'പാട്ടുകാരൻ' എന്നതിനു പര്യായമായി കേരളത്തിൽ ഒരേയൊരു ഗായകൻ... യേശുദാസ്

#ശ്രീചിത്രൻ എം.ജെ
യേശുദാസ് | ഫോട്ടോ: എൻ.എം. പ്രദീപ് \ മാതൃഭൂമി
യേശുദാസ് | ഫോട്ടോ: എൻ.എം. പ്രദീപ് \ മാതൃഭൂമി

'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്'


ഏത്? ഏതാണ് ചങ്ങാതീ ആ മാതൃകാസ്ഥാനം? നാരായണഗുരു ഏത് സ്ഥാനം ചൂണ്ടിക്കാണിച്ചു പറഞ്ഞതായാലും ശരി, ഇന്ന് കേരളത്തിൽ അങ്ങനെയൊരു സ്ഥാനമുണ്ടാവാൻ ഒരു സാധ്യതയുമില്ല, അല്ലേ? ശരിയാണ്. പ്രബുദ്ധകേരളത്തിലിന്ന് ജാതിയും മതവും കൊണ്ട് വേലികെട്ടിത്തിരിയ്ക്കാത്ത സ്ഥാനങ്ങളൊന്നും അവശേഷിയ്ക്കുന്നില്ല. പക്ഷേ, ഒരു സ്ഥാനമുണ്ട് കേട്ടോ. ഈ വരികൾ പാടി തന്റെ പാട്ടുജീവിതത്തിലേക്കു പ്രവേശിച്ച മലയാളിഗായകന്റെ സംഗീതം! കാട്ടാശേരിൽ ജോസഫ് യേശുദാസ് എന്ന ഗായകന്റെ പാട്ടുലോകത്തിൽ ജാതിഭേദവുമില്ല, മതദ്വേഷവുമില്ല. ഹരിവരാസനം മുതൽ മാപ്പിളപ്പാട്ടുവരെ സകലതിലും കയറിയങ്ങ് കുടിപ്പാർപ്പായിക്കഴിഞ്ഞു ഈ സത്യക്രിസ്ത്യാനിയുടെ ശബ്ദം !

മലയാളിയുടെ സ്വത്വത്തെ ആസകലം, ആമൂലാഗ്രം ആവേശിച്ച മറ്റൊരു ഭാവുകത്വപരദേവതയും നിലവിലില്ല. ശ്രീനാരായണനു ശേഷം യേശുദാസിനോളം വലിയ മറ്റൊരു വിഗ്രഹത്തെയും മലയാളി ഇത്രമേലുറപ്പോടെ പ്രതിഷ്ഠിച്ചിട്ടുമില്ല. പണ്ട് തിരുവിതാംകൂറിൽ 'കവി' എന്ന ശബ്ദത്തിന് അർത്ഥം 'ഇരയിമ്മൻ തമ്പി' എന്നായിരുന്നത്രേ. അതിലുമെത്രയോ ശക്തമായി, ഇന്ന് കേരളത്തിലൊട്ടാകെ 'പാട്ടുകാരൻ' എന്നതിനു പര്യായമായി ഒരേയൊരു ഗായകൻ യേശുദാസ് ആണ്. യേശുദാസിന്റെ ശബ്ദത്തോടു ഇഴചേർത്തോ ഇഴപേർത്തോ അല്ലാതെ മലയാളിക്കൊരു ഗേയശബ്ദത്തെയും വിലയിരുത്താൻ പോലുമാവില്ല. കേവലമൊരു ഗേയശബ്ദം എന്നത്തിലുപരി, മലയാളിയുടെ പൗരുഷവും കാൽപ്പനികതയും വരേണ്യബോധവുമെല്ലാം ദാസ് ശബ്ദവുമായി കെട്ടുപിണഞ്ഞുകഴിഞ്ഞു. ഒരു ശബ്ദം ഇങ്ങനെ കോളനിയാക്കി മാറ്റിയ ജനത അപൂർവമാണ്.

