യേശുദാസ് ദെെവത്തിന്റെ വരദാനം, ഋഷിതുല്യനായ വ്യക്തിത്വം- ഹേമലത

#ഹേമലത
രവീന്ദ്രജയിനിനോടും യേശുദാസിനോടുമൊപ്പം ഹേംലത
രവീന്ദ്രജയിനിനോടും യേശുദാസിനോടുമൊപ്പം ഹേംലത

യേശുദാസ് ദെെവത്തിന്റെ വരദാനമാണ്. ഋഷിതുല്യനായ വ്യക്തിത്വം. അദ്ദേഹത്തെ ആദ്യമായി കാണുന്നത് രവീന്ദ്ര ജയിനിന്റെ ചിത്‌ചോർ സിനിമയുടെ സംഗീതസമയത്താണ്. ഞങ്ങൾ ആ ചിത്രത്തിൽ ഒന്നിച്ച് പാടിയതോടെ നല്ല സൗഹൃദമായി. എനിക്ക് മുതിർന്ന സഹോദരനെപ്പോലെയാണ്‌ യേശുദാസ്. സന്ദർഭത്തിനനുസരിച്ച് തമാശപറയാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്.

നോക്കിനിന്നാൽ എപ്പോഴും പുതുതായി എന്തെങ്കിലും പഠിക്കാൻ കഴിയുന്ന വ്യക്തിത്വം. അദ്ദേഹവുമൊത്ത് പാടിയ ചിറ്റ്‌ചോറിലെ ‘തു ജൊ മേരെ സുർ മേ...’ എന്ന ഗാനത്തിനാണ് എനിക്ക് ഫിലിംഫെയർ പുരസ്കാരം കിട്ടിയത്. അത് അക്കാലത്തെ വലിയ ഹിറ്റായി. അതിന് രവീന്ദ്ര ജയിനിനോടും യേശുദാസിനോടും നന്ദിയുണ്ട്. അനശ്വരങ്ങളായ ഒട്ടേറെ ഹിറ്റുകൾ ഞങ്ങൾ ഒരുമിച്ചപ്പോഴുണ്ടായി. കഹാം സെ ആയെ ബദരാ, ജബ് ദീപ് ജലെ ആനാ, ഖുശിയാ ഹി ഖുശിയാ, ആജ് സെ പെഹലെ, ധീരെ ധീരെ ശ്യാം ഹുയി... ആരും മറക്കാത്ത ഗാനങ്ങൾ.

അദ്ദേഹത്തോടോപ്പം ഒട്ടേറെ മ്യൂസിക് ഷോയിൽ പങ്കാളിയാവാൻ എനിക്കായി. അമേരിക്ക, കാനഡ, മിഡിൽ ഈസ്റ്റ് അങ്ങനെ എത്രയോ ദേശങ്ങൾ അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചു; സംഗീതം അവതരിപ്പിച്ചു.

ഓരോ യാത്രയും സംഗീതപരിപാടികളും പുതിയ അനുഭവങ്ങളും പഠനങ്ങളുമായിരുന്നു. പ്രേക്ഷകർക്ക് ഞങ്ങൾ ഒന്നിച്ച് പാടുന്നത് അക്കാലത്ത് വലിയ ഇഷ്ടമായിരുന്നു. ഡൽഹി ദൂരദർശനുവേണ്ടി യേശുദാസിനൊപ്പം അഭിനയിച്ച് പാട്ടുപാടാൻ അവസരമുണ്ടായിട്ടുണ്ട്.

‘തീസ്താ നദി സീ തു ചഞ്ചലാ..’ ഒക്കെ വലിയ ജനപ്രീതി നേടിയതാണ്. പാട്ടുപാടാനുള്ള അവസരം സമയത്ത് അദ്ദേഹമെന്തെങ്കിലും തമാശ പറയും. ഞാൻ ചിരിച്ചിരിക്കുമ്പോൾ, അദ്ദേഹം ഗൗരവത്തിലായിട്ടുണ്ടാവും. ഒട്ടേറെ ഓർമകൾ. അദ്ദേഹത്തിന് എന്റെ ഹൃദയത്തിൽ പ്രത്യേക ഇടമുണ്ട്. ജന്മദിനാശംസകൾ നേരുന്നു

Content Highlights: yesudas birthday hemlata about yesudas