പോര്‍മുഖത്ത് സര്‍ക്കാരും ഗവര്‍ണറും, പ്രതിഷേധച്ചൂടില്‍ സില്‍വര്‍ലൈന്‍, പുതിയ സ്പീക്കറും മന്ത്രിയും

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സംഭവബഹുലമായ നിരവധി വാര്‍ത്തകള്‍ക്കാണ് പോയവര്‍ഷം കേരളം സാക്ഷ്യം വഹിച്ചത്. തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പില്‍ ഉമ തോമസ് വമ്പിച്ച ഭൂരിപത്തോടെ വിജയിച്ച് നിയമസഭയിലേക്കെത്തിയതും സജി ചെറിയാന്റെ മന്ത്രിസ്ഥാനം തെറിച്ചതും വാര്‍ത്താകേരളം സജീവമായിചര്‍ച്ച ചെയ്തു.  സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിനും സില്‍വര്‍ലൈന്‍ പ്രതിഷേധങ്ങള്‍ക്കും കേരളം സാക്ഷ്യം വഹിച്ചതും ഈ കാലയളവിലാണ്.  2022ല്‍ കേരളം ചര്‍ച്ച ചെയ്ത പ്രധാനപ്പെട്ട വാര്‍ത്തകള്‍ ഇവയൊക്കെയാണ്.
 

സർക്കാർ-ഗവർണർ പോര്

സര്‍ക്കാറും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പോര്‍മുഖം തുറന്നത് വാര്‍ത്താകേരളം ഏറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു. കേരളത്തിലെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിയാവശ്യപ്പെട്ടത് വലിയ കോളിളക്കമുണ്ടാക്കി. ­സാങ്കേതികസർവകലാശാലയിലെ വി.സി. നിയമനത്തിൽ ചട്ടം ലംഘിക്കപ്പെട്ടുവെന്ന സുപ്രീംകോടതിവിധിയെത്തുടർന്ന് ഡോ. എം.എസ്. രാജശ്രീ പുറത്തായി. ഈ വിധിയുടെ വെളിച്ചത്തിലാണ് മറ്റു വി.സി.മാരോടും രാജിവെക്കാൻ ആവശ്യപ്പെട്ടത്. ധനമന്ത്രി കെ.എൻ. ബാലഗോപാലിൽ ­തനിക്കുള്ള പ്രീതി നഷ്ടമായെന്നുകാട്ടി ­ഗവർണർ, മുഖ്യമന്ത്രി പിണറായി വിജയന് കത്തുനൽകിയതാണ് മറ്റൊരു ­അസാധാരണനടപടി. ഗവർണറുടെ ­ചാൻസലർപദവി നീക്കുന്ന ബിൽവരെയെത്തി കാര്യങ്ങൾ.

കോളിളക്കമുണ്ടാക്കി സ്വപ്ന സുരേഷ്

രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ വെളിപ്പെടുത്തലുകളായിരുന്നു സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അടുത്തിടെ സ്വപ്ന സുരേഷ് നടത്തിയത്. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫായിരുന്ന എം ശിവശങ്കറിന്‍റെ പുസ്തകം ' അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്കകം പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു സ്വപ്നയുടെ തുറന്നടിക്കല്‍. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന ശിവശങ്കറിന്‍റെ പരാമര്‍ശമാണ് സ്വപ്നയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ശിവശങ്കറിനെതിരേയും മുഖ്യമന്ത്രിക്കെതിരേയും വെളിപ്പെടത്തലുകളുമായി സ്വപ്ന സുരേഷ് മാധ്യമങ്ങളെ കണ്ടു. കൂടുതല്‍ തുറന്നുപറച്ചിലുകളുമായി സ്വപ്ന സുരേഷ് ചതിയുടെ പത്മവ്യൂഹം എന്ന പേരില്‍ പുസ്കകവും പ്രസിദ്ധീകരിച്ചു. പ്രതിപക്ഷം വിഷയം ഏറ്റെടുത്തു. 

