'അനുഭവജന്യ സ്മൃതിഹേതു ഇതി സംസ്‌ക്കാര'

സമൂഹ നന്മ അഥവാ ലോകകല്യാണമായിരുന്നു ഭാരതത്തിലെ ഋഷീശ്വരന്മാരുടെ ലക്ഷ്യം. . ലൗകീക ജീവിതത്തില്‍ നിന്ന് ഒളിച്ചോടി കാടുകയറി പര്‍ണ്ണശാലകളിലോ, ഗിരിശൃംഗങ്ങളിലോ വന്‍ഗുഹകളിലോ മരച്ചുവടുകളിലോ തപസ്സു ചെയ്ത് ജീവിതം തീര്‍ത്തവര്‍ മാത്രമായിരുന്നില്ല നമ്മുടെ ഗുരു പരമ്പര. ആത്മീയവും ലൗകീകവുമായ ജീവിതം സമ്മിശ്രമായി നയിച്ചവരും ഉണ്ട്. ഒരു വ്യത്യാസം മാത്രം. സ്വന്തം സുഖം കാംക്ഷിച്ചായിരുന്നില്ല ഇവരുടെ പ്രവര്‍ത്തനങ്ങള്‍.
തപസ്സു ചെയ്ത് വരം നേടിയതു പോലും സ്വന്തം ഉയര്‍ച്ചക്കായിരുന്നില്ല. ലോകനന്മക്കായിരുന്നു. ദുഷ്ടനിഗ്രഹവും, ശിഷ്ട രക്ഷണവുമായിരുന്നു ധര്‍മ്മാചരണമായി സ്വീകരിച്ചിരുന്നത്. പൗരാണിക ഋഷി ചരിത്രങ്ങള്‍ വായിച്ചാല്‍ വ്യക്തമാകുന്നത് യഥാകാലം മഴ പെയ്യാനും, അതിവൃഷ്ടി ഉണ്ടാകാതിരിക്കാനും, കൊടിയ വേനല്‍ മാറിക്കിട്ടാനും വേണ്ടി തപസ്സ് ചെയ്തിരുന്നവരാണ് ഭാരതത്തിന്റെ ഋഷി പരമ്പര എന്നു കാണാം. നേടിയെടുത്ത അറിവുകള്‍ ലോകത്തിനു നല്‍കിയവരാണ് അവര്‍. ഉത്തമ പുത്രന്മാരെ സൃഷ്ടിച്ച് സംസ്‌കൃതിയുടെ പ്രവാചകരാക്കി മാറ്റിയവരാണവര്‍. സത്യവതിഎന്ന മുക്കുവ കന്യകയില്‍ വ്യാസനെ സൃഷ്ടിച്ച പരാശരനും, രേണുക എന്ന മുനികന്യകയില്‍ പരശുരാമനെ സൃഷ്ടിച്ച ജമദഗനിയും ഉത്തമ മാതൃകകളാണ്.
'ജടയുടെ സംസ്‌ക്കാര പനയോലകെട്ടൊക്കെ
പൊടികെട്ടി പുഴു കുത്തി, ചിതലൂമുറ്റി
ചികയുന്നോ ചിരിവരും ചിതലിനുയു മുണ്ടെന്നോ
ചിതയിലേക്കവയെടുത്തെറിയു വേഗം'
എന്ന് ആര്‍ഷ സംസ്‌ക്കാരത്തെ അടച്ചാക്ഷേപിച്ചവരുണ്ട്.
'ജനനി ജന്മഭൂമി ശ്ച
സ്വര്‍ഗ്ഗാദപി ഗരീയസി' എന്ന് പറഞ്ഞ ശ്രീരാമചന്ദ്രനെ പോലെയുള്ള മഹാരാജാക്കന്മാര്‍ വാണ നാടാണ് നമ്മുടേത്, പെറ്റമ്മയും, ജനിച്ചുവീണ മണ്ണും സ്വര്‍ഗ്ഗത്തേക്കാള്‍ ശ്രേഷ്ഠമാണ് എന്നാണ് രാമന്‍ പറഞ്ഞത്. ഇതിനപ്പുറത്തൊരു സംസ്‌ക്കാരവും നാടും ലോകത്ത് കാണുകയില്ല.
