക്കാറുണ്ട്. ഇന്ത്യക്കാരിൽ ഈ പ്രവണത ഏറെ ആഴത്തിൽ പതിഞ്ഞുകിടപ്പാണ്, എന്തു കൊണ്ടെന്നാൽ ഇവിടത്തെ സംസ്കാരമനുസരിച്ച് മാതാപിതാക്കൾ അവരുടെ മക്കൾക്ക് മേൽ ആവശ്യത്തിലധികം സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നു. നമ്മുടെ പ്രതികരണങ്ങളിൽ, നമ്മുടെ വിചാരങ്ങളും വികാരങ്ങളും എത്രത്തോളം സ്വന്തമാണെന്നും എത്രത്തോളം നമ്മുടെ രക്ഷിതാക്കളുടേയും മറ്റും സ്വാധീനമുണ്ടെന്നും പരിശോധിക്കുന്നത് നമ്മുടെ വ്യക്തിത്വവളർച്ചക്ക് ഒഴിച്ചു കൂടാനാവാത്തതാണ്.
ഒരു വ്യക്തി ശരിക്കും പ്രായപൂർത്തിയാവുന്നത് അയാൾക്ക് ജീവിതത്തെ നേർക്കുനേർ അഭിമുഖീകരിക്കാൻ സാധിക്കുമ്പോഴാണ്-ഇപ്പോൾ, ഇവിടെ-ഭൂതകാലത്തിന്റെ സ്വാധീനം പൂർണമായും ഒഴിച്ചു നിർത്താൻ സാധിക്കുമ്പോൾ.
തന്റെ അന്തഃകരണത്തിൽ ഇത് വളർത്തിയെടുത്തിട്ടുള്ള ഒരു വ്യക്തി ജാഗ്രതയുള്ളവനും അതാത് നിമിഷങ്ങളെ പ്രതി ജീവിതത്തിനോട് പ്രതികരിക്കുന്നവനുമാകും. അത്തരമൊരു വ്യക്തി തന്റെ ബാല്യകാല പെരുമാറ്റങ്ങളിൽ നിന്നും മാറി സ്വാന്തമായുള്ള തീരുമാ നങ്ങൾ കൈക്കൊള്ളാൻ കെല്പുള്ളവനായിരിക്കും. ബാല്യത്തിന്റെ ആഗ്രഹങ്ങൾ അവൻ പ്രാ യപൂർത്തി കൈവരിക്കുന്നതോടെ പക്വത പ്രാപിക്കും. ശരീരം പ്രായമാകുന്നതനുസരിച്ച് മാനസികമായ പക്വത ഉണ്ടായിവരുന്നതിൽ സമ്യക്കായ ഒരു ബാലൻസ് സ്വാഭാവികമാ യി നിലനിർത്തപ്പെടും.