''പ്രസന്നമായ മുഖം ദാസിന്റെ മാത്രം പ്രത്യേകതയായി തോന്നിയിട്ടുണ്ട്''

ഞാൻ മദ്രാസിൽ വന്ന കാലത്ത് പി.ജെ. ആന്റണി, ജോബ്, അമേരിക്കൻ കോൺസുലേറ്റിൽ ജോലിയായിരുന്ന രാജൻ എന്നിങ്ങനെ ചിലരായിരുന്നു കൂട്ട്. അവിടെ തൊട്ടടുത്താണ് യേശുദാസ് ഒരു ചെറിയ വീട്ടിൽ താമസിച്ചിരുന്നത്. 'ടി' നഗറിൽ ശ്രീരാംപേട്ട് എന്ന സ്ഥലത്ത്. അന്ന് ആർക്കും വലിയ പണിയൊന്നുമില്ല. 63-64 കാലഘട്ടമാണ്. ഞങ്ങളിങ്ങനെ സാധാരണ കാണും, ഒത്തുകൂടും, വെറുതെ വർത്തമാനം പറഞ്ഞുനടക്കും. യേശുദാസിനന്ന് ചാൻസുകൾ കിട്ടിത്തുടങ്ങിയിരുന്നു. യേശുദാസുൾപ്പെടെ അന്ന് ആരുടെ കൈയിലും ഒരു നൂറുറുപ്പികപോലും എടുക്കാനുണ്ടായിരുന്നില്ല. നൂറുറുപ്പിക ഉണ്ടെങ്കിൽ പി.ജെ. ആന്റണി പറയും, 'എടോ ഞാനിന്ന് ധനികനാണെടോ' എന്ന്. ഒരു പ്രത്യേകതരം ക്യാരക്ടറായിരുന്ന ആന്റണിയെ എല്ലാവർക്കും ഇഷ്ടമായിരുന്നു. പക്ഷേ, എല്ലാവരോടും പെട്ടെന്നൊന്നും അടുക്കില്ല. അടുത്തുകഴിഞ്ഞാൽ വലിയ സ്നേഹവുമായിരുന്നു. ഏറ്റവും അടുപ്പമുള്ള സുഹൃത്ത് ഞാനായിരുന്നു എന്നാണ് എന്റെ വിശ്വാസം. എവിടെ പോകുമ്പോഴും എന്നെ വിളിക്കും. ഞങ്ങളൊരുമിച്ചേ പോകാറുള്ളൂ.
ഈ സമയത്താണ് യേശുദാസിന്റെ അച്ഛന് അസുഖം വരുന്നതും മരിക്കുന്നതും. അച്ഛൻ മരിക്കുമ്പോൾ യേശുദാസ് വലിയ കഷ്ടപ്പാടിലായിരുന്നു. ഹോസ്പിറ്റലിൽനിന്ന് അച്ഛന്റെ ബോഡിയെടുക്കാൻ പോലും പണമില്ലാത്ത സാഹചര്യം. അവിടെ 'ചെറിയാൻ ബ്രദേഴ്സ്' എന്നു പേരുള്ള ഒരു സ്റ്റുഡിയോ ഉണ്ടായിരുന്നു. യേശുദാസുമായി നല്ല അടുപ്പമായിരുന്ന ചെറിയാൻ എന്ന ആളായിരുന്നു ഉടമ. എറണാകുളത്തെ ഞാറയ്ക്കൽ സ്വദേശി. യേശുദാസിന്റെ കുടുംബവുമായി നല്ല ബന്ധമുള്ളയാൾ. പി. ഭാസ്‌കരനും ചെറിയാനുമാണ് യേശുദാസിനെ അന്നു സഹായിച്ചത്. 1000 രൂപയ്ക്ക് താഴെയോ മറ്റോ ആയിരുന്നു ഹോസ്പിറ്റൽ ബിൽ. അത് അന്നത്തെ വലിയ തുകയായിരുന്നു. ശ്രീരാംപേട്ടിലെ വീട്ടിലാണ് ബോഡി കൊണ്ടുവന്നത്. ചടങ്ങുകളെല്ലാം എങ്ങനെയോ കഴിഞ്ഞുകൂടി.
