'യേശുദാസിന്റെ സ്വരത്തിന് പരിമിതിയില്ല. ആ ശബ്ദം എല്ലാതരം ഗാനങ്ങള്‍ക്കും ഇണങ്ങും'

യോശുദാസ്, പി. ബാലചന്ദ്രൻ | ഫോട്ടോ: എൻ.എം. പ്രദീപ്, മധുരാജ് \ മാതൃഭൂമി
യോശുദാസ്, പി. ബാലചന്ദ്രൻ | ഫോട്ടോ: എൻ.എം. പ്രദീപ്, മധുരാജ് \ മാതൃഭൂമി

മലയാള ചലച്ചിത്രഗാന ശാഖയെ അപഗ്രഥിച്ചപ്പോള്‍ യേശുദാസിന്റെ വരവിനുമുമ്പും ശേഷവും എന്ന രീതിയില്‍ വിലയിരുത്തേണ്ടി വരും. അത്രത്തോളം ശക്തമാണ് അദ്ദേഹത്തിന്റെ സ്വരസാന്നിധ്യം.യേശുദാസിനു മുമ്പുള്ള കാലഘട്ടത്തിലെ അതുല്യഗായകനായിരുന്ന കമുകറ പുരുഷോത്തമനുമായി സംഗീതപരമായ ചില ചര്‍ച്ചകള്‍ നടത്തുവാന്‍ ഈ ലേഖകന് അവസരമുണ്ടായിട്ടുണ്ട്. ഇത്തരം ഒരു സംഭാഷത്തില്‍ യേശുദാസിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ ഒരു പരാമര്‍ശം ഞാന്‍ ഓര്‍ക്കുകയാണ്. 'എല്ലാ ഗായകരുടെ ശബ്ദത്തിനും ചില പരിമിതികളുണ്ട്. അവര്‍ക്ക് അതിനിണങ്ങുന്നതരം ഗാനങ്ങളേ ഫലപ്രദമായി ആലപിക്കാനാവൂ. എന്നാല്‍ യേശുദാസിന്റെ സ്വരത്തിന് പരിമിതിയില്ല. ആ ശബ്ദം എല്ലാതരം ഗാനങ്ങള്‍ക്കും ഇണങ്ങും. അദ്ദേഹം തുടര്‍ന്നു: എന്റെ ശബ്ദത്തില്‍ കണ്ണുനീര്‍മുത്തുമായ് എന്ന ഗാനമോ താമസമെന്തേയോ വന്നാല്‍ എങ്ങിനെയായിരിക്കും? എന്നാല്‍, ഈശ്വരചിന്തയിതൊന്നേ എന്ന പാട്ട് ദാസിന്റെ ശബ്ദത്തില്‍ പുറത്തുവന്നാലും മനോഹരമായേനെ. ടി.എം.സൗന്ദരരാജനടക്കമുള്ള മഹാഗായകര്‍ക്കെല്ലാം ഈ പരിമിതി ഉണ്ട്. അതില്ലാത്ത രണ്ടുപേര്‍ എന്റെ അറിവില്‍ മുഹമ്മദ് റാഫിയും യേശുദാസും മാത്രമേ ഉള്ളൂ.

