യേശുദാസ് നൽകിയ ചെറിയ വികാരഭാവങ്ങൾ കൊണ്ടാണ് നല്ല പല പാട്ടുകളും മനസ്സിൽ തങ്ങിനിൽക്കുന്നത്- ജയമോഹൻ

മൂന്ന് ഭാഷകളിൽ സിനിമാഗാനം കേൾക്കുന്നയാളാണ് ഞാൻ. മിക്കവാറും രാത്രികളിൽ, ഉറങ്ങുന്നതിനുമുമ്പ്. വലിയ സംഗീത പരിശീലനമൊന്നുമില്ലെങ്കിലും കർണാടകസംഗീതം കേൾക്കാറുണ്ട്. എന്റെ ഭാര്യ തഞ്ചാവൂരിൽ തിരുവാരൂരിൽ ജനിച്ചവളാണ്. അവിടത്തുകാരിൽ സംഗീതം അറിയാത്തവർ ചുരുക്കം. ഞാൻ പാട്ടുകേൾക്കുന്നത് എന്റെ എഴുത്തുപണികളിൽനിന്ന് പുറത്തേക്കു കടക്കാൻവേണ്ടിയാണ്. പഴയകാലത്ത് പീടികകളിൽ പലകകൾ ഓരോന്നായി എടുത്തുെവച്ച് കടപൂട്ടുന്നതുപോലെ ഓരോ സീസണുണ്ട്, അതിൽ. കുറെക്കാലം തമിഴ്ഗാനങ്ങൾ, പിന്നെ തെലുഗു, പിന്നെ മലയാളം. പൊതുവേ മലയാളമാണ് കൂടുതൽ.
ഈയിടെ ഒരു അഭിമുഖത്തിൽ ചോദ്യമുണ്ടായി. ഇഷ്ടപ്പെട്ട ഗായകർ ആരെല്ലാമാണ്. കർണാടക സംഗീതത്തിൽ മധുരൈ സോമു. മഹാരാജപുരം സന്താനം, സിനിമാ ഗാനങ്ങളാണെങ്കിൽ തമിഴിൽ ടി.എം.എസ്. തെലുഗിൽ ഘണ്ടശാല. മലയാളത്തിൽ യേശുദാസ്. എന്റെ മാനദണ്ഡം എന്താണ് എന്ന് കൂടുതൽ ചോദ്യമുണ്ടായി. സംഗീത നിരൂപകനല്ലാത്തതുകൊണ്ട് എനിക്ക് കൃത്യമായി ഉത്തരംപറയാനായില്ല. അപ്പോൾ ചോദ്യംചോദിച്ചയാൾ ഒന്നുകൂടി വിശദമായി ചോദിച്ചു: ‘‘എന്തുകൊണ്ടാണ് എ.എം. രാജയെക്കാൾ ഘണ്ടശാല നല്ല ഗായകനാണ് എന്ന് തോന്നുന്നത്?’’ ഞാൻ പറഞ്ഞു: ‘‘തെലുഗു ഭാഷയ്ക്കുള്ള ഒരു ഭാഷാസൗന്ദര്യം ഘണ്ടശാലയിൽ വെളിപ്പെടുന്നു. രാജയിൽ അത് അത്ര കൃത്യമല്ല.’’ എനിക്കുതന്നെ എന്റെ ആസ്വാദനരീതി പിടികിട്ടി. ഞാൻ തുടർന്ന് പറഞ്ഞു: ‘‘ടി.എം. സുന്ദരരാജനിലാണ് തിമിഴിന്റെ തനിമ വെളിപ്പെടുന്നത്. യേശുദാസിലാണ് മലയാളത്തിന്റെ ശുദ്ധി കേൾക്കാൻ കഴിയുന്നത്.’’
