യേശുദാസിന്റെ ശബ്ദത്തിൽ അനശ്വരഗാനങ്ങൾക്ക് ഭാവംപകരാനായത് എന്നിലെ കലാകാരന് ലഭിച്ച പുണ്യം -മധു

#മധു
യേശുദാസിനും സുജാതയ്ക്കുമൊപ്പം മധു
യേശുദാസിനും സുജാതയ്ക്കുമൊപ്പം മധു

യേശുദാസുമായുള്ള സൗഹൃദത്തിന് എന്റെ സിനിമാജീവിതത്തോളംതന്നെ പഴക്കമുണ്ട്. ‘നിണമണിഞ്ഞ കാൽപ്പാടുകൾ’ക്കുശേഷം എന്റെ രണ്ടാമത്തെ ചിത്രമായ ‘മൂടുപട’ത്തിൽ അഭിനയിക്കുന്ന കാലത്താണ് ദാസിനെ ഞാൻ കാണുന്നതും പരിചയപ്പെടുന്നതും. അതിനും ഒന്നോ രണ്ടോ വർഷംമുമ്പേ ദാസ് സിനിമയുടെ ഭാഗമായി മാറിയിരുന്നു.

മൂടുപടത്തിനുവേണ്ടി പി. ഭാസ്കരൻ മാഷ് രചിച്ച് എം.എസ്. ബാബുരാജ് ഈണംനൽകിയ ‘അയലത്തെ സുന്ദരി അറിയാതെ വലയ്ക്കല്ലേ അപരാധമൊന്നും ഞാൻ ചെയ്തില്ലല്ലോ...’ എന്ന രസകരമായ ഒരു ഗാനമുണ്ട്. ദാസും പി. ലീലയും ചേർന്നാണ് ആ ഗാനം ആലപിച്ചത്.

സിനിമയിൽ ആദ്യമായി എനിക്ക്‌ ലിപ് നൽകാൻ കഴിഞ്ഞ ഗാനമായിരുന്നു ഇത്. ഒപ്പം ഷീലയും. പിന്നീട് ദാസ് ആലപിച്ച മനോഹരമായ ഒട്ടേറെ ഗാനങ്ങൾക്ക് തിരശ്ശീലയിൽ ഭാവംപകരാൻ കഴിഞ്ഞു. വൈവിധ്യമുള്ള കഥാപാത്രങ്ങളെ മോഹിക്കുന്ന ഒരു നടൻ മികച്ചഗാനങ്ങൾക്ക് ലിപ് നൽകാനും ആഗ്രഹിക്കും. യേശുദാസിന്റെ ശബ്ദത്തിൽ ഞാനഭിനയിച്ച പല ഗാനരംഗങ്ങളും പ്രേക്ഷകർ ഇന്നും ഇഷ്ടപ്പെടുന്നതിൽ സന്തോഷം മാത്രമല്ല, അഭിമാനവുമുണ്ട്. ഒരു നടനെ സംബന്ധിച്ചിടത്തോളം അതൊരു മഹാഭാഗ്യംകൂടിയാണ്. ഒരുപക്ഷേ, ദാസിന്റെ ശബ്ദത്തിൽ ഇത്തരത്തിൽ വലിയഭാഗ്യം ലഭിച്ച നടൻ പ്രേംനസീറാവും.