യേശുദാസിനു മുമ്പ് മലയാള സിനിമയിലെ ഒന്നാം നമ്പര്‍ ഗായകനായിരുന്ന കമുകറ ഇതു പറഞ്ഞതില്‍ രണ്ടു കാര്യങ്ങളുണ്ട്. ഒന്ന് ഒരു രണ്ടാം തലമുറ ഗായകനെ അംഗീകരിക്കാനുള്ള മനസ്സ്. രണ്ട് താനടക്കമുള്ള മറ്റു ഗായകര്‍ക്ക് പരിമിതികളുണ്ട് എന്ന് സമ്മതിക്കുവാനുള്ള എളിമ. ഈ നിരീക്ഷണത്തില്‍ വലിയ കാമ്പുണ്ട്. യേശുദാസിന്റെ പ്രവേശനത്തിനു മുമ്പും അദ്ദേഹം ശക്തമായ നിലയില്‍ നിലയുറപ്പിക്കുന്നതിനുമുമ്പും മികച്ച ഗായകരും ഗാനങ്ങളുമുണ്ടായിരുന്നു. കമുകറയുടെ ശബ്ദത്തിനിണങ്ങുന്ന ഭക്തി, വേദാന്തം തുടങ്ങിയ വരികളിലൂടെ രൂപപ്പെട്ടിട്ടുള്ള ആത്മവിദ്യാലയമേ, ഈശ്വരചിന്തയിതൊന്നേ തുടങ്ങിയവയും അദ്ദേഹം തന്നെ പാടിയ മിണ്ടാത്തതെന്താണു തത്തേ, മാതളമലരേ തുടങ്ങിയ ഗാനങ്ങളെല്ലാം കാലങ്ങളെ അതിജീവിക്കുന്നവയാണ്. അതുപോലെത്തന്നെ ശബ്ദം കൊണ്ടും ആലാപന ശൈലികൊണ്ടും ദുഃഖഗാനങ്ങള്‍ക്കു കൂടുതല്‍ ഇണങ്ങിയ കെ.പി.ഉദയനഭാനു പാടി അനശ്വരമാക്കിയ അനുരാഗനാടകത്തില്‍ ചുടുകണ്ണീരാല്‍ നിന്‍ ജീവിതകഥകള്‍, പൊട്ടിത്തകര്‍ന്ന് കിനാവിന്റെ മയ്യത്ത് എന്നീ ഗാനങ്ങളും മലയാളചലച്ചിത്ര ഗാനശാഖയിലെ മുത്തുകളാണ്.

അശരീരി ഗാനങ്ങളില്‍ തിളങ്ങിയിരുന്ന ഘനഗംഭീര ശബ്ദത്തിന്റെ ഉടമയായിരുന്ന പി.ബി.ശ്രീനിവാസും മാമലകള്‍ക്കപ്പുറത്ത്, നിറഞ്ഞ കണ്ണുകളോടെ, ബലിയല്ലാ തുടങ്ങിയ ഗാനങ്ങളുമായി അക്കാലത്ത് രംഗത്തുണ്ടായിരുന്നു. അല്പം ഉച്ചാരണവൈകല്യമുണ്ടെങ്കിലും മധുരമായ ശബ്ദം കൊണ്ടും സ്വതസിദ്ധമായ ആലാപനശൈലി കൊണ്ടും മികച്ചുനിന്ന എ.എം.രാജയും ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലും എഴുപതുകളുടെ ആദ്യപാദത്തിലും കുറെ നല്ല മലയാള ഗാനങ്ങള്‍ പാടി. എന്നാല്‍ എല്ലാ തരം പാട്ടുകളും പാടാനുള്ള കഴിവു തെളിയിച്ചുകൊണ്ട് യേശുദാസ് മുന്നേറിയപ്പോള്‍ മറ്റുഗായകരെ സംബന്ധിച്ചിടത്തോളം അത് ഒരു സുനാമിയായി മാറുകയായിരുന്നു. ആലാപനത്തെ ഒരു വ്യത്യസ്തതലത്തിലേക്കുയര്‍ത്തുവാന്‍ ആദ്യത്തെ ഏതാണ്ട് പത്തോ ഇരുപതോ പാട്ടുകള്‍ കൊണ്ട് യേശുദാസിനു സാധിച്ചു. കണ്ണുനീര്‍മുത്തുമായി, കാക്കത്തമ്പുരാട്ടി, ചൊട്ടമുതല്‍ ചുടലവരെ തുടങ്ങിയ വൈവിധ്യങ്ങളായ ഗാനങ്ങളിലൂടെ ദാസ് ആലാപനത്തിന് പുതിയ ഒരു മാനം സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് കാവ്യമേളയിലെ ദേവി ശ്രീദേവി, സ്വപ്‌നങ്ങള്‍ സ്വപ്നങ്ങളെ നിങ്ങള്‍, ശകുന്തളയിലെ സ്വര്‍ണ്ണത്താമരയിതളിലുറങ്ങും തുടങ്ങിയ മനോഹര ഗാനാലാപനത്തിലൂടെ യേശുദാസ് മലയാളിക്ക് അനിവാര്യനായി. എന്നാല്‍ ചിത്രമേള എന്ന സിനിമയിലെ ഹിറ്റായ ആറുഗാനങ്ങളോടെ യേശുദാസിന് മലയാളി മനസ്സില്‍ ഗന്ധര്‍വ്വസ്ഥാനം ലഭിച്ചു.