ഞാൻ കേൾക്കുന്നത് സംഗീതത്തെയല്ല, ഗാനത്തെയാണ് എന്ന് സംഗീതജ്ഞനായ ചോദ്യം ചോദിച്ചയാൾ പറഞ്ഞു. അത് ശരിയാണ്. സാഹിത്യകാരനായി നിന്നാണ് ഞാൻ പാട്ട് കേൾക്കുന്നത്. എനിക്ക് സംഗീതത്തെക്കാൾ ഭാഷയാണ് പ്രധാനം. കവിതയെയാണ് ഞാൻ കൂടുതൽ ശ്രദ്ധിക്കുന്നത്. ആ കവിതയുടെ ഒരു ആഭരണമായിട്ടാണ് ഞാൻ സംഗീതത്തെ കാണുന്നത്. അതുകൊണ്ടാണ് എനിക്ക് ത്യാഗരാജന്റെയും അന്നമാചാര്യയുടെയും പുരന്ദരദാസന്റെയും കീർത്തനങ്ങൾ ഇഷ്ടമാകുന്നത്. ഗാനങ്ങളിൽ ഞാൻ ശരിക്കും ആസ്വദിക്കുന്നത് ഭാഷയുടെ ഇനിപ്പിനെയാണ്.
ഞാൻ ഉദ്ദേശിക്കുന്നത് ഉച്ചാരണത്തെയല്ല. സ്വരമാധുരിയെ അല്ല. ആലാപനരീതിയെയും അല്ല. കൃത്യമായി പറയാൻ എനിക്ക് കഴിയുമോ എന്നും സംശയമുണ്ട്. ഒരു ഭാഷയ്ക്ക് അതിന്റേതായ inner musicality ഉണ്ട്. വാക്കുകളിൽ, വാക്കുകൾ യോജിപ്പിക്കുന്നതിൽ, ഒന്ന് ആ ഭാഷയുടെ അകത്ത് എപ്പോഴുമുള്ള താളം, മലയാള സിനിമകൾ തമിഴിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോൾ വലിയൊരു പ്രശ്നമായി മുന്നിൽ വന്നു നിൽക്കുന്നതാണിത്.
പി. സുശീല തമിഴിന്റെ അഴക് മുഴുവനായും വെളിപ്പെടുത്തുന്ന ഗായിക. എന്നാൽ, മലയാളത്തിൽ ‘നാലഞ്ച് താരകൾ യവനികയ്ക്കുള്ളിൽ നിന്ന് നീലച്ച കൺമുനകൾ എറിഞ്ഞപ്പോൾ...’ എന്ന് പാടുമ്പോൾ തമിഴ് ഗായികയാണ് പുറത്തു വരുന്നത്. സുശീല വളരെ നല്ല ഒരുപാട് മലയാളഗാനങ്ങൾ പാടിയിട്ടുണ്ട്. പക്ഷേ, മലയാളത്തിന്റെ സ്വന്തം അഴക് അവർ വെളിപ്പെടുത്തിയിട്ടില്ല. സുശീലയെപ്പോലെത്തന്നെ തെലുഗു നാട്ടുകാരിയാണെങ്കിലും എസ്. ജാനകിയിൽ അത് വെളിപ്പെട്ടിട്ടുണ്ട്.
യേശുദാസ് തമിഴിൽ ‘നിനൈവാലേ ശിലൈ ചെയ്ത് ഉനക്കാക വൈത്തേൻ...’ എന്ന് പാടുമ്പോൾ ആ ‘ശിലൈ’യിലേ ‘ശി’ ‘ഉനക്കാക’യിടെ ‘ക’ ഒക്കെ തമിഴല്ല. തമിഴ് കാതിന് അത് ഉടൻതന്നെ മനസ്സിലാവും. എന്നാൽ, പലപ്പോഴും നാം ഗാനങ്ങളെ അവയുടെ ട്യൂണിനുവേണ്ടി മാത്രമാണ് ഇഷ്ടപ്പെടുന്നത്. ചിലപ്പോൾ വളരെ വിചിത്രമായ ഒരു ഉച്ചാരണം ആ വിചിത്ര സ്വഭാവംകൊണ്ടുതന്നെ നമുക്ക് ഇഷ്ടമായേക്കാം. മന്നാഡേ പാടിയ ‘മാനസ മൈനേ വരൂ...’ പോലെ. എഴുത്തുകാരനായ എന്റെ ചെവി തേടുന്നത് ആ ഭാഷയിൽ നിറഞ്ഞിരിക്കുന്ന മധുവിനെ മാത്രമാണ്. വളരെ ആഴത്തിൽ കല്ലിൽ തീപോലെ മറഞ്ഞിരിക്കുന്ന ഒന്നാണ് അത്. മലയാള ഭാഷയിൽ ഉള്ള മധു പകരുന്ന ഗായകൻ യേശുദാസാണ്.