'അനുഭവജന്യ സ്മൃതിഹേതു
ഇതി സംസ്‌ക്കാര' എന്നാണ് സംസ്‌ക്കാരം എന്ന വാക്കിന് ഭാരതത്തിലെ പൂര്‍വ്വസൂരികള്‍ നല്‍കിയിരിക്കുന്ന നിര്‍വ്വചനം. ഒരു വ്യക്തി എവിടെ ജനിക്കുന്നു. എവിടെ വളരുന്നു എന്നുള്ളതല്ല. മറിച്ച് അവന്റെ അനുഭവത്തില്‍ നിന്ന് ജനിക്കുന്ന ഓര്‍മ്മ അഥവാ തിരിച്ചറിവ് അവന്റെ സംസ്‌ക്കാരത്തിന് കാരണമാകുന്നു. തീയില്‍ തൊട്ടാല്‍ പൊള്ളുമെന്ന് അമ്മ മകന് പറഞ്ഞുകൊടുക്കുമ്പോള്‍ അനുസരിക്കാന്‍ കൂട്ടാക്കാത്ത മകന്‍ തീയെ സ്പര്‍ശിക്കുമ്പോള്‍ ഏല്‍ക്കുന്ന പൊള്ളലില്‍ നിന്ന് അഗ്‌നിക്ക് ചൂടുണ്ട് എന്ന വസ്തുത മനസ്സിലാക്കുന്നു. ഗുരുവില്‍ നിന്നും സഹപാഠികളില്‍ നിന്നും, സ്വന്തം അനുഭവത്തില്‍ നിന്നും, കാലക്രമേണയുള്ള ജീവിതത്തില്‍ നിന്നും നേടുന്ന അറിവുകള്‍ ഒരുവന്റെ സംസ്‌ക്കാര രൂപീകരണത്തിന് കാരണമാകുന്നു.
അറിവ് അനന്തമാണ്. അത് നേടുക എന്നത് ശ്രമകരമായ ദൗതവും. ഗുരുകുലത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ശിഷ്യനോട് ഗുരു ആവശ്യപ്പെട്ടത് നീ പോയി ഈ പ്രകൃതിയില്‍ നിന്ന് ഉപയോഗ ശൂന്യമായ ഒരു ചെടി പറിച്ചുകൊണ്ടുവരാനായിരുന്നു. ഗുരുവിന്റെ ഉപദേശം ശിരസാവഹിച്ച ശിഷ്യന്‍ ഭൂമി മുഴുവന്‍ സഞ്ചരിച്ച് അവസാനം വെറും കൈയ്യോടെ ഗുരു സന്നിധിയില്‍ തിരിച്ചെത്തി. ശിഷ്യന്റെ കൈവശം ഒരു ചെടിയും കാണാതായപ്പോള്‍ ഗുരു കാര്യം തിരക്കി. അപ്പോള്‍ ശിഷ്യന്‍ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഭൂമിയിലെ എല്ലാ സസ്യങ്ങളും നമുക്ക് ഗുണകരമായി തീരുന്നു. ഉപയോഗശൂന്യമായ ഒരു സസ്യത്തേയും ഞാന്‍ പ്രപഞ്ചത്തില്‍ കണ്ടില്ല. ശിഷ്യന്റെ മറുപടി കേട്ട ഗുരു ചിരിച്ചുകൊണ്ട് പറഞ്ഞത് ഇതാണ് നിന്റെ ഏറ്റവും വലിയഅറിവ് എന്നാണ്. ഉപയോഗ ശൂന്യമായ ഒരു വസ്തുവിനേയും ഈ പ്രകൃതി ഉള്‍ക്കൊള്ളുന്നില്ല എന്ന അറിവാണ്. ഭാരതീയ പാരമ്പര്യത്തിലെ ഗുരു ശിഷ്യ ബന്ധം ഇന്ന് വിസ്മൃതിയിലായിരിക്കുന്നു. സര്‍വ്വ വിദ്യാപാരംഗതരായ ഗുരുനാഥന്മാര്‍ ഇന്ന് ഇല്ല. ഗുരുമുഖത്തു നിന്ന് വിദ്യ നേരിട്ട് അഭ്യസിക്കണമെന്ന നിര്‍ബന്ധവും ഇന്ന് ഇല്ലാതായിരിക്കുന്നു.