1960കളിലും 70 കളിലും അരങ്ങുനിറഞ്ഞു നിന്നിരുന്ന അതിപ്രഗത്ഭ സംഗീതസംവിധായകരുടെ പരിശീലന പ്രക്രിയയുടെ മികവും ലഭിച്ച പരിലാളനവുമാണ് യേശുദാസ് എന്ന ഗായകനെ കാച്ചിക്കുറുക്കിയെടുത്തത് എന്നതില്‍ സംശമില്ല. എന്നാല്‍ തിരിച്ചുചിന്തിച്ചാല്‍ യേശുദാസ് എന്ന ഗായകന്റെ ശബ്ദസൗന്ദര്യത്തിന്റെ ബലമല്ലേ പല ഗാനങ്ങളും സൃഷ്ടിക്കുവാനുള്ള ആത്മവിശ്വാസം പ്രസ്തുത സംഗീതസംവിധായകര്‍ക്കുണ്ടായത് എന്നും സംശയിക്കാം. മലയാള സിനിമാസംഗീതത്തിലെ എന്നത്തെയും മികച്ച ഗാനമായ താമസമെന്തേയും പ്രാണസഖീ ഞാന്‍ വെറുമൊരുവും ഒരുപുഷ്പം മാത്രവുമൊക്കെ ബാബുരാജ് സൃഷ്ടിച്ചത് യേശുദാസിന്റെ ശബ്ദം ഉള്ളില്‍ കണ്ടുകൊണ്ടുതന്നെയാണ്. ഈ മഹാഗായകനെ ഏറ്റവും വൈവിധ്യമാര്‍ന്ന രീതിയില്‍ ഉപയോഗിച്ച ദേവരാജന്‍ മാസ്റ്ററും നാദബ്രഹ്മത്തിന്‍ സാഗരത്തിനും ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേക്കും ആയിരം പാദസരത്തിനും പാരിജാതം തിരുമിഴി തുറന്നുവിനും മറ്റൊരു ശബ്ദത്തെപ്പറ്റി ചിന്തിച്ചിട്ടേ ഉണ്ടാവില്ല.