എന്താണ് യേശുദാസിൽ വെളിപ്പെടുന്ന മലയാളത്തിന്റെ തനിമ? എനിക്ക് തോന്നുന്നു മിക്കവാറും മലയാളികൾ അത് അറിയുന്നുണ്ട്. അതുകൊണ്ടാണ് അവിടെ യേശുദാസ് ഒരു ഗാനഗന്ധർവനായി ആരാധിക്കപ്പെടുന്നത്. എന്നാൽ, മിക്കവാറും മലയാളികൾ അത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല. കാരണം, അവർ ജീവിക്കുന്നത് മലയാളത്തിന്റെ ഉള്ളിലാണ്; മീൻ കടലിൽ എന്നവണ്ണം. പക്ഷേ, ഞാൻ ജീവിക്കുന്നത് തമിഴിൽ. ഒരു ദിവസത്തിൽ ഞാൻ എഴുതുന്നത്, സംസാരിക്കുന്നത്, ചിന്തിക്കുന്നതുപോലും തമിഴിലാണ്. പാട്ട് കേൾക്കുന്ന ഒരുമണിക്കൂർ സമയം മാത്രമാണ് ഞാൻ മലയാളം ശ്രദ്ധിക്കുന്നത്. അതുകൊണ്ടാണ് ഞാൻ മലയാളത്തിന്റെ ഈ തനിമയ്ക്ക് ഇത്ര പ്രാധാന്യം നൽകുന്നത്. മലയാളിയുടെ കാതുകൊണ്ടാണ് ഞാൻ ടി.എം.എസിന്റെ ഗാനം കേൾക്കുന്നത്. അങ്ങനെയാണ് തമിഴിന്റെ തനിമ തൊട്ടറിയുന്നത്.
യേശുദാസിന്റെ മലയാളത്തനിമ വെളിപ്പെടുന്നത് ഒന്നാമതായി അദ്ദേഹത്തിന്റെ ശബ്ദത്തിൽ. ശരിക്കുമൊരു മലയാള ശബ്ദം, എന്റെ ചേട്ടൻന്മാരുടെ, അമ്മാവൻമാരുടെയൊക്കെ ശബ്ദം ഓർമകളിൽ തിങ്ങുന്നു. മിക്കവാറും മലയാളികൾക്ക് പാടുമ്പോൾ യേശുദാസിന്റെ ശബ്ദമാണ്. മദ്യസദസ്സുകളിൽ ഒരു ചെറിയ യേശുദാസ് എപ്പോഴുമുണ്ടാവും. പിന്നീട് പല ഗായകരും യേശുദാസിന്റെ ചെറിയ ചെറിയ പാഠഭേദങ്ങൾമാത്രം. യേശുദാസിന് രണ്ട് ശബ്ദമുണ്ട്. ഒന്ന് എഴുപതുകൾക്ക് മുമ്പുള്ള യേശുദാസ്. പതിഞ്ഞ മെലിഞ്ഞ ശബ്ദമാണത്. അമ്മാവന്മാർ വരയൻ മീശയുംവെച്ച് തുറിച്ച് നോക്കുന്ന പഴയ കറുപ്പ് വെള്ള ഫോട്ടോകളിൽ നിന്ന് വരുന്നതുപോലെ ഓർമകളുടെ ദുഃഖമാധുര്യം നിറഞ്ഞവരികൾ ‘അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല...’ പോലുള്ള ഗാനങ്ങൾ. അവയിലൂടെ ഞാൻ നടത്തുന്നത് പഴയ മലയാളത്തിലേക്കുള്ള യാത്ര. തകഴി, ദേവ്, പൊൻകുന്നം വർക്കി, ഇ.എം. കോവൂർ, പി.എ.എ. അസീസ്, പെരുമ്പടവം ശ്രീധരൻ, വി.ടി. നന്ദകുമാർ... ഞാൻ ജീവിച്ച ഒരു ലോകം. ഇന്നില്ലാത്ത ഒരുലോകം. ഇന്നില്ല എന്ന് പറയാനാവുമോ ഇന്നും എല്ലാമുണ്ട്. എവിടെയോ. ചെന്നെത്താൻ ഒരു പാത വേണം. അത്രതന്നെ. അത് എനിക്ക് യേശുദാസിന്റെ ശബ്ദമാണ്.
