'താമസമെന്തേ വരുവാന്‍ കേള്‍ക്കാനായി തിയേറ്ററില്‍ 27 തവണ ഭാര്‍ഗവീനിലയം കാണാന്‍ പോയിട്ടുണ്ട്'

1958-ലെ മത്സരത്തിന് ഞാന്‍ പങ്കെടുത്തത് ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്‌കൂളില്‍നിന്നാണ്. യേശുദാസ് കൊച്ചിയിലെ പള്ളുരുത്തി സെയ്ന്റ് സെബാസ്റ്റ്യന്‍ സ്‌കൂളില്‍നിന്നും. അദ്ദേഹം പത്താം ക്ലാസിലും ഞാന്‍ എട്ടാം ക്ലാസിലും. ക്ലാസിക്കല്‍-ലളിത സംഗീതങ്ങള്‍ക്ക് അദ്ദേഹം മത്സരിച്ചു. മൃദംഗത്തിലും ലളിതസംഗീതത്തിലും ഞാനും.
ഞങ്ങളുടെ സ്‌കൂളിലെ മലയാളം മാഷ് രാമന്‍മേനോനാണ് എന്നെയും മറ്റ് മത്സരാര്‍ഥികളെയും തിരുവനന്തപുരം മോഡല്‍ സ്‌കൂളിലേക്ക് കൊണ്ടുപോയത്. അതിനുള്ള എല്ലാ സഹായവും നല്‍കിയത് ഞങ്ങളുടെ ഹെഡ്മാസ്റ്റര്‍ ശ്രീധരമേനോന്‍ മാഷായിരുന്നു. ക്ലാസിക്കല്‍-ലളിത സംഗീതമത്സരങ്ങളില്‍ യേശുദാസ് ഒന്നാം സമ്മാനം നേടിയപ്പോള്‍, മൃദംഗത്തില്‍ ഒന്നാം സമ്മാനവും ലളിതസംഗീതത്തില്‍ രണ്ടാം സമ്മാനവും എനിക്കും ലഭിച്ചു. കലാമത്സരങ്ങളുടെ അവസാനം അദ്ദേഹം ശാസ്ത്രീയസംഗീതം പാടി, ഞാന്‍ മൃദംഗം വായിച്ചു. മറ്റൊരു വിദ്യാര്‍ഥി ശ്രുതി ഇട്ടു.
1964-ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ ആസ്പദമാക്കി അദ്ദേഹംതന്നെ തിരക്കഥ എഴുതി വിന്‍സന്റ് മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്ത ചന്ദ്രതാരാ ചിത്രമായ ഭാര്‍ഗവീനിലയം എനിക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ്. അതിലെ ബീംബ്ലാസ് രാഗത്തിലുള്ള ''താമസമെന്തേ വരുവാന്‍... താമസമെന്തേ വരുവാന്‍...പ്രാണസഖീ... എന്റെ മുന്നില്‍...താമസമെന്തേ അണയാന്‍ പ്രേമമയീ എന്റെ കണ്ണില്‍...'' എന്ന ഗാനം.
ഇതിനപ്പുറത്തൊരു പാട്ടില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഈ പാട്ട് കേള്‍ക്കാന്‍വേണ്ടി ഇരിങ്ങാലക്കുട കോന്നി തിയേറ്ററില്‍ 27 തവണ ഭാര്‍ഗവീനിലയം സിനിമ കാണാന്‍ പോയിട്ടുണ്ട്. ബഷീര്‍ എഴുതി: ''നീണ്ട കണ്ണുകളും ചുരുണ്ട അളകങ്ങളും വെള്ളവസ്ത്രവുമായി അവള്‍ എന്നും വരാറുണ്ടായിരുന്നു... ഒരു ദിവസം അവള്‍ വന്നില്ല. എന്തേ വന്നില്ല?''
ഭാസ്‌കരന്‍ മാസ്റ്റര്‍ എഴുതി: ''താമസമെന്തേ വരുവാന്‍...'' ഇത്രയും നല്ലൊരു ഗാനം മറ്റാര്‍ക്കും എഴുതാന്‍ കഴിയില്ല, ബാബുക്കയ്ക്കല്ലാതെ മറ്റൊരാളിനും ഇത്ര നല്ല ഈണം നല്‍കാന്‍ കഴിയില്ല. ദാസേട്ടന്റെ എറ്റവും മികച്ച ഗാനവും ഇതുതന്നെ. ''അജ്ഞാത ഗായകാ എന്നെ ഒന്നുറക്കിയിട്ടു പോകൂ...'' എന്നുപറഞ്ഞിട്ട് സിതാറിന്റെ നാദം... തുടര്‍ന്ന് ''താമസമെന്തേ...'' എന്ന് തുടങ്ങുന്നു. അവിടെയാണതിന്റെ മനോഹാരിത. ഞങ്ങള്‍ കൂട്ടുകാര്‍ കോളേജിന് തൊട്ടടുത്തുള്ള സേതുവിന്റെ ഒരു പഴയ വീട് വാടകയ്‌ക്കെടുത്ത് അതിന് ഭാര്‍ഗവീനിലയം എന്ന് പേരിട്ട് അവിടെ ഒത്തുകൂടിയിരുന്നു. അത്രയ്ക്ക് ഞങ്ങളെ സ്വാധീനിച്ച ഒരു സിനിമയാണ് ഭാര്‍ഗവീനിലയവും അതിലെ 'താമസമെന്തേ...' എന്ന ഗാനവും.
(പുനഃപ്രസിദ്ധീകരണം)
Content Highlights: yesudas birthday, singer p jayachandran about yesudas