അറിവ് വിരല്‍ തുമ്പത്ത് എത്തി നില്‍ക്കുന്ന കാലഘട്ടമാണ് ഇന്ന് സംജാതമായിരുന്നത്. വിദ്യാഭ്യാസം ജോലി നേടാനുള്ള ഉപാദിയായി മാറിയിരിക്കുന്നു. ഏതു ജോലിക്ക് എന്തു പഠിക്കണം എന്നതുമാത്രമാണ് ഇപ്പോഴത്തെ ചിന്ത. ഗുരുമുഖത്തുനിന്ന് വാര്‍ന്നു വീഴുന്ന അറിവിന്റെ സൂക്തങ്ങളെ താളിയോലകളില്‍ നാരായം കൊണ്ട് പകര്‍ത്തി പിന്നീട് ഉഷസ്സിന്റെ ആദ്യയാമങ്ങളില്‍ എഴുന്നേറ്റ് അത് ആവര്‍ത്തിച്ച് പഠിച്ച് ഹൃദിസ്ഥമാക്കി മാറ്റുന്ന വിദ്യാര്‍ത്ഥിയുടെ ചിത്രം ഇന്നില്ല. ക്ലാസ്സില്‍ ബഹളമുണ്ടാക്കിയ വിദ്യാര്‍ത്ഥിയോട് ക്ലാസ്സ് മുറിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടപ്പോള്‍ സാറ് വേണമെങ്കില്‍ ഇറങ്ങിപ്പോ അയ്യായിരം രൂപ കൊടുത്തിട്ടാണ് ഇവിടെ നില്‍ക്കുന്നത് എന്നായിരുന്നു മറുപടി. നീ അയ്യായിരമാണെങ്കില്‍ ഞാന്‍ അഞ്ച് ലക്ഷമാണ് കൊടുത്തതെന്ന് അധ്യാപികയും മറുപടി പറഞ്ഞു. ഇന്നത്തെ അധ്യാപക വിദ്യാര്‍ത്ഥി ബന്ധത്തിന്റെ ഒരു ചെറിയ ചിത്രം മാത്രമാണിത്. വിദ്യാഭ്യാസം എങ്ങോട്ട് പോകുന്നു എന്നതിന്റെ തെളിവും.
ഗുരുകുലത്തില്‍ നിന്ന് ഗുരു പുറത്താക്കിയിരുന്ന വിദ്യാര്‍ഥിയെ സ്വന്തം വീട്ടില്‍പോലും കയറ്റുമായിരുന്നില്ല എന്നതായിരുന്നു പണ്ടത്തെ സ്ഥിതി. ഗുരുവിനെ അത്രയധികം വിശ്വാസം രക്ഷിതാക്കള്‍ക്ക് ഉണ്ടായിരുന്നു. തന്റെ മകന്റെ ഭാവി ഗുരുവില്‍ സുരക്ഷിതമാണ് എന്ന വിശ്വാസമായിരുന്നു അവര്‍ക്ക്. രക്ഷിതാക്കളുടെ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ഗുരുവും പ്രതിജ്ഞാബദ്ധനായിരുന്നു.
'ഗുരോസ്തു മൗനം വ്യഖ്യാനം'.ഗുരുവിന്റെ മൗനം പോലും വ്യഖ്യാനമായി കരുതിയ നാടാണ് നമ്മുടേത്. ഗുരു മുഖത്തുനിന്ന് ശാപം ഏറ്റുവാങ്ങി ഗുരു പുറത്താക്കിയ അംഗുലിമാലന്റെ ചരിതം ബുദ്ധന്റെ കഥകളില്‍ പ്രതിപാദിക്കുന്നുണ്ട്. സ്ഥിരമായി അനുസരണകേട് കാട്ടിയതിന് ഗുരു പുറത്താക്കിയ ശിഷ്യനെ സ്വന്തം മാതാപിതാക്കള്‍ വീട്ടില്‍ കയറ്റിയില്ല. നാട്ടുകാരും സ്വന്തക്കാരും വെറുത്തും തുടര്‍ന്ന് വനാന്തരങ്ങളില്‍ കൊള്ളക്കാരനായി മാറി. വനത്തിലൂടെ എത്തുന്ന ആളുകളെ കൊന്ന് വിരല്‍ മുറിച്ചെടുത്ത് മാലയാക്കി കഴുത്തില്‍ ധരിച്ച് അംഗുലിമാലന്‍ എന്ന പേരു സമ്പാദിച്ച വ്യക്തിയുടെ കഥ. ഇത് അക്കാലത്തെ ഗുരുശാപം ഏറ്റു വാങ്ങേണ്ടി വരുന്ന ശിഷ്യന്റെ കഥയാണ് സൂചിപ്പിക്കുന്നത്. പിന്നീട് ശ്രീബുദ്ധനാണ് അംഗുലീമാലന് ശാപമോക്ഷ മാര്‍ഗ്ഗം ഉപദേശിക്കുന്നത്.
'മാതൃ ദേവോ ഭവ
പിതൃ ദേവോ ഭവ
ആചാര്യ ദേവോ ഭവ
അതിഥി ദേവോ ഭവ ' എന്ന ഉപനിഷത്ത് വാക്യം പൂര്‍വ്വസൂരികളുടെ ഉദാത്ത തയുടെ ബഹിര്‍ സ്പുരണമാണ്. അമ്മയാണ് ആദ്യത്തെ ഗുരു. അതിനുശേഷം അച്ഛന്‍. അച്ഛനു ശേഷം ഗുരുവിനെ ദേവനായി കണ്ട പാരമ്പര്യം അത് ഭാരതത്തിനു മാത്രം അവകാശപ്പെട്ടതാണ്.