എഴുപതുകൾക്കുശേഷം യേശുദാസിന്റെ ശബ്ദം മാറി. കേരളത്തിന്റെ തനത് തുകൽ വാദ്യങ്ങളിലുള്ള ഒരുതരം മുഴക്കം ആ ശബ്ദത്തിൽ വന്നുതുടങ്ങി. ‘തളിർ വലയോ താമര വലയോ’ എന്ന് തുടങ്ങുന്ന ശബ്ദം നാഭിയിൽനിന്നാണ് ഉയരുന്നത്. മലയാളികൾക്ക് യേശുദാസിൽ ഏറെ ഇഷ്ടപ്പെട്ട സ്വരം ഇതാണെന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കിൽ ‘ഉച്ചത്തിൽ മണിനാദം പോലെ’ പൊങ്ങുന്ന സ്വരം. ‘മന്ദസമീരനിൽ ഒഴുകിയൊഴുകിയെത്തും’ മലയാളികൾ ഓർമിക്കുന്ന പാട്ടുകൾ പലതും ഈ കാലഘട്ടത്തിലുള്ളവ. പല പാട്ടുകൾ ഞാൻ ഓർക്കുന്നു. ഭാഷയറിയാത്തവർപോലും മലയാളമാണോ എന്നു ചോദിച്ചു പോകുന്ന ഗാനങ്ങൾ. അവയുടെ ട്യൂൺ തനി മലയാളമാണ്. ഇന്ത്യയിൽ പൊതുവേ സിനിമാഗാനങ്ങളിൽ ആനന്ദഭൈരവി രാഗം പ്രയോഗിക്കപ്പെടാറില്ല. അതിനൊരു ഭജനസ്വഭാവം ഉണ്ട് എന്നാണ് ഇളയരാജ എന്നോടുപറഞ്ഞത്. എന്നാൽ, മലയാളത്തിൽ എത്രയോ ഗാനങ്ങൾ. ‘ആറാട്ടിന് ആനകൾ എഴുന്നള്ളി...’, ‘പൂവാങ്കുഴലി പെണ്ണിനുണ്ടൊരു കിളുന്നുപോലുള്ള മനസ്സ്...’ യേശുദാസിന്റെ ശബ്ദമാണ് അവയെ നമ്മോട് അടുപ്പിക്കുന്നത്. ഒരു ക്ഷേത്രത്തിൽനിന്ന് ഒഴുകിവരുന്നപോലെ. കഥകളി പദത്തിന്റെ ഛായ ഉള്ളതുപോലെ. പലപ്പോഴും ഈ ഗാനങ്ങളോടൊപ്പം ചെണ്ടയോ മിഴാവോ ഇടയ്ക്കയോ ഉണ്ടായിരിക്കും. യേശുദാസിന്റെ ശബ്ദം ആ വാദ്യങ്ങളുടെ ഒപ്പം വളരെ നന്നായി ഒത്തുചേർന്നുനിൽക്കും. മറ്റൊരു ഗായകന്റെ ശബ്ദത്തിലും ആ ഒരുമ ഞാൻ കണ്ടിട്ടില്ല.