ആ കാലഘട്ടം ദാസിന് വളരെ മോശമായിരുന്നു. അത് കഴിഞ്ഞിട്ടാണ് പിന്നെ ബോഗുറോഡിലേക്കു വരുന്നത്. ഒരു സർക്കുലർ റോഡ് മാതിരിയാണ് ഈ ബോഗു റോഡ്. അവിടെയാണ് ദാസ് പിന്നീട് താമസിച്ചത്. അവിടെ ദാസിന്റെ കൂടെ പോൾ എന്നു പറയുന്ന ഒരാളുണ്ടായിരുന്നു - കൊച്ചിക്കാരൻ. ഞങ്ങൾ മൂന്നുപേരുംകൂടെ വൈകുന്നേരമാകുമ്പോൾ നടക്കാൻ പോകും. അതിന്റെ തൊട്ടടുത്തായിരുന്നു ശാന്താ പി. നായരും ലതയും. ശാന്തച്ചേച്ചി ഞങ്ങളായിട്ട് നല്ല അടുപ്പമായിരുന്നു. എന്നെ അവരെപ്പോഴും മകനെപ്പോലെയാണ് കരുതിയിരുന്നത്. അവിടെ പോകുമ്പോൾ ശാന്തച്ചേച്ചി ഇടയ്ക്കു വിളിക്കും. നമുക്കന്ന് പണിയൊന്നുമില്ലല്ലോ, അങ്ങോട്ടു പോകും. ചെറിയ ചെറിയ പണികളിലെന്തെങ്കിലും സഹായിക്കും.
ആ സമയത്താണ്, ഭാർഗവീനിലയം. അന്നത്തെ കാലത്ത് അതാത് പ്രൊഡക്ഷൻ ഓഫീസുകളിലാണ് മ്യൂസിക് കമ്പോസ് ചെയ്യുക. ഇൻസ്ട്രുമെന്റ് വായിക്കുന്നവരും പാടുന്നവരും മ്യൂസിക് ഡയറക്ടറും ഒക്കെ കൂടിയിരുന്ന് റൂമിനകത്ത് വെച്ചാണ് കമ്പോസ് ചെയ്യുക. എം.എസ്. ബാബുരാജായിരുന്നു ഭാർഗവീനിലയത്തിന്റെ സംഗീതസംവിധായകൻ. മലയാളത്തിന്റെ എക്കാലത്തെയും ചില സുവർണ ഗാനങ്ങൾ ആ സിനിമയിലാണല്ലോ. ബാബുരാജ് കമ്പോസ് ചെയ്യുന്നതിന് ഒരു പ്രത്യേക സ്‌റ്റൈലുണ്ട്. കമ്പോസിങ്ങിന്റെ സമയത്തൊക്കെ മിക്കവാറും ഞങ്ങൾ അവിടെയുണ്ടാകും. ചന്ദ്രതാരയിലാണ് അന്ന് എന്റെ അഡ്രസ്. എനിക്കുള്ള കത്തുകളും എന്നെ കാണാനുള്ളവരുമൊക്കെ അവിടെയാണെത്തുക. അന്ന് പരമേശ്വരൻനായരായിരുന്നു അവിടെ സ്റ്റിൽ ഫോട്ടോഗ്രാഫർ. അദ്ദേഹത്തിന്റെ കൂടെയാണ് ഞാൻ വർക്ക് ചെയ്തിരുന്നത്. പലപ്പോഴും ദാസ് അവിടെയുണ്ടാകും. പ്രസന്നമായ മുഖമായിരിക്കും എല്ലായ്പ്പോഴും എന്നത് ദാസിന്റെ മാത്രം പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുണ്ട്. ആരോടും ചിരിച്ച് എന്തെങ്കിലും തമാശയൊക്കെ പറയുന്ന ഒരു ക്യാരക്ടർ.
ഭാർഗവീനിലയം കഴിഞ്ഞതിനുശേഷമാണ് ദാസ് ഒരു കാർ വാങ്ങിക്കുന്നത്. ഒരു വെളുത്ത മോറിസ് മൈനർ. ആദ്യം വാങ്ങിക്കുന്ന കാർ. ഈ കാർ വാങ്ങിച്ചതിനുശേഷം ദാസ് ഗോകുലം കോളനി എന്നു പറഞ്ഞ സ്ഥലത്തേക്ക് താമസം മാറി. എൽ.