യേശുദാസ് എന്ന വ്യക്തിയും സംഗീതകാരനും അഭിനന്ദനങ്ങൾക്കും വിമർശനങ്ങൾക്കും വിധേയമായിട്ടുണ്ട്, അവയ്ക്കെല്ലാം ന്യായവുമുണ്ട്. യേശുദാസിന്റെ സംഗീതമേന്മ/തിന്മ എന്നിവയേക്കാൾ വളർന്ന, കേരളീയതയെ ആമൂലാഗ്രം മൂടിക്കഴിഞ്ഞ 'ദാസ്ശബ്ദം' എന്ന ഭാവുകത്വനിർമ്മിതിയേപ്പറ്റി ചിന്തിയ്ക്കുന്നതിന് വാസ്തവത്തിൽ ആദ്യത്തേതിനേക്കാൾ പ്രാധാന്യമുണ്ട്.

ആധുനീകരണം സമ്മാനിച്ച പൊതുജനാംഗീകാരം

മുഴുവൻ മലയാളിയുടെയും പ്രതിനിധിയായി, ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ ജീവിച്ച ഏക മലയാളി യേശുദാസ് ആയിരിയ്ക്കും. ഒന്നാം പകുതിയിലും ഏതാണ്ട് ശ്രീനാരായാണഗുരുവിനെ മാറ്റിനിർത്തിയാൽ, മറ്റാർക്കും അത്തരമൊരു പദവിയില്ല. കേവലമായ ജനപ്രിയതയല്ല ഈ പദവി. യേശുദാസിലും ജനപ്രിയരായ സിനിമാനടന്മാരും അപൂർവം രാഷ്ടീയവ്യക്തിത്വങ്ങളും കേരളത്തിലുണ്ടായിട്ടുണ്ട്. എന്നാൽ അവയോടെല്ലാം ഏതെങ്കിലും സമൂഹഘടകത്തിന് ഇടഞ്ഞുനിൽക്കാതെ വയ്യെന്നുമുണ്ട്. സാമുദായികശ്രേണികളുടെ സവിശേഷ നിലപാടുകളും മൂല്യബോധവുമെല്ലാം അതിലംഘിയ്ക്കപ്പെടുന്ന ഒരു പൊതുസംവാദമണ്ഡലം പങ്കുവെയ്ക്കാൻ കഴിയുമ്പോഴാണ് പൊതുജനാംഗീകാരത്തിന്റെ ആധുനികസ്ഥലം നിർമിക്കപ്പെടുന്നത്. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെ അപൂർവം സാഹിത്യകാരന്മാരും ഇ.എം.എസിനേപ്പോലെ അപൂർവ്വം രാഷ്ടീയക്കാരും ഏതാണ്ടു കൈയെത്തിപ്പിടിച്ച ഈ സംവാദമണ്ഡലത്തിൽ ഒരു പരിക്കുമില്ലാതെ പതിറ്റാണ്ടുകളോളം നിലനിന്ന, ഇനിയും നിലനിൽക്കാവുന്ന മലയാളി യേശുദാസ് മാത്രമായിരിയ്ക്കും. അസ്സാമിൽ ഭൂപൻ ഹസാരികയ്ക്കോ പാക്കിസ്ഥാനിൽ മെഹ്ദി ഹസനോ പോലും ആർജ്ജിയ്ക്കാനാവാതെ പോയ ഈ സ്ഥാനം യേശുദാസ് ആർജിച്ചതിനു പിന്നിലെ ഘടകങ്ങളെന്തെല്ലാമാണ്?