ദക്ഷിണാമൂര്‍ത്തി സ്വാമിക്ക് അര്‍ദ്ധശാസ്ത്രീയ ഗാനങ്ങള്‍ക്ക് മറ്റാരെയാണ് ആശ്രയിക്കാമായിരുന്നത്? സ്വപ്‌നങ്ങള്‍ സ്വപ്‌നങ്ങളെ നിങ്ങള്‍ ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍, പൊന്‍വെയില്‍ മണിക്കച്ച, മനസ്സിലുണരൂ ഉഷസന്ധ്യയായ് തുടങ്ങിയ ഗാനങ്ങള്‍ മറ്റേതെങ്കിലും കണ്ഠത്തിലൂടെ നമുക്കു സ്വീകാര്യമായിരുന്നോ എന്നു സംശയമാണ്. മറ്റൊരു മുടിചൂടാറുന്നതിനായിരുന്ന രാഘവന്‍ മാസ്റ്റര്‍ പൊതുവെ ഗായകനു വെല്ലുവിളി നല്‍കുക എന്നതിനേക്കാള്‍ ശ്രോതാവിന് ലളിതമായി ആസ്വദിക്കാനാവുക എന്ന ലക്ഷ്യത്തോടെയാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയതെങ്കിലും മഞ്ചുഭാഷിണീ, ആറ്റിനക്കരെ അക്കരെയാരാരോ, ശ്യാമസുന്ദരപുഷ്പമേ മുതലായ ഗാനങ്ങള്‍ക്ക് മാധുര്യം വര്‍ദ്ധിപ്പിക്കാന്‍ യേശുദാസിന്റെ ശബ്ദം ഭംഗിയായി ഉപയോഗിച്ചു. തൊട്ടടുത്ത തലമുറയില്‍ വന്ന അര്‍ജുനന്‍ മാസ്റ്ററാവട്ടെ യേശുദാസിന്റെ ശബ്ദത്തിനുവേണ്ടി രൂപപ്പെടുത്തിയതെന്നു തോന്നിപ്പിക്കുന്ന ആയിരമജന്താ ചിത്രങ്ങളില്‍, ദുഃഖമേ നിനക്കു പുലര്‍കാലവന്ദനം, ചെമ്പകത്തൈകള്‍ പൂത്തമാനത്തുപൊന്നമ്പിളി തുടങ്ങിയ അതിമനോഹരമായ ഗാനങ്ങള്‍ മലയാളിക്കു സംഭാവന ചെയ്തു.

എണ്ണത്തില്‍ കുറവെങ്കിലും ഗുണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ എം.ബി.ശ്രീനിവാസനും ചിദംബരനാഥും ആര്‍.കെ.ശേഖറും പുകഴേന്തിയും യേശുദാസിന്റെ കണ്ഠശുദ്ധി വേണ്ടുവോളം ഉപയോഗിച്ചിട്ടുണ്ട്. അന്യഭാഷാ സിനിമാശാഖയില്‍ നിന്നു വരെ മലയാള ഗാനങ്ങള്‍ ശ്രുതിമധുരമായി സംവിധാനം ചെയ്ത സലില്‍ ചൗധരി (സാഗരമേ ശാന്തമാകുനീ, കടലിനക്കരെ പോണോരെ, നീ വരൂ കാവ്യ ദേവതേ തുടങ്ങി വിരലിലെണ്ണാവുന്നതില്‍ കൂടുതല്‍) ലിവിംഗ് ലെജന്റ് എന്ന പേരില്‍ വിളിക്കാവുന്ന എം.എസ്. വിശ്വനാഥന്‍ (സ്വര്‍ഗസന്ദിനീ..., പുഷ്പാഭരണം, തിരുവാഭരണം, സത്യനായകാ മുക്തിദായകാ, ഇങ്ങനെ നിരവധി) ഹിന്ദി സിനിമാ സംഗീതചക്രവര്‍ത്തി നൗഷാദ് തുടങ്ങിയവര്‍ക്കും അവരുടെ മലയാള നിര്‍മിതികള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരാന്‍ ഈ താരത്തെയല്ലാതെ ചിന്തിക്കാനാവുമായിരുന്നില്ല. യേശുദാസിന്റെ രംഗപ്രവേശനത്തിനുശേഷം പിന്നീടുള്ള ഇരുപത്തിയഞ്ചുവര്‍ഷക്കാലം ശ്രദ്ധിച്ചാല്‍ ജയചന്ദ്രനല്ലാതെ മറ്റൊരു ഗായകനും രംഗത്തുപിടിച്ചുനില്‍ക്കാനായില്ല എന്നതു വ്യക്തമാകും. ബ്രഹ്മാനന്ദന്‍ കുറച്ചു നല്ല പാട്ടുകള്‍ ഗംഭീരമായി ആലപിച്ചു എന്നുമറക്കുന്നില്ല. എങ്കിലും യേശുദാസിന്റെ പ്രഭാവത്തില്‍ മങ്ങിപ്പോകാതെ അക്കാലത്ത് തെളിഞ്ഞു നില്‍ക്കാനും എണ്ണമറ്റ സുന്ദരഗാനങ്ങള്‍ മലയാള ചലച്ചിത്രലോകത്തിന് സംഭാവന ചെയ്യാനും വ്യത്യസ്തശബ്ദവും ആലാപനശൈലിയുമുള്ള ജയചന്ദ്രനും മാത്രമേ സാധിച്ചുള്ളൂ.

