ശതാഭിഷിക്തനാകുന്ന ഗാനഗന്ധർവന് മാതൃഭൂമിയുടെ ഗാനാർച്ചന

ഗന്ധർവഗായകാ ഗന്ധർവ ഗായകാ
ജന്മദിനാശംസ നേരാം ഗന്ധർവ ഗായകാ
ഞങ്ങളിലെന്നേ നിറഞ്ഞതാണീ നാദം
ഞങ്ങളെ പാടിയുണർത്തുന്ന സുസ്വരം
ഭാഷയായ്, ഭാവമായ് സാന്ദ്ര ഗാംഭീര്യമായ്
ആലാപനത്തിന്റെ ദീപ്തസൗന്ദര്യമായ്
ഗാനായുതങ്ങളാൽ ജീവനിൽ പെയ്തു നീ
മായികമാമനുഭൂതിതൻ തേൻകണം
എൺപത്തിനാലു സംവത്സര കാന്തിയിൽ
മിന്നിത്തിളങ്ങുന്ന സംഗീതവൈഭവം
ഗന്ധർവഗായകാ ഗന്ധർവ ഗായകാ
ജന്മദിനാശംസ നേരാം, ഗന്ധർവ ഗായകാ
നിൻഗാന മാധുരി കേൾക്കാതെയില്ലല്ലൊ
മണ്ണിലീ ഞങ്ങൾക്കു മാത്രകൾപോലുമേ
അർഥബോധത്തോടെ അക്ഷരക്കൂട്ടുകൾ
ഉച്ചരിക്കാനായ് പഠിപ്പിച്ച പാട്ടുകൾ
ഓരോ വിചാരമായ് ഓരോ വികാരമായ്
തെന്നലായ്, മാരിയായ്, വന്നു തൊടുന്നു നീ
ഈ മലയാണ്മതൻ നാദനക്ഷത്രമേ
ശോഭയോടെന്നും തെളിഞ്ഞുനിന്നീടുക
ഗന്ധർവഗായകാ ഗന്ധർവ ഗായകാ
ജന്മദിനാശംസ നേരാം, ഗന്ധർവ ഗായകാ
സ്കൂളുകളിലും ഗാനാർച്ചന
കേരളത്തിലെ സ്കൂളുകളിൽ യേശുദാസിന്റെ പിറന്നാൾ ദിനമായ ബുധനാഴ്ച രാവിലെ ഗാനം ആലപിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 1500-ഓളം സി.ബി.എസ്.ഇ. സ്കൂളുകളിലെ ഒൻപതുലക്ഷത്തോളം കുട്ടികൾ ബുധനാഴ്ച രാവിലെ അസംബ്ലിയിൽ മാതൃഭൂമി തയ്യാറാക്കിയ ഗാനം ആലപിക്കും. മാതൃഭൂമി സീഡിന്റെ നേതൃത്വത്തിലും സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ വിദ്യാർഥികൾ ഗാനാലാപനം നടത്തും.
രചന - ബി.കെ. ഹരിനാരായണൻ
സംഗീതം, ഗാനാലാപനം - ബിജിബാൽ
Content Highlights: kj yesudas birthday mathrubhumi song