ആസ്ഥാനഗായകനെന്ന നിലയിൽ പലവട്ടം ഭരണകൂടമാദരിച്ചതോ, 'നാദബ്രഹ്മ'മെന്നും 'ഗന്ധർവനാദ'മെന്നും നിരന്തരം സ്തുതിക്കപ്പെട്ടതോ, പാടിത്തീർത്ത പാട്ടുപെരുപ്പമോ, യേശുദാസിന്റെ സംഗീതമേന്മയോ ഒന്നുമല്ല ഈ പൊതുസമ്മിതിയുടെ അടിസ്ഥാനം. ദാസിനേക്കാൾ മികച്ച ശബ്ദവും ഒന്നര ശ്രുതിയിൽ താഴേയ്ക്കും മുകളിലേക്കും അനായാസം ചരിയ്ക്കുന്ന ശാരീരവുമായി മറ്റൊരു ഗായകൻ വന്നാലും ഈ പൊതുസമ്മതി സാദ്ധ്യമാവണമെന്നില്ല. ഓരോ മലയാളിയും എന്റെ കൂടെ പ്രതിനിധി എന്നു യേശുദാസിനെ വിശേഷിപ്പിയ്ക്കുന്നിടത്താണ് ഈ പൊതുസമ്മിതിയുടെ സംവാദഭൂമിക രൂപപ്പെട്ടത്. ഈ പൊതുവായ പ്രാതിനിധ്യം ആധുനികതയുടെ അനേകം സാംസ്‌കാരികമൂലകങ്ങൾ ചെർന്ന് നിർമ്മിച്ചെടുത്തതാണെന്നു തിരിച്ചറിയുമ്പോഴാണ് ദാസ് ശബ്ദത്തെ അതിന്റെ അസ്സലർത്ഥത്തിൽ വായിച്ചെടുക്കാനാവുക.

സിനിമാപ്പാട്ടെന്ന പൊതുസാംസ്‌കാരിക വിഭവം

'കേരളീയം' എന്നു കേട്ടാലുടനേ വരച്ചുചേർക്കാൻ പറ്റിയ ചില കലാചിഹ്നങ്ങൾ നമുക്കുണ്ട്. കഥകളിത്തല, ചുണ്ടൻവള്ളത്തിന്റെ തുഞ്ച്, ചാക്യാർ കൂത്തിന്റെ വിദൂഷകവേഷം എന്നിങ്ങനെ ചിലത് വരച്ചുവെച്ചാൽ 'കേരളീയ'മായി. ആധുനികത കണ്ടെടുത്ത, ധ്വനനശേഷിയാർന്ന ഈ അഭിജാത 'ദേശീയപാരമ്പര്യചിഹ്നങ്ങൾ'ക്ക് ഏറെക്കാലം കൊണ്ട് മലയാളിയുടെ മനസ്സിൽ 'കേരളീയത'യുടെ പ്രാതിനിധ്യം കയ്യാളാൻ സാധിച്ചിട്ടുമുണ്ട്. വള്ളം കളി കാണാത്ത മലയാളിയ്ക്കും കഥകളി കാണാത്ത മലയളിയ്ക്കുമെല്ലാം അംഗീകരിക്കാവുന്ന പൊതുസ്ഥലമായി ഈ കേരളീയതാചിഹ്നങ്ങൾ രൂപാന്തരപ്പെട്ടിട്ടുണ്ട് എന്നർത്ഥം. എന്നാൽ ഇവയൊന്നും തന്നെ കേരളീയജീവിതത്തെ ഒന്നാകെ ഉൾക്കൊള്ളുകയോ അഭിസംബോധന ചെയ്യുകയോ ചെയ്യുന്നില്ല എന്ന് ഏവർക്കുമറിയാവുന്നതാണ്. നിത്യജീവിതത്തിന്റെ കീഴടരുകളിൽ നിലനിന്ന നാടോടിക്കലകൾ ഇത്തരത്തിൽ സാംസ്‌കാരികചിഹ്നമായി പരിവർത്തിക്കപ്പെട്ടതുമില്ല. ഒരുവശത്ത് കേരളീയതാചിഹ്നങ്ങളായി വ്യാവർത്തിക്കപ്പെട്ട കലാസമുച്ചയങ്ങളുടെ അകലം, മറുവശത്ത് നാടോടിപാരമ്പര്യത്തിന്റെ പൊതുസ്വത്വനിർമ്മിതിക്കുള്ള വിസമ്മതം കൊണ്ടും നിർമ്മിക്കപ്പെട്ട ശൂന്യസ്ഥലം, അവിടേക്കാണ് പുതിയ ഭാവുകത്വത്തിന്റെ വെളിച്ചവുമായി 'സിനിമാപ്പാട്ട്' കയറിവന്നത്. അതിവേഗം, ഈ പാട്ട് 'ജാതിഭേദവും മതദ്വേഷ'വുമില്ലാത്ത പൊതുസമ്മിതിയിലേക്ക് പരാവർത്തനം ചെയ്യപ്പെട്ടു.