'ഗുരുവര കരുണാ ലേശമുണ്ടെന്നു വന്നാല്‍
ഒരുവനും ഒരു കാര്യം സാധ്യമല്ലാതെയുണ്ടോ
പരമതിലൊരു ദൈവം മറ്റെനിക്കില്ല പാര്‍ത്താല്‍
പരമശിവനതാം ആചാര്യനെ തൊഴുന്നേന്‍' എന്നാണ് നാം ഗുരു സങ്കല്‍പത്തെ പ്രകീര്‍ത്തിച്ചിരുന്നത്.
ഭൗതികവും, ആധ്യാത്മികവുമായ സകല വിഷയങ്ങളെ കുറിച്ചും സമഗ്രമായി അറിവുള്ളവരായിരുന്നു ഭാരതീയ ഋഷി പരമ്പര. കലയും ശാസ്ത്രവും മതബോധവും ഇവര്‍ക്ക് അപ്രാപ്യമായിരുന്നില്ല. രാമായണ കാവ്യം ചമച്ച വാല്‍മീകി അക്ഷരലക്ഷഗണികശാസ്ത്രവും എഴുതിയിരുന്നുവെന്ന് പ്രാചീന ഗ്രന്ഥങ്ങള്‍സൂചിപ്പിക്കുന്നു. കണക്കിലെ 64 സിദ്ധാന്തങ്ങളാണ് അക്ഷര ലക്ഷ ഗണിത ശാസ്ത്രത്തില്‍ വിവരിക്കുന്നത്. ആദി കവി ഗുരുവായ വാല്‍മീകി
തമസാ നദിയുടെ തീരത്ത് കൊമ്പു കോര്‍ത്തിരുന്ന ക്രൗഞ്ച പക്ഷികളില്‍ ഒന്നിനെ വനവേടന്‍ എയ്തുവീഴ്ത്തിയ നോവിലാണ് രാമയണ വാക്യത്തിന് തുടക്കമിട്ട ശ്ലോകത്തെ ഉതിര്‍ത്തതെന്ന് പുരാണ കഥനം. കഥയെന്തുമാകട്ടെ വാല്‍മീകിയുടെ ചരിത്രം കാട്ടാളനില്‍ നിന്ന് സന്യാസിയിലേക്കുള്ള പരിണാമമാണ്.
രജോ, തമോ, സത്വ ഗുണങ്ങളാണ് ഒരു മനുഷ്യന്റെ ഉള്ളിലുള്ളത്. രാജാവിന്റെ ഗുണത്തെ രജോഗുണമെന്നും, രാക്ഷസന്റെ അഥവാ ഇരുട്ടിന്റേയും, അന്ധതയുടേയും ഗുണത്തെ തമോഗുണമെന്നും, താപസന്റെ ഗുണത്തെ സത്ഗുണമെന്നും വിവക്ഷിക്കുന്നു. ഓരോ വ്യക്തിയുടേയും സ്വഭാവമാണ് അവനിലെ രജോ, തമോ, സത്വങ്ങളെ ഉണ്ടാക്കുന്നത്. പ്രവര്‍ത്തികൊണ്ടും ചിന്തകൊണ്ടും ഒരു ഗുണത്തില്‍ നിന്ന് മറ്റൊരു ഗുണത്തിലേക്ക് മാറാന്‍ കഴിയും കാട്ടാളനെ സന്യാസിയാക്കിയ വാല്‍മീകിയുടെ ചരിതം തമോഗുണത്തില്‍ നിന്ന് സത്വഗുണത്തിലേക്കുള്ള ഒരു മനുഷ്യന്റെ പരിണാമത്തെയാണ് സൂചിപ്പിക്കുന്നത്.
ഇതിനാല്‍ തന്നെ ജീവിതത്തിലെ വഴിത്താരയുടെ മധ്യ ഭാഗത്തുവെച്ച് സത്വഗുണത്തിലേക്ക് മാറിയ വാല്‍മീകി ബ്രഹ്‌മവിദ്യയുടെ അംശമായ ഗണിതശാസ്ത്രത്തെ കുറിച്ചും ഗ്രന്ഥം രചിച്ചിരുന്നു എന്നു പറയുന്നതില്‍ അത്ഭൂതമില്ല. നമ്മുടെ പ്രാചീന കാലത്ത് ഉപയോഗിച്ചിരുന്ന അസ്ത്ര, ശസ്ത്രാദികള്‍ ഗണിത ശാസ്ത്രത്തിന്റെ കണക്കുകൂട്ടലിലായിരുന്നു പ്രയോഗിച്ചിരുന്നത് എന്നു കാണാം. വേദഗണിതം നമുക്ക് സുപരിചിതമായിരുന്നു.