അതുകൊണ്ടാണ് യേശുദാസ് കർണാടകസംഗീത കീർത്തനങ്ങൾ പാടുമ്പോൾ ചെറിയൊരു അന്യത എനിക്ക് തോന്നുന്നത്. അത് ‘മാമാങ്കം പലകുറി കൊണ്ടാടി...’ അല്ലെങ്കിൽ ‘പ്രമദവനം വീണ്ടും..’ പോലുള്ള ഗാനങ്ങളിൽ കൂടുതൽ വിമ്മിട്ടമുണ്ടാക്കുന്നു. കർണാടക സംഗീതത്തിന് ഒരുപ്രത്യേക ഭാവമുണ്ട്. നന്നായി ഭക്ഷണമൊക്കെ കഴിച്ച്, കുങ്കുമപ്പൊട്ടൊക്കെ ഇട്ട് ഒരു അയ്യർ ഇരുന്ന് സുഖിച്ച് പാടുന്ന ചിത്രമാണ് അത് മനസ്സിലുണ്ടാക്കുക. ഭജന അതിന്റെ മാറാത്ത ഭാവം. അത് പാടുമ്പോൾ യേശുദാസ് മറ്റൊരാളായി മാറാൻ ശ്രമിക്കുന്നതുപോലെ എനിക്ക് തോന്നാറുണ്ട്. കർണാടക സംഗീതത്തിൽ വളരെ കേമന്മാരായ പലരെയും ഞാൻ കേൾക്കാറില്ല. മണി അയ്യർ, എം.ടി. രാമനാഥൻ തുടങ്ങിയവരെ കേൾക്കണമെങ്കിൽ ഭാഷയെയും കവിതയെയും മറക്കണം. ഭക്തിഭാവവും തമിഴ് ഭാഷയുടെ അഴകും വെളിപ്പെടുന്നത് മധുരൈ സോമുവിലാണ്. പിന്നെ മഹാരാജപുരം സന്താനത്തിലും. ഭാരതിയുടെ, അല്ലെങ്കിൽ പെരിയസ്വാമി തൂരന്റെ കൃതികൾ പാടുമ്പോൾ ഒരാളുടെ ഭാവം എങ്ങനെ വെളിപ്പെടുന്നു എന്നതാണ് തമിഴ് നന്നായി പാടുന്നുണ്ടോ എന്നതിനുള്ള മാനദണ്ഡം. അതിൽ പരിപൂർണമായും തോറ്റുപോകുന്നവരുണ്ട്; എം.എസ്. സുബ്ബലക്ഷ്മിയെപ്പോലുള്ളവർ. തമിഴിനൊരു ഗാംഭീര്യമുണ്ട്. ഒരുപാട് മുഴക്കമുള്ള അക്ഷരങ്ങൾ ഉള്ള ഭാഷയാണ് തമിഴ്. (വല്ലിന എഴുത്ത് എന്നാണ് തമിഴിൽ പറയുക). ആ അക്ഷരങ്ങൾ കൃത്യമായി വാക്കുകളിൽ വന്ന് ചേരുന്നത് ചിലരിൽ മാത്രം. ടി.എം. സൗന്ദരരാജൻ അതിൽ ഒന്നാമൻ. അദ്ദേഹം തമിഴനല്ല, സൗരാഷ്‌ട്ര ഭാഷ സംസാരിക്കുന്ന കുടുംബത്തിൽ ജനിച്ചയാൾ. ‘നാൻ കാറ്റുവാങ്ക പോനേൻ ഒരു കവിെതെ വാങ്കിവന്തേൻ’ എന്ന വരിയിലേ ആ തിരയടിച്ചുയരുന്ന ശബ്ദമാണ് ശരിക്കും തമിഴിന്റെ നാദം. ത്യാഗരാജന്റെ തെലുഗ് കീർത്തനങ്ങൾ തമിഴിന്റെ ശബ്ദം ഉള്ളവ. ത്യാഗരാജൻ തമിഴ്‌നാട്ടിൽ ജനിച്ച് ഇവിടെ ജീവിച്ചയാൾ. തെലുങ്കർക്ക് ആ തെലുഗ് ശരിക്കും മനസ്സിലാവുക പോലുമില്ല. ‘നകുമോ മോ കനലേ’ തമിഴന്റെ ശബ്ദം ഉള്ള കീർത്തനമാണ്. അതിലേക്ക് കയറുമ്പോൾ യേശുദാസ് അദ്ദേഹത്തിന്റെ സ്വന്തം ചൈതന്യം നഷ്ടപ്പെടുത്തിക്കൊണ്ട് ഒരു പ്രച്ഛന്നവേഷം ധരിക്കുന്നു എന്ന് എനിക്കു തോന്നുന്നുണ്ട്.