ഈ ശൂന്യസ്ഥലമാണ് പടിഞ്ഞാറൻ സിനിമകളിലെ 'പശ്ചാത്തലസംഗീത'ത്തിൽ നിന്ന് വിഭിന്നമായി, സിനിമയേയും അധികരിച്ചുനിൽക്കുന്ന സംഗീതവ്യക്തിത്വമായി ഇന്ത്യൻ സിനിമാപ്പാട്ടിനെ മാറ്റിത്തീർത്തത്. ദൃശ്യമെത്രമേൽ ഉപരിപ്ലവവും മെലോഡ്രാമ കൊണ്ടു ചായം തേച്ചതുമാണെങ്കിലും പാട്ട് സങ്കീർണ്ണവും ഗഭീരവുമായ ഒരു കലാനിർമ്മിതിയായി മാറുക എന്ന വിരോധാഭാസം ഇങ്ങനെ സൃഷ്ടിക്കപ്പെട്ടു. നോർത്തിന്ത്യ മുതൽ അഫ്ഗാനിസ്ഥാൻ വരെ വേരോട്ടമുള്ള ഹിന്ദുസ്ഥാനി ഗസൽ സംഗീതപാരമ്പര്യവും തെന്നിന്ത്യയിൽ ബലിഷ്ഠഗാത്രത്തോടെ വളർന്നുവന്ന കർണാടിക് സംഗീതപാരമ്പര്യവും ഈ വിരോധാഭാസത്തിനോട് കണ്ണി ചേർക്കപ്പെടുകയും ചെയ്തു. മികച്ച സംഗീതസംവിധായകനെപ്പറ്റി നാം രൂപികരിച്ച സങ്കൽപ്പം തന്നെ ഈ സമന്വയത്തിൽ അധിഷ്ഠിതമായിരുന്നു.
പാരമ്പര്യസംഗീതത്തിൽ കനത്ത അവഗാഹമുണ്ടാവുക -അതാണ് നമ്മുടെ സംഗീതസംവിധായകന്റെ ഒസ്യത്ത്. ജനസമ്മിതിക്കനുഗുണമാം വിധം പാരമ്പര്യസംഗീതത്തിന്റെ ഘടകങ്ങളെ പലതരത്തിൽ കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും പാട്ടുകെട്ടാനുള്ള കഴിവുണ്ടാവുക -അതാണ് നമ്മുടെ സംഗീതസംവിധായകന്റെ വൈദഗ്ദ്ധ്യം. ഈ മട്ടിൽ നിർമ്മിക്കപ്പെട്ട സംഗീതത്തിന് അനുഗുണമായ ഒരു പാട്ടെഴുത്തും നമ്മുടെ നാട്ടിൽ വളർന്നുവന്നു. നാട്ടിൻപുറത്തുള്ള നായകന്മാർ നായികയെ പാടത്തും പറമ്പിലും കെട്ടുവള്ളത്തിലും ഓലക്കുടിലിലും ഇരുന്ന് 'മരാളികേ' എന്നും 'സന്യാസിനീ' എന്നും വിളിച്ചു. മലയാളി അതിൽ തെല്ലും ആശങ്കപ്പെട്ടില്ല എന്നുമാത്രമല്ല, മുൻപൊരിയ്ക്കലും ഒരു കലാസമുച്ചയത്തെയും ഇല്ലാത്തവിധം ഈ സാംസ്‌കാരികവിഭവത്തെ മനവും തനുവും മറന്ന് ആശ്ലേഷിയ്ക്കുകയും ചെയ്തു.