പുരാണങ്ങളില്‍ വിവരിക്കുന്ന യുദ്ധഘട്ടങ്ങളില്‍ അസ്ത്രവും, ശസ്ത്രവും പ്രയോഗിക്കുന്നു എന്ന് വിവരിക്കുന്നുണ്ട്. രണ്ടിന്റേയും പൊതുവായ അര്‍ത്ഥതലം അമ്പ് എന്നതാകുമ്പോള്‍ എന്തിനാണ് ഇങ്ങനെയൊരു വേര്‍തിരിവ് എന്ന് ചിന്തിക്കുന്നവരുണ്ടാകാം. ഇതിനെ പറ്റി പണ്ഠിതര്‍ വിശദമാക്കിയിരിക്കുന്നത് ഇപ്രകാരമാണ്. യുദ്ധസമയത്ത് ശത്രുവിന് നേരെ ലക്ഷ്യം പിടിച്ച് വെറുതെ പ്രയോഗിക്കുന്ന അമ്പിനെ അസ്ത്രമെന്നും, മന്ത്രത്തിന്റെ അകമ്പടിയോടെ ജപിച്ച് അയയ്ക്കുന്ന അമ്പിനെ ശസ്ത്രം എന്നും പറയുന്നു.
ശാസ്ത്രം അഥവാ സയന്‍സ് എന്ന വാക്കില്‍ നിന്നാണ് ശസ്ത്രത്തിന്റെ ഉത്ഭവം. ഗണിതം ഒരു ശാസ്ത്രമായതിനാല്‍ ശസ്ത്ര പ്രയോഗത്തില്‍ ഈ ശാസ്ത്രത്തിന്റെ സ്വാധീനം ഉണ്ട്. ആഗ്‌നേയാസ്ത്രത്തെ, വരുണാസ്ത്രം കൊണ്ടും നാഗാസ്ത്രത്തെ ഗരുഡാസ്ത്രം കൊണ്ടും നേരിടുന്നത് അവ ശസ്ത്രങ്ങളായതിനാലാണ്. ശാസ്ത്രയുഗം എന്ന പേരില്‍ നാം ഇന്ന് അഭിമാനം കൊള്ളുന്ന ആധുനികകാലഘട്ടത്തിന്റെ കണ്ടുപിടുത്തങ്ങള്‍ പലതും പ്രഗത്ഭമതികളായ നമ്മുടെ പൂര്‍വ്വികരുടെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള സംഭാവനകളുടെ വെറുമൊരു പുനരാവിഷ്‌ക്കരണം മാത്രമാണെന്ന് കാണാം.
താളിയോലകളിലും, ചെമ്പോലകളിലും നാം എഴുതി സൂക്ഷിച്ചിരുന്ന ഗ്രന്ഥങ്ങള്‍ പലതും സംരക്ഷിക്കാന്‍ ആളില്ലാതെ കാലഹരണപ്പെട്ടുപോയിട്ടുണ്ട്. ചിലതൊക്കെ ഇംഗ്ലണ്ടിലും, ഫ്രാന്‍സിലും, ജപ്പാനിലും, അമേരിക്കയിലും സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. സംസ്‌കൃതഭാഷയില്‍ എഴുതിയിരിക്കുന്ന താളിയോലകളുടെ അന്തസത്ത പരിശോധിക്കുവാനും, വായിക്കുവാനും ആളില്ലാതെ വന്നതും പലതും മനസ്സിലാക്കാതിരിക്കുന്നതിനു കാരണമായി. മധ്യ തിരുവിതാംകൂറില്‍ ഹരിപ്പാടിനു പടിഞ്ഞാറ് ഭാഗത്ത് ഇന്ന് കടല്‍ കാണപ്പെടുന്ന പ്രദേശത്ത് ശ്രീമൂലവാസം എന്ന പേരില്‍ വലിയൊരു ബുദ്ധമതകേന്ദ്രം നിലനിന്നിരുന്നു എന്ന് നാം മനസ്സിലാക്കിയത് ജപ്പാനില്‍ നിന്ന് കണ്ടെടുത്ത ഗ്രന്ഥത്തിലാണ്.
Content Highlights: buddha, Thaliyola, America, Purana