ഉച്ചാരണത്തിലാണ് യേശുദാസിന്റെ തനി മലയാള സ്വത്വം വെളിപ്പെടുന്നത്. ഉദാഹരണത്തിന് ചില വാക്കുകൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ‘ശൃംഗാര’ എന്ന വാക്ക് തമിഴിൽ പലരും ‘സ്രംഗാര’ എന്ന ഉച്ചാരണമാണ് കൊടുക്കുക. അയ്യർമാർ ‘ഷ്‌രുംഗാര’ എന്ന ഉച്ചരിക്കും കൃത്യമായി ഈ വാക്ക് ഒരു പാട്ടിൽ കേൾക്കണമെങ്കിൽ യേശുദാസ് പാടിയേ പറ്റൂ. ഇനിയങ്ങോട്ട് ശ്രദ്ധിച്ചുനോക്കുക. എത്ര വിചിത്രമായ ഉച്ചാരണങ്ങൾ ‘ശ്ര’ ശരിക്കും പറയുന്നവർ ‘ംഗ’യെ ‘ങ്ക’യാക്കിയിരിക്കും. അതുപോലെ നൂറ് വാക്കുകളെങ്കിലും പറയാവുന്നതാണ്. ഉദാഹരണം: പ്രഭാ, ഹൃദയം, അഭിനിവേശം... ഞാൻ യേശുദാസിന്റെ പാട്ടുകൾ കേൾക്കുന്നത് പലപ്പോഴും കൃത്യമായ ഈ മലയാള ഉച്ചാരണത്തിന് വേണ്ടിയാണ്(ഇന്ത്യയിൽ സംസ്കൃതം വളരെ കൃത്യമായി ഉച്ചരിക്കുന്നവർ മലയാളികളാണ്. ഇംഗ്ലീഷ് വളരെ തെറ്റായി ഉച്ചരിക്കുന്നവരും മലയാളികളാണ്. മലയാളിയുടെ ഇംഗ്ലീഷ് ഉച്ചാരണം പോർച്ചുഗൽ ഭാഷയുടെ സ്വാധീനം ഉള്ളതാണോ എന്ന് ഈയടുത്തകാലത്ത് ആ നാട്ടിലേക്ക് പോയപ്പോൾ തോന്നിപ്പോയി. ഒരാൾ ടോക്ടർ എന്ന് വിളിക്കുന്നത് കേട്ടപ്പോൾ).
യേശുദാസിന്റെ മലയാളധ്വനി വെളിപ്പെടുന്നത് വാക്കുകൾക്ക് അദ്ദേഹം നൽകുന്ന വൈകാരികമായ വ്യതിയാനങ്ങളിലൂടെയുമാണ്. ഓർത്തുനോക്കിയാൽ പല നല്ല പാട്ടുകളും നമ്മുടെ മനസ്സിൽ തങ്ങിനിൽക്കുന്നത് യേശുദാസ് നൽകിയ ചെറിയ വികാരഭാവങ്ങൾ കൊണ്ടാണെന്ന് കാണാം. മലയാളികൾ വെള്ളമടിച്ചു കഴിഞ്ഞാൽ ഉറപ്പായിട്ടും പാടുന്ന പാട്ടാണ് ‘സുമംഗലീ നീ ഓർമിക്കുമോ...’ അതിന്റെ ട്യൂൺ വളരെ ലളിതം. ശരിക്കുപറഞ്ഞാൽ അതിൽ ട്യൂൺ എന്നൊന്ന് ഇല്ല. അത് ഒരുതരം കവിത ചൊല്ലൽമാത്രം. എന്നാൽ, യേശുദാസ് അതിനെ ശക്തമായ ഒരു വൈകാരിക അനുഭവമായി മാറ്റുന്നു. ‘ഓർമിക്കുമോ’ എന്ന വാക്കിലുള്ള പ്രത്യേക ഭാവം ശ്രദ്ധിക്കുക. ‘കുയിലിന്റെ മണിനാദം കേട്ടു...’ എന്ന ഗാനവും ട്യൂൺ എന്ന നിലയ്ക്ക് എടുത്തുപറയത്തക്കതല്ല. എന്നാൽ, ‘രണ്ട് കുവലയപ്പൂക്കൾ വിടർന്നു..’ എന്നതിൽ യേശുദാസ് നൽകുന്ന പ്രത്യേക ഭാവമാണ് ആ പാട്ടിനെ ഇന്നും കേൾക്കാൻ കൊള്ളാവുന്ന ഗാനമാക്കിമാറ്റുന്നത്.