എന്നാൽ, മലയാളിയുടെ പൊതുസമ്മതിയ്ക്ക് അനുഗുണമായ സാംസ്‌കാരികവിഭവമാകാൻ ആര്യവൽകൃതമായ സാഹിത്യസംഗീതരൂപങ്ങൾ മാത്രം മതിയായിരുന്നില്ല. 1940കളോടെ അടിയന്തരാവശ്യമായി മാറിയ കേരളീയത എന്ന സ്വത്വബോധത്തിന്, 1956ൽ ഭാഷാസംസ്ഥാനമായി രൂപീകരിക്കപെടുകയും മലയാളിയുടെ സ്വത്വബോധം കേരളീയമെന്നു പുനർനിർവ്വചിക്കപ്പെടുകയും ചെയ്യുന്നതുവരെ എത്തിയ രാഷ്ടീയസാമൂഹിക സാഹചര്യത്തിന്, സാമുദായികവും ജാതിവർണ്ണവർഗലിംഗപരമായ അനേകം അടരുകൾ ഉണ്ടായിരുന്നു. അവയെ അഭിസംബോധന ചെയ്യാനായി ചില 'പൊതുകേരളീയരൂപങ്ങൾ' നാം കലകളിൽ സ്വീകരിച്ചു. അവയിലൊന്നാണ്, ബഹുസ്വരതയാർന്ന നമ്മുടെ സാംസ്‌കാരികധാരകളെ ആസകലം മാർഗിവൽക്കരിച്ച്, തന്റെ ശബ്ദത്തിനിണക്കി മാത്രം മാടിയ യേശുദാസ് നടത്തിയ ശബ്ദത്തിന്റെ സ്വത്വനിർമ്മിതി. ' സന്യാസിനിയുടെ പുണ്യാശ്രമത്തിലേക്കെന്ന' പോലെ 'ഇക്കാന്റെ കരളിന് പാവാടയും മേലാടയും വേണ'മെന്ന മോഹവും 'ഈ പാനപാത്രം തിരിച്ചെടുക്കേണമേ'യെന്ന പീഢാനുഭവപ്രാർത്ഥനയും യേശുദാസ് ശബ്ദത്തിലേക്കു ലയിക്കപ്പെട്ടു.

ഇത്തരത്തിൽ മലയാളിയുടെ പൊതുസാംസ്‌കാരികവിഭവമായി ഉരുവപ്പെട്ട സിനിമാപ്പാട്ടിന്റെ ഏറ്റവും വിദഗ്ദ്ധമായ നിർമ്മിതിയായാണ് ദാസ്ശബ്ദത്തിന്റെ ഈ അമ്പതാണ്ടിനപ്പുറം നീളുന്ന തേർവാഴ്ച്ചയെ ഇന്ന് വായിച്ചെടുക്കാനാവുക.