യേശുദാസ് എന്ന മഹാഗായകനെ നമിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയും ഏതു രംഗത്തുള്ള പ്രൊഫഷണലിനും അനുകരണീയമാണ്. അച്ചടക്കമുള്ള ജീവിതശൈലി വൃത്തിയുളള വേഷവിധാനം ആരോഗ്യപരിപാലനം സമയനിഷ്ഠ എന്നിങ്ങനെയുള്ള ചിട്ടയായ ഒരു ജീവിതശൈലി ഈ പ്രായത്തിലും പാലിച്ചുപോരുന്നു എന്നുള്ളത് അദ്ദേഹത്തിന്റെ മഹത്വമാണ്.

യേശുദാസ് ശാസ്ത്രീയ വിദഗ്ദനാണെങ്കിലും കര്‍ണാടകസംഗീതാലാപന സമ്പ്രദായത്തിനു പുറത്തുനിന്നുകൊണ്ട് ലളിതഗാനങ്ങള്‍ പാടാനാവുന്നു എന്നുള്ളത് ചെറിയകാര്യമല്ല. ബാലമുരളീകൃഷ്ണ, ശീര്‍കാഴി ഗോവിന്ദരാജന്‍ തുടങ്ങിയവര്‍ ലളിതഗാനം പാടുമ്പോഴും ഒരു ക്ലാസിക്കല്‍ ചുവ അനുഭവപ്പെടാറുണ്ട്. വാക്കുകള്‍ ഉച്ചരിക്കുമ്പോഴുള്ള അക്ഷരശുദ്ധിയും വ്യക്തതയും അദ്ദേഹത്തിന്റെ ആലാപനത്തിലെ ആകര്‍ഷണീയതയാണ്. ശങ്കരാചാര്യര്‍ എന്ന ചിത്രത്തിലെ ഭജഗോവിന്ദം ശ്രവിച്ചാല്‍ ഉച്ചാരണം കൊണ്ടുമാത്രം ഒരു ഗാനം എത്രത്തോളം ആസ്വാദ്യമാകും എന്നു മനസ്സിലാക്കാം. യേശുദാസിന്റെ ശബ്ദസൗകുമാര്യത്തെയാണ് പഴയകാല സംഗീത സംവിധായകര്‍ ഉപയോഗിച്ചതെങ്കില്‍ അദ്ദേഹത്തിന്റെ ശബ്ദഗാംഭീര്യത്തെയാണ് രവീന്ദ്രനെപ്പോലുള്ള സമീപകാല ഡയറക്ടര്‍മാര്‍ ചൂഷണം ചെയ്തത്. പ്രായത്തിനു വിധേയമായി അദ്ദേഹത്തിന്റെ വോയ്‌സ് ടെക്‌സ്ചറിലും മാറ്റങ്ങള്‍ വന്നു എന്നുള്ളത് സ്വാഭാവികം മാത്രം. എന്നാല്‍ പോലും അന്‍പതു വര്‍ഷത്തിലേറെയായി യേശുദാസ് ജയചന്ദ്രന്‍ എന്ന രണ്ടു പുരുഷശബ്ദങ്ങളെ മലയാള ചലച്ചിത്രഗാന ശ്രോതാക്കള്‍ക്ക് നിറഞ്ഞ മനസ്സോടെ ആസ്വദിക്കുന്നു എന്നതാണ് സത്യം. യേശുദാസിന്റെ സംഗീതയാത്രയുടെ രണ്ടാം പാദത്തില്‍ രംഗത്തെത്തുന്ന എം.ജി.ശ്രീകുമാര്‍, ജി.വേണുഗോപാല്‍, മധു ബാലകൃഷ്ണന്‍ എന്നിവരും ഒന്നാം തരം ഗായകരാണ്.

ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിയഞ്ചു തൊട്ടുള്ള പത്തുവര്‍ഷങ്ങള്‍ പൊതുവെ മലയാള ചലച്ചിത്ര സംഗീതത്തിന്റെ മങ്ങിയ കാലഘട്ടമായിരുന്നു. മുന്‍തലമുറയിലെ പ്രമുഖസംഗീതസംവിധായകരുടെ പിന്മാറ്റവും ടെക്‌നോളജിക്കല്‍ യുഗത്തിലേക്കുള്ള മാറ്റത്തിന്റെ അസ്വസ്ഥതകളും റെക്കോര്‍ഡിംഗ് ട്രാക്ക്‌റെക്കോര്‍ഡിംഗ് രീതിയിലേക്കു മാറുമ്പോഴുണ്ടായ നിര്‍ജീവത്വവും ഈ മന്ദതയ്ക്ക് കാരണമായി. ഇക്കാലത്തും ശ്യാമും (ശ്രുതിയില്‍ നിന്നുയരും) കെ.ജെ.ജോയിയും എം.ടി.ഉമ്മറും മറ്റും ചില ഒറ്റപ്പെട്ട നല്ല ഗാനങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി എന്നു മറക്കുന്നില്ല. സ്വാഭാവികമായും യേശുദാസ് എന്ന ഗായകന്റെ അവിസ്മരണീയമെന്നു പറയാവുന്ന ഗാനങ്ങളും അക്കാലത്തുണ്ടായില്ല. എന്നാല്‍ തൊണ്ണൂറുകളുടെ മധ്യത്തോടെ രവീന്ദ്രനും, എം.ജി.രാധാകൃഷ്ണനും ജോണ്‍സണും രംഗത്തു സജീവമാകുകയും തുടര്‍ന്ന് എം.ജയചന്ദ്രന്റെ കടന്നുവരവും എല്ലാം ചേര്‍ന്നപ്പോള്‍ യേശുദാസിന്റെ പ്രതിഭ ശക്തമായി പുനര്‍ജ്ജനിച്ചു.

പ്രമദവനവും പഴംതമിഴ് പാട്ടിഴയും എന്ന പാട്ടും ദേവാംഗണങ്ങള്‍ കൈയൊഴിഞ്ഞ ഗാനവും ഇന്നലെ എന്റെ നെഞ്ചിലെ തുടങ്ങിയ ഗാനങ്ങളും മലയാളിയുടെ ഭാഗ്യമായി. ഇവരുടെ കൂട്ടത്തില്‍ മലയാളിയല്ലാത്ത വിദ്യാസാഗറിന്റെ സാന്നിധ്യവും യേശുദാസില്‍ നിന്നും മികച്ച ഗാനങ്ങള്‍ പിറക്കുവാന്‍ ഇടയാക്കി. ആരോ വിരല്‍ മീട്ടി എന്ന ഗാനം എക്കാലത്തെയും മികച്ച മലയാള ഗാനങ്ങളിലൊന്നാണ്. കഴിഞ്ഞ ദശകത്തിലെ യേശുദാസിന്റെ ഏറ്റവും മികച്ച ഗാനമേതെന്നു ചോദിച്ചാല്‍ ഞാന്‍ ചൂണ്ടിക്കാണിക്കുക രമേഷ് നാരായണ്‍ സംഗീതം നിര്‍വഹിച്ച മേഘമല്‍ഹാറിലെ ഒരു നറുപുഷ്മായ് എന്ന പാട്ടാണ്. ആലാപനസൗന്ദര്യത്തിന്റെ അത്യുന്നത തലത്തിലുള്ളതാണ് ആഗാനം.