ജി. ശങ്കരപ്പിള്ളയുടെ ‘പൂജാമുറി’ നാടകം ഉമാ ആർട്‌സിന്റെ ബാനറിൽ ‘സതി’ എന്നപേരിൽ ഞാൻ സിനിമയാക്കി. അതിൽ യേശുദാസും സുശീലയും ചേർന്ന് ആലപിച്ച പ്രശസ്തമായ ഒരു ഗാനമുണ്ട്. ഭാസ്കരൻ മാഷ് എഴുതി ദക്ഷിണാമൂർത്തി സംഗീതം നൽകിയ ‘പ്രത്യുഷ പുഷ്പമേ...’ എന്നാരംഭിക്കുന്ന ആ ഗാനത്തിന്റെ റെക്കോഡിങ് കഴിഞ്ഞ്‌ പോകാൻനേരം ദാസിനുള്ള പ്രതിഫലം ഞാൻ എന്റെ കൈകൊണ്ടുതന്നെ നൽകി. അക്കാലത്ത് ദാസ് വാങ്ങിക്കൊണ്ടിരുന്ന പ്രതിഫലം കൃത്യമായി അന്വേഷിച്ചശേഷമാണ് പ്രതിഫലം നൽകിയത്. സ്നേഹത്തോടെ അത് എന്റെ കൈയിൽനിന്നും സ്വീകരിച്ചശേഷം തുക എത്രയുണ്ടെന്നുപോലും നോക്കാതെ അതിൽനിന്ന്‌ ഒരു നൂറുരൂപമാത്രം എടുത്ത് ബാക്കിതുക അദ്ദേഹം എന്റെ കൈയിൽ വെച്ചുതന്നിട്ടു പറഞ്ഞു: ‘‘ഇത് സാറിന്റെ കൈയിൽത്തന്നെ ഇരിക്കട്ടെ. ഈ നൂറുരൂപ ഞാൻ മധുസാറിന്റെ പേരിൽ വേളാങ്കണ്ണിമാതാവിന് കാണിക്കയായി സമർപ്പിക്കാം.’’ വേണ്ടാ എന്ന് എത്രപറഞ്ഞിട്ടും ദാസ് സമ്മതിച്ചില്ല. ഞാൻ ആദ്യമായി നിർമിച്ച ‘സതി’യെക്കുറിച്ചോർക്കുമ്പോൾ ദാസിന്റെ മുഖം ആദ്യം ഓർമയിൽവരും. ഒരുരൂപപോലും പ്രതിഫലം വാങ്ങിക്കാതെയാണ് ആ ചിത്രത്തിനുവേണ്ടി ദാസ് പാടിയത്.

സിനിമയുടെ തിരക്കുകളിലാണ്ടുപോയ കാലത്ത് തിരുവനന്തപുരം-മദ്രാസ് യാത്രകളിലും റെക്കോഡിങ്‌ സ്റ്റുഡിയോകളിലും മറ്റും വെച്ചായിരിക്കും ഞങ്ങളുടെ കണ്ടുമുട്ടൽ. ഒരിക്കൽ ബാംഗ്ളൂരിൽനിന്ന് മദ്രാസ്‌വരെ ദാസിനൊപ്പം അദ്ദേഹത്തിന്റെ കാറിൽ യാത്രചെയ്തു. യേശുദാസ് എന്ന മനുഷ്യനെക്കുറിച്ച് കൂടുതലറിഞ്ഞത് ആ യാത്രയിലാണ്. അറുപതുവർഷത്തെ സൗഹൃദത്തിനിടയിൽ ഞാനറിഞ്ഞ ദാസ് ആവശ്യമില്ലാതെ ഒരു കാര്യങ്ങളിലും ഇടപെടുന്ന ആളല്ല. തന്റെ കർമങ്ങളിൽ ഒട്ടും വീഴ്ചവരുത്താതെ ഈശ്വരനിലും മനുഷ്യത്വത്തിലും വിശ്വസിച്ച് സന്തോഷത്തോടെ ജീവിതത്തെ മുന്നോട്ടുനയിക്കുന്ന അദ്ദേഹം മലയാളിയുടെ ജീവിതത്തിന്റെ ഭാഗംതന്നെയാണ്. ആ ഗാനസപര്യയുടെ ഭാഗമായി അദ്ദേഹത്തിന്റെ ശബ്ദത്തിൽ കുറെ അനശ്വരഗാനങ്ങൾക്ക് ഭാവംപകരാനായത് എന്നിലെ കലാകാരന് ലഭിച്ച പുണ്യവും.

Content Highlights: actor madhu about yesudas