ആർ. ഈശ്വരി താമസിക്കുന്നതിന് എതിർവശത്തുള്ള വീടിന്റെ അപ്സ്റ്റെയറിലേക്ക്. ഞാനും പോളും ദാസും ചേർന്നാണ് സാധനങ്ങളൊക്കെ കൊണ്ടുപോയത്. അധികമൊന്നുമില്ല. ഉള്ള സാധനങ്ങൾ കാറിലൊക്കെ കയറ്റി ഞങ്ങളവിടെ കൊണ്ടുവെച്ചു. ദാസിനിതൊക്കെ ഓർമയുണ്ടോ എന്ന് എനിക്കറിയില്ല. അവിടെ താമസം തുടങ്ങിയതിനുശേഷം ദാസിന് തിരക്കേറി. ധാരാളം പാടാൻ അവസരങ്ങൾ കിട്ടി. പിന്നെ, ഞാൻ ദാസിന്റെ വീട്ടിലങ്ങനെ പോകാറില്ല. എന്നു പറഞ്ഞാൽ, ദാസ് വീട്ടിലുണ്ടാകാറില്ല. കാലത്തിറങ്ങിയാൽ ഒരു സ്റ്റുഡിയോയിൽനിന്ന് വേറൊരു സ്റ്റുഡിയോ-അങ്ങനെ റിക്കോഡിങ് സ്റ്റുഡിയോയിലാണ് ഞങ്ങൾ കാണാറ്. അവിടെനിന്നാണെങ്കിൽ അധികമൊന്നും സംസാരിക്കാൻ പറ്റില്ല. ദാസിന്റെ ഒരു പ്രത്യേകതയുണ്ട്. പാട്ട് റിഹേഴ്സൽ ചെയ്യുന്ന സമയത്ത് വലിയ ഏകാഗ്രതയിലായിരിക്കും. അതിനിടയ്ക്കു ആരെങ്കിലും സംസാരിച്ചാൽ ദാസിന് ദേഷ്യം വരും. വിഷ് ചെയ്താൽത്തന്നെ ചിലപ്പോൾ അദ്ദേഹം മൈൻഡ് ചെയ്യില്ല. അതുകണ്ട് ചിലർ പറയും 'സ്‌റ്റൈൽ കണ്ടില്ലേ', എന്ന്. മറ്റൊരു കാര്യം ഞാനോർക്കുന്നത്, പാടുന്ന സമയത്ത് ഒരു സവിശേഷമായ എക്സ്പ്രഷനായിരുന്നു ദാസിന്റെ മുഖത്ത് എന്നതാണ്.
ദാസിന്റെ ഉയർച്ച പെട്ടെന്നായിരുന്നു. കാലത്ത് ഇവിടത്തെ സ്റ്റുഡിയോയിലാണെങ്കിൽ വൈകുന്നേരം ബോംബെയിലായിരിക്കും. മൂന്നു നാലു കൊല്ലം തുടർച്ചയായി ദാസിന് ഇന്ത്യൻ എയർലൈൻസ് അവാർഡ് കൊടുത്തിരുന്നു, ഏറ്റവും കൂടുതൽ യാത്ര ചെയ്തതിന്. സ്റ്റുഡിയോയിൽ റിക്കോഡിങ് നടക്കുമ്പോൾ, ഇന്ത്യൻ എയർലൈൻസിലേക്ക് ദാസ് വിളിച്ചുപറയും, താൻ വരുന്നുണ്ടെന്ന്. ഫ്‌ലൈറ്റൊക്കെ ദാസിനെ വെയ്റ്റ് ചെയ്തിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു.
എത്രതന്നെ ഉന്നതിയിലെത്തിയിട്ടും എന്നെ കണ്ടുകഴിഞ്ഞാൽ ദാസ് എന്തെങ്കിലും ഒന്ന് പറയാതിരുന്നിട്ടില്ല. മറ്റുചിലർ നമ്മളെ കാണുമ്പോൾ വെറുതെ 'ഹലോ' എന്നു പറഞ്ഞുപോകുകയാണ് പതിവ്. ദാസ് അങ്ങനെയായിരുന്നില്ല.
അഞ്ചോ ആറോ കൊല്ലം തുടർച്ചയായി 'ഹിറ്റ്സ് ഓഫ് യേശുദാസ്' എന്ന എൽ.പി. റിക്കോഡുകളുടെ കവർ ഞാനെടുത്ത പടം വെച്ചിട്ടുള്ളതായിരുന്നു. എച്ച്.എം.വിയൊക്കെ അന്ന് എന്റടുത്താണ് പടത്തിനു പറയുക. അതിൽ ഒന്നുരണ്ടെണ്ണത്തിന് താടിയില്ല. അന്നത്തെ എന്റെ കാമറ യാഷിക്ക മാറ്റ് ആയിരുന്നു. ആ കാമറയിലാണ് ദാസിനെ ആദ്യമെടുത്തത്. പിന്നെ 'മാമിയ'യാക്കി. മാമിയയിൽ ഒരുപാട് ലെൻസുകളുണ്ട്. ക്ലോസപ്പുകളെടുക്കാൻ അത് നല്ലതായിരുന്നു. റോളികോഡ്, റോളി ഫ്‌ലൂക്സ്, യാഷിക്ക മാറ്റ് എന്നതൊക്കെയാണ് അന്നുള്ള കാമറകൾ. ഏറ്റവും നല്ല കാമറ റോളി ഫ്‌ലൂക്സ് തന്നെ. ഒരുവിധം സ്റ്റുഡിയോകൾ മുഴുവനും റോളി ഫ്‌ലൂക്സാണ് ഉപയോഗിക്കുക. അതിൽ ഒരുപാടു സൗകര്യങ്ങളുണ്ട്. അതും എന്റടുത്തുണ്ടായിരുന്നു.