1970 കളില്‍ വന്ന നദിയിലെ യേശുദാസിന്റെ എല്ലാ പാട്ടുകളും ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പുതുമയോടെ നിലനില്‍ക്കുന്നു. ആയിരം പാദസരങ്ങളും കായാമ്പു കണ്ണില്‍ വിടരും എന്നു വേണ്ട നിത്യവിശുദ്ധയാം കന്യാമറിയമേ എന്ന ക്രിസ്തീയ ഭക്തിഗാനം വരെ ഉന്നതങ്ങളാണ്. ഈ കാലഘട്ടത്തോടെ മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തി എന്ന നിലയിലേക്ക് യേശുദാസ് വളര്‍ന്നു. തുടര്‍ന്നുള്ള കാലത്താണ് സംഗീതരംഗത്തെന്ന പോലെ സാമൂഹ്യരംഗത്തും യേശുദാസ് ഒരു സാന്നിധ്യമായി മാറിയത്. ക്രമേണ തമിഴ് സിനിമാ രംഗത്തും ഹിന്ദി ചലച്ചിത്ര വേദിയിലും കുറെ നല്ല ഗാനങ്ങള്‍ ആലപിക്കുക വഴി അഖിലേന്ത്യാതലത്തില്‍ ഏറ്റവും അറിയപ്പെടുന്ന കേരളീയരിലൊരാളായി യേശുദാസ് മാറി. സംഗീത സംവിധാനത്തിലും യേശുദാസിന് മോശമല്ലാത്ത ഗാനങ്ങള്‍ സൃഷ്ടിക്കുകവഴി ശ്രദ്ധേയനാകാന്‍ കഴിഞ്ഞു. അദ്ദേഹം കൈവച്ചതില്‍ മോശമായി അനുഭവപ്പെട്ടത് അഭിനയത്തില്‍ മാത്രമാണ്. കായംകുളം കൊച്ചുണ്ണിയിലെ സുറുമക്കാരനെ കണ്ടപ്പോള്‍ അദ്ദേഹം ഇതു ചെയ്യേണ്ടിയിരുന്നില്ല എന്നതായിരുന്നു മലയാളികളുടെ പ്രതികരണം.

എന്തൊക്കെപ്പറഞ്ഞാലും ഏതു മലയാളിയെയുമെന്ന പോലെ ഞാനും യേശുദാസിനെ ആരാധിക്കുന്നു. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ജീവിക്കാനായതില്‍ ആനന്ദിക്കുന്നു, അഭിമാനിക്കുന്നു, മറ്റു ഗായകര്‍ക്ക് എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലുള്ള ഒരു നിലവാരം മലയാള സംഗീതത്തില്‍ സൃഷ്ടിച്ച ഈ മഹാന്‍ ജീവിച്ചിരിക്കുന്ന ഇതിഹാസമാണ്. ഇന്നും ഇണങ്ങുന്ന ഗാനങ്ങള്‍ കിട്ടിയാല്‍ ഒന്നാന്തരമായി പാടാന്‍ കെല്പുള്ള ഗായകനാണ്. അമരത്വം നേടിക്കഴിഞ്ഞ ഈ മഹാഗായകന്റെ വയസ്സിനെന്തു പ്രസക്തി! എങ്കിലും എഴുപത്തിയഞ്ചിന്റെ നിറവിലെത്തി നില്‍ക്കുന്ന ഈ സ്വര്‍ഗീയ ഗായകന് ഈ എളിയ ഗാനാസ്വാദകന്റെ പാദപ്രണാമം.