സാങ്കേതികചരിത്രത്തിനു കാവലാൾ

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ നടന്ന സാങ്കേതികവിപ്ലവത്തിനൊപ്പമാണ് സിനിമാപ്പാട്ടും യേശുദാസും തങ്ങളുടെ സ്ഥാനമുറപ്പിച്ചത്. ഗ്രാമഫോൺ റിക്കോഡുകളുടെ പ്രവേശവും റേഡിയോയുടെ കടന്നുവരവും ചേർന്നാണ് മറ്റൊരു സംഗീതരൂപത്തിനുമില്ലാത്ത പ്രചാരവും ജനസമ്മിതിയും ചലച്ചിത്രഗാനത്തിന് പ്രദാനം ചെയ്തത്. ഏകാന്തതയും സ്വകാര്യതയും അവ നൽകുന്ന വികാരപ്രപഞ്ചവും പറയാൻ കൊള്ളുമെങ്കിലും, പുതുമലയാളിയ്ക്ക് അവയോടു ചേർക്കാൻ കഴിയുന്ന പാട്ടുകൾ നൽകിയത് ഈ സാങ്കേതികവിദ്യയുടെ വികാസമാണ്. ഇവയോട് ഏറ്റവും തീവ്രവും സമഗ്രവുമായി ചേർന്ന ഗായകൻ യേശുദാസ് ആയിരുന്നു. സ്റ്റുഡിയോയിൽ എതിരില്ലാത്ത ശബ്ദമായി യേശുദാസ് വിലയിരുത്തപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്. രാഘവൻ മാഷും ദേവരാജനും ദക്ഷിണാമൂർത്തിയും ചെയ്ത പാട്ടുകളുടെ സാങ്കേതികവിദ്യയിൽ നിന്ന് രവീന്ദ്രന്റെയും ജോൺസന്റെയും ഓർക്കസ്ട്രയിലേക്കും ജയചന്ദ്രനും ശരത്തുമൊരുക്കിയ പുത്തൻ സ്റ്റുഡിയോയിലേക്കും ഇത്രമേൽ വിദഗ്ദ്ധമായി സഞ്ചരിച്ചെത്തിയ യേശുദാസിനൊപ്പം പറയാവുന്ന 'സാങ്കേതികഗായകൻ' കേരളത്തിൽ വേറെയില്ല. നിർമ്മിതി മുതൽ പ്രചാരം വരെ സമസ്തമേഖലയിലും ദാസ് ശബ്ദത്തിന്റെ അനിഷേദ്ധ്യത രൂപപ്പെടുത്തിയതി സാങ്കേതകവിദ്യയ്ക്ക് മറ്റെന്തിനോടും തുലനം ചെയ്യാവുന്ന പ്രാധാന്യമുണ്ട്.

സവർണ്ണപൗരുഷമാനകശബ്ദം

'നല്ലശബ്ദം!' എന്നൊരു മലയാളി ഒരു പുരുഷശബ്ദത്തെക്കുറിച്ച് പറയുമ്പോൾ ഊഹിയ്ക്കാവുന്ന ചിലതുണ്ട്, ഏതാണ്ട് ഒന്ന് ഒന്നരയായിരിയ്ക്കും ശ്രുതി. ഉച്ചസ്ഥായിയും മന്ത്രസ്ഥായിയും ശബ്ദം സഞ്ചരിയ്ക്കുന്നുണ്ടാവും. മുകളിലേക്ക് മുഴക്കം കുറഞ്ഞും താഴേയ്ക്ക് മുഴക്കം കൂടിയുമാവും സഞ്ചാരം. ഈ ശബ്ദത്തിന്റെ പേരാണ് 'നല്ലശബ്ദം'. കാരണമൊന്നെയുള്ളൂ, ഇതാണ് ദാസ്ശബ്ദം. എല്ലാ ശബ്ദങ്ങൾക്കും മാതൃകയായി മാറിയ മാനകശബ്ദമായി മലയാളി ദാസ്ശബ്ദത്തെ എന്നോ അവരോധിച്ചുകഴിഞ്ഞു.