എന്താണ് യേശുദാസ് ഉണ്ടാക്കുന്ന ആ added value എന്ന് ഞാൻ ചിന്തിച്ചു പോവുകയാണ്. എം.എസ്. വിശ്വനാഥനോട് ഞാൻ അതിനെപ്പറ്റി ഒരിക്കൽ ചോദിച്ചിട്ടുണ്ട്. ‘ശ്രുതിശുദ്ധം’ എന്നാണ് അദ്ദേഹം പറഞ്ഞത്. ‘‘കമ്പി പിടിച്ചതുപോലുള്ള സ്വരം. തങ്കക്കമ്പിയാണ്’’ ശരിയാണ് പല പാട്ടുകളും നിലകൊള്ളുന്നത് അക്ഷരത്തിന്റെ, നാദത്തിന്റെ കൃത്യതയിലാണ്. ‘ഇന്ദ്രവല്ലരി പൂചൂടിവരും സുന്ദര ഹേമന്തരാത്രി...’ ശ്രുതിയുടെ നിറവുകൊണ്ട് മനം കവരുന്ന ഗാനം അങ്ങനെ പലതുമുണ്ട്. ഓർക്കുമ്പോൾ ഏതാണ്ട് എല്ലാം പാട്ടുകളും ഈ നിരയിൽപ്പെടുന്നവ എന്ന് തോന്നിപ്പോകുന്നു. ‘ഇലഞ്ഞിപ്പൂമണം ഒഴുകി വരുന്നു...’ ‘വെണ്ണതോൽക്കുമുടലോടേ...’ ഇളയരാജയോടു ഒരിക്കൽ ചോദിച്ചിട്ടുണ്ട്. ‘നാൻ കടവുൾ’ പടത്തിന്റെ ഗാനങ്ങൾ റെക്കോഡ് ചെയ്യുന്ന സമയത്താണ്. ‘‘യേശുദാസിന് പാട്ടിന്റെ വൈകാരികതയിലേക്ക് ചെല്ലാൻ കഴിയും.’’ -എന്ന് രാജ പറഞ്ഞു. അതാണ് കൂടുതൽ ശരി എന്ന് എനിക്ക് തോന്നുന്നു. അതിൽ യേശുദാസിനോട് ചേർത്ത് ചിന്തിക്കേണ്ട രണ്ടാളുകൾ ഘണ്ടശാലയും മുഹമ്മദ് റഫിയും മാത്രമാണ്. രണ്ടുപേരും പാട്ടിൽ ശരിക്കുള്ള വികാരങ്ങളാണ് പ്രകടിപ്പിക്കുന്നത്. അഭിനയിക്കുന്നില്ല. വികാരങ്ങളെ കൂടുതലാക്കുന്നുമില്ല. ‘ചിത്രശിലാ പാളികൾ കൊണ്ടൊരു ശ്രീകോവിലകം ഞാൻ തീർത്തു...’ വേണമെങ്കിൽ ഒന്നുകൂടി കടുപ്പിക്കാവുന്ന ഭക്തിപോലുള്ള വികാരമുള്ള ഗാനമാണ്. പക്ഷേ, യേശുദാസ് ആ പാട്ടിന്റെ രണ്ടുവരയ്ക്ക് നടുക്കുതന്നെ എഴുതിപ്പോവുകയാണ്. (ടി.എം.എസ്. എവിടെയൊക്കെ പോകുമായിരുന്നു എന്ന് ചിന്തിച്ച് പോവുകയാണ്) എം.എസ്. വിശ്വനാഥൻ തമിഴിന്റെ അതേ രീതിയിലുള്ള സംഗീതം നൽകി അതേ രീതിയിൽ യേശുദാസിനെക്കൊണ്ട് പാടിച്ച ‘ഈശ്വരനൊരിക്കൽ വിരുന്നിനുപോയി...’ വളരെ കൃത്യമായ വികാരപ്രകടനമുള്ള പാട്ടാണ്.