ആദ്യമൊക്കെ യേശുദാസിന്റെ നേരെ കാമറ വെക്കുമ്പോൾ ഇങ്ങനെ ഒരു ഉയർച്ചയുണ്ടാകുമെന്നൊന്നും കരുതിയിരുന്നില്ല. ഞങ്ങൾ അത്ര അടുപ്പമായിരുന്നു. മിക്ക വൈകുന്നേരങ്ങളിലും ഞാനും ദാസും നടക്കാനിറങ്ങും. അന്നും വൈറ്റ് ആൻഡ് വൈറ്റ് തന്നെയാണ് ദാസിന്റെ വേഷം. പാന്റ്സ് ആണ് ഉപയോഗിക്കുക എന്നുമാത്രം. കല്യാണം കഴിഞ്ഞതിനുശേഷമാണ് മുണ്ടുടുക്കാൻ തുടങ്ങിയതെന്നു തോന്നുന്നു. വേറൊരു പെൺകുട്ടിയുമായി ആയിരുന്നു ആദ്യം കല്യാണം ഫിക്സ് ചെയ്തത്. കാണാൻ നല്ലൊരു കുട്ടി. കൊല്ലത്തോ കോട്ടയത്തോ മറ്റോ ഉള്ളത് ആ കല്യാണം എങ്ങനെയോ തെറ്റിപ്പോയി. എന്നിട്ടാണ് പ്രഭയുമായുള്ള കല്യാണം നടക്കുന്നത്.
അക്കാലത്ത് ഞാൻ സ്ഥിരമായി റിക്കോഡിങ് സ്റ്റുഡിയോവിൽ പോകും. പലരേയും കാണാനും പരിചയപ്പെടാനുമൊക്കെ. ഭാർഗവീനിലയത്തിലെ 'താമസമെന്തേ വരുവാൻ' എന്റെ ഓർമ ശരിയാണെങ്കിൽ 13-14 ടേക്ക് ആയിട്ടുണ്ട്. അതോടെ ദാസ് വല്ലാതായി. റെക്കോഡിസ്റ്റ് കണ്ണൻ ബാബുരാജിനോട് പറഞ്ഞു, 'മതി ബാബു, ഒരു പാട്ടിന് എന്തിന് ഇത്ര കഷ്ടം.' അന്ന് ഒരു ഇൻസ്ട്രുമെന്റ് തെറ്റിയാൽ പിന്നെയും മുഴുവൻ എടുക്കണം. ഒറ്റ സ്ട്രെച്ചിലാണ് പാട്ട് റിക്കോഡിങ്.
'താമസമെന്തേ' ചന്ദ്രതാരയുടെ ഓഫീസിൽ വെച്ചായിരുന്നു റിഹേഴ്സൽ. വലിയ ഓഫീസ് ആയിരുന്നു അത്. ജാനകിയും യേശുദാസും മ്യൂസിക് ഡയറക്ടർ എം.എസ്. ബാബുരാജും ഇൻസ്ട്രുമെന്റ് വായിക്കുന്ന ഒന്നുരണ്ടുപേരും ഉണ്ടായിരുന്നെന്നാണ് ഓർമ. ആ റിഹേഴ്സൽ കഴിഞ്ഞാണ് 'രേവതിസ്റ്റുഡിയോ'യിലേക്ക് പോകുന്നത്. രേവതിയായിരുന്നു അന്നത്തെ പ്രധാന സ്റ്റുഡിയോ. മലയാള സിനിമകളുടെയെല്ലാം റെക്കോഡിങ്ങ് അവിടെയായിരുന്നു. കാലം കുറെ കഴിഞ്ഞാണ് കോടീശ്വരറാവുവിന്റെ ഭരണി സ്റ്റുഡിയോയും മറ്റും വരുന്നത്. രേവതി സ്റ്റുഡിയോയിലെ കണ്ണൻ സാറിപ്പോൾ വർക്ക് ചെയ്യുന്നില്ലെന്നാണ് എനിക്കു തോന്നുന്നത്. മലയാളത്തിലെ മിക്ക ഹിറ്റ് പാട്ടുകളുടെയും റിക്കോഡിസ്റ്റ് കണ്ണനായിരുന്നു. ഭക്ഷണത്തിന്റെ കാര്യം സ്റ്റുഡിയോയിൽ കഴിയും എന്നതാണ് ഞാൻ പതിവായി സ്റ്റുഡിയോയിൽ പോകുന്നതിനൊരു കാരണമെന്നുകൂടി പറയട്ടെ.
(മാതൃഭൂമി പ്രസിദ്ധീകരിച്ച പി.ഡേവിഡിന്റെ യേശുദാസ്, ഒപ്പം നടന്ന ക്യാമറ എന്ന പുസ്തകത്തിൽ നിന്ന്)
Content Highlights: yesudas birthday, p david about yesudas