ദാസിനു മുൻപും പിൻപുമുള്ള, ദാസ് ശബ്ദത്തിൽ നിന്നു വ്യത്യസ്തമായ ശബ്ദങ്ങളുള്ള പാട്ടുകാരെ നോക്കുക -അവരെല്ലാം ചില വിശേഷഭാവങ്ങളുടെ പാട്ടുകാരാണ് എന്നു കാണാം. വാസ്തവത്തിൽ അവർക്ക് പ്രസ്തുതവിശേഷഭാവങ്ങൾക്കു മാത്രം പ്രകാശനശേഷിയേ ഉണ്ടായിരുന്നുള്ളൂ/ ഉള്ളൂ എന്നതുകൊണ്ടല്ല, പ്രസ്തുത വിശേഷഭാവത്തിലേക്ക് അവരുടെ ശബ്ദത്തെ പരിമിതപ്പെടുത്തിക്കണ്ടതാണ് നമ്മൾ. മാന്നാഡെയും ഉദയഭാനുവും കമുകറയും സി ഒ ആന്റോയും പി ബി ശ്രീനിവാസും മെഹ്ബൂബും കോഴിക്കോട് അബ്ദുൾഖാദറും എം എം രാജയും ജാസി ഗിഫ്റ്റും ഒരുപരിധിവരെ വേണുഗോപാലുമടക്കം ദാസ്ശബ്ദത്തോട് ചെറുതോ വലുതോ ആയി മാറിനടന്ന ശബ്ദങ്ങൾക്കെല്ലാം ചില വിശേഷഭാവങ്ങളുടെ കൂടുകളൊരുക്കി അടച്ചുവെക്കാൻ മലയാളി നിർബന്ധിതമായി. ദാസ്ശബ്ദം ഇവയ്ക്കെല്ലാം മീതെ, സർവ്വഭാവവാഹിനിയായ പ്രവാഹമായി മലയാളി കൽപ്പിക്കുകയും ചെയ്തു.

ദാസ്ശബ്ദത്തിനുണ്ടായിയുന്ന സംസ്‌കൃതീകരണം ( Sophistication ) ആണ് ഇതിനുള്ള പ്രധാനഘടകമായി വർത്തിച്ചത്. മേൽപ്പറഞ്ഞ ഗായകരിൽ മിക്കവരിലുമുണ്ടായിരുന്ന പാട്ടിന്റെ അസംസ്‌കൃതീകരിക്കപ്പെട്ട നില അവയെ എളുപ്പം ചില സവിശേഷഭാവങ്ങളിലേക്ക് കണ്ണിചേർക്കാൻ സാദ്ധ്യതയൊരുക്കുന്നതായിരുന്നു. ദാസിന്റെ ശബ്ദത്തിന്റെ ഈ സംസ്‌കൃതീകരണത്തിന് ഒരു ഭാവത്തോടും ആഴമുള്ള ചാർച്ചയോ അതുകൊണ്ടുതന്നെ വിടർച്ചയോ അനുഭവിപ്പിക്കേണ്ട ബാദ്ധ്യതയില്ലാതായി.

ഇനിയൊരിക്കൽ കൂടി യേശുദാസ് പോലൊന്ന് ആവർത്തിക്കപ്പെടില്ല. യേശുദാസിന്റെ പ്രതിഭയ്ക്കുമപ്പുറം അത്തരമൊരു ആവർത്തനത്തിനു സാദ്ധ്യതയില്ലാത്ത വിധം നമ്മുടെ സംഗീതസംസ്‌കാരം പലമയാർജ്ജിക്കുകയും ചിതറുകയും ചെയ്തുകഴിഞ്ഞു. മഹാരൂപങ്ങളുടെ അവസാനപ്രതിനിധാനങ്ങളിലൊന്നായിട്ടാണ് ഈ എഴുപത്തഞ്ചാം ജന്മദിനത്തിൽ യേശുദാസിനെ അടയാളപ്പെടുത്താനാവുക.

Content Highlights: Yesudas @ 80, Yesudas Songs, Yesudas Movie Songs, Yesudas Bhajans, Sophistication in Yesudas' Sound