യേശുദാസ് എന്ന ഗായകന്റെ മലയാള സിനിമാ സംഗീതത്തിലെ സാന്നിധ്യത്തെ മാത്രമേ ഈ ലേഖനത്തില്‍ സ്പര്‍ശിച്ചിട്ടുള്ളൂ. കര്‍ണാടക സംഗീതാലാപനത്തിലെ സവിശേഷതകളെക്കുറിച്ചോ മറ്റു ഭാഷകളിലെ അദ്ദേഹത്തിന്റെ ചലച്ചിത്രഗാനങ്ങളെക്കുറിച്ചോ ചലച്ചിത്രേതര ലളിതസംഗീത രംഗത്തെ സംഭാവനകളെക്കുറിച്ചോ നിരീക്ഷിക്കണമെങ്കില്‍ ഈ ലേഖനം എത്ര വേണമെങ്കിലും ദീര്‍ഘിപ്പിക്കാം. യേശുദാസ് എന്ന വ്യക്തിക്കും അദ്ദേഹത്തിന്റെ കണ്ഠത്തിനും ദീര്‍ഘായുസ്സു നല്‍കാന്‍ ഓരോ മലയാളിയും പ്രാര്‍ത്ഥിക്കും. ഈ മഹാഗായകന്റെ യൗവനകാലത്തെ സ്വരമാധുര്യത്തെ അനുസ്മരിപ്പിച്ചുകൊണ്ടും പരമ്പരാഗത ഗുണങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടും പാടി തെളിഞ്ഞു കൊണ്ടിരിക്കുന്ന യുവഗായകര്‍ വിജയ് യേശുദാസ് പിതാവിനു പിന്‍ഗാമിയാകാനുള്ള സാധ്യതയുടെ സൂചനകള്‍ നല്‍കിത്തുടങ്ങിയിരിക്കുന്നു എന്നത് സന്തോഷകരമാണ്. യേശുദാസിന് പകരമാവാന്‍ ഇനിയൊരു മലയാളി ഗായകനും സാധ്യമല്ലെങ്കില്‍ പോലും!

യേശുദാസ് പാടിയ ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലെയും എഴുപതുകളിലെയും ഗാനങ്ങളില്‍ നിന്ന് പ്രിയപ്പെട്ടവ തിരഞ്ഞെടുക്കുന്നത് അസാധ്യമാണ്. കാരണം മാറ്റിവെയ്ക്കാന്‍ ഒന്നും തന്നെയില്ല. എന്നാല്‍, കഴിഞ്ഞ രണ്ടു ദശാബ്ദത്തില്‍ അദ്ദേഹം ആലപിച്ച ഗാനങ്ങളില്‍ നിന്ന് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആറുഗാനങ്ങള്‍ തിരഞ്ഞെടുത്ത് താഴെ കൊടുക്കുന്നു.

1. ആരോ വിരല്‍ മീട്ടി (പ്രണയവര്‍ണ്ണങ്ങള്‍)
2. ഒരു നറുപുഷ്പമായ് (മേഘമല്‍ഹാര്‍)
3. പഴം തമിഴ് പാട്ടിഴയും (മണിച്ചിത്രത്താഴ്)
4. ഇന്നലെ എന്റെ നെഞ്ചിലെ (ബാലേട്ടന്‍)
5. ദേവാങ്കണങ്ങള്‍ (ഞാന്‍ ഗന്ധര്‍വന്‍)
4. ഹരിമുരളീരവം (ആറാം തമ്പുരാന്‍)


(ക്രിക്കറ്റ് പരിശീലകനും സംഗീത നിരൂപകനുമാണ് ലേഖകന്‍)

(പുനപ്രസിദ്ധീകരണം)

Content Highlights: cricket coach and music critic p balachandran shares memories with kj yesudas

Content Highlights: yesudas birthday, cricket coach and music critic p balachandran