വീണ്ടും വീണ്ടും യേശുദാസിലേക്ക് ഞാൻ വരുന്നത് ‘മലയാളത്തിന്റെ നൃത്തം’ കാണാനാണ്. എന്നോട് ഒരു ശൈവഭക്തൻ ഒരിക്കൽ പറഞ്ഞു. ഒരുപാട് ദൈവങ്ങളുണ്ട്. പക്ഷേ നൃത്തം ചവിട്ടുന്ന ദൈവം നടരാജൻമാത്രം. അതുകൊണ്ടാണ് ദൈവങ്ങളിൽ ഏറ്റവും അഴകുള്ളത് ശൈവന്മാരുടേതാണ് സത്യം.
ഒരു വ്യക്തിയുടെ, ഒരു വസ്തുവിന്റെ, ഒരു ഭാവത്തിന്റെ ഏറ്റവും ഉദാത്തമായ സ്ഥിതി എന്നത് നൃത്തം മാത്രം. മലയാളം നൃത്തംവെക്കുന്നു. അതിസൂക്ഷ്മമായ വൈകാരിക തലങ്ങളിലൂടെ ‘രാഗബന്ധുരേ നീ എന്തിനീ വഴി വന്നൂ...? എന്ന വരിയിലെ എന്തീനീയിലെ ഒരുതരം അലിവാണ് യേശുദാസ്. ‘വെൺകൊറ്റ കുട ചൂടും മലയുടെ മുകളിൽ വെളിച്ചം ചിറകടിച്ചുയർന്നു...’ എന്ന വരിയിലേ ‘വെൺകൊറ്റ’ എന്ന വാക്കിെല ഊന്നലാണ് യേശുദാസ്.
അന്നം എവിടെയുണ്ട് എല്ലാം അന്നവുമാണ്. അന്നം അമൃത്‌തന്നെയാണ്. എന്നാൽ, വയലിൽ വിളയുന്ന അരി ചോറായി, കറികളോടൊപ്പം സദ്യവട്ടമായി ചമയുമ്പോൾ അത് കൂടുതൽ മധുരമുള്ളതാകുന്നു. അന്നം ബ്രഹ്മം, സദ്യവട്ടത്തിലെ അന്നം നമുക്കായി ചമഞ്ഞ് വന്ന് നിൽക്കുന്ന ബ്രഹ്മം. സഗുണ ബ്രഹ്മം. മലയാളം യേശുദാസിലൂടെ എനിക്കായി അണിഞ്ഞൊരുങ്ങുന്നു. എന്റെ ഭാഷയിൽനിന്ന് കർമം കൊണ്ടും ജീവിതംകൊണ്ടും നാടുകൊണ്ടും അന്യനായിത്തീർന്ന ഞാൻ യേശുദാസിലൂടെ അതിനെ എന്റെ ആത്മാവിന്റെ മധുരമായി കണ്ടെത്തുന്നു. ഓരോ രാത്രിയിലും എന്റെ സ്വപ്നങ്ങളിൽ നിറച്ചുകൊണ്ട് കിടന്നുറങ്ങുന്നു മൺമറഞ്ഞ എന്റെ അമ്മയും അച്ഛനും ബന്ധുക്കളും പൂർവികരും എഴുന്നേറ്റുവന്ന് നിറയുന്നു. മഹാനായ പാചകക്കാരന് നമസ്കാരം.
Content Highlights: writer jeyamohan about kj yesudas on his birthday