കെ-റെയിൽ പ്രതിഷേധം

കെ-റെയിൽ പദ്ധതിക്കുവേണ്ടിയുള്ള ഭൂമിനിർണയത്തിൽ ശക്തമായ പ്രതിഷേധം. പലയിടത്തും സമരം അക്രമാസക്തമായി. രാഷ്ട്രീയപ്പാർട്ടികളും പ്രദേശവാസികളും അതിരടയാളക്കല്ലുകൾ പിഴുതുമാറ്റി. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കാത്തതോടെ തത്‌കാലം പദ്ധതിയുമായി മുന്നോട്ടില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.

പുതിയ സ്പീക്കറും മന്ത്രിയും

ഇന്ത്യന്‍ ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചു. ജൂലായ് 6നായിരുന്നു ഇത്. സജി ചെറിയാന്റെ രാജിയെത്തുടര്‍ന്ന് ഫിഷറീസ് വകുപ്പ് വി. അബ്ദുറഹ്‌മാനും സാംസ്‌കാരികവും സിനിമയും വി.എന്‍. വാസവനും യുവജനകാര്യം പി.എ. മുഹമ്മദ് റിയാസിനും നല്‍കി. 

ഓഗസ്ത് 28ന് സി.പി.എം. സംസ്ഥാനസെക്രട്ടറിയായി എം.വി. ഗോവിന്ദന്‍ തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് തദ്ദേശഭരണം, എക്‌സൈസ് മന്ത്രിസ്ഥാനമൊഴിഞ്ഞു. നിയമസഭാ സ്പീക്കറായിരുന്ന എം.ബി. രാജേഷ് തദ്ദേശം, എക്‌സൈസ് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി അധികാരമേറ്റു. കേരള നിയമസഭയുടെ 24-ാം സ്പീക്കറായി എ.എന്‍. ഷംസീര്‍ ചുമതലയേറ്റു. തലശ്ശേരിയില്‍നിന്നുള്ള സി.പി.എം. അംഗമാണ് ഷംസീര്‍. എം.ബി. രാജേഷ് മന്ത്രിയായതിനെ തുടര്‍ന്നാണ് ഷംസീര്‍ സ്പീക്കറായത്.

പുതിയ എം.എല്‍.എ.

തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഉമാ തോമസ് വിജയിച്ചു. 25,016 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വിജയം. പി.ടി. തോമസിന്റെ മരണത്തെത്തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. പി.ടി. തോമസിന്റെ ഭാര്യയാണ് ഉമാ തോമസ്.

പ്രിയാ വർഗീസിന്റെ നിയമനം

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയും തൃശൂർ കേരളവർമ കോളജിലെ അധ്യാപികയുമായിരുന്ന പ്രിയാ വർഗീസിനെ കണ്ണൂർ യൂണിവേഴ്സിറ്റി മലയാളവിഭാഗം അസോ. പ്രഫസർ സ്ഥാനത്തേക്കു തിരഞ്ഞെടുത്തത് ചട്ടം മറികടന്നാണെന്ന് ആരോപണമുയർന്നു. അസോ.പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യുജിസി ചട്ടങ്ങൾ നിഷ്കർഷിക്കുന്ന അധ്യാപന പരിചയം പ്രിയയ്ക്കില്ലെന്ന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നിയമനം ചര്‍ച്ചയായത്. ഗവേഷണ കാലയളവും ഡെപ്യൂട്ടേഷൻ കാലയളവും ചേർത്താണ് അധ്യാപനപരിചയം കാണിച്ചിരുന്നത്. പ്രിയ വര്‍ഗീസിന്‍റെ അയോഗ്യത പിന്നീട് ഹൈക്കോടതിയുടെ ശരിവെച്ചു. 

പുതിയ രാജ്യസഭാംഗങ്ങള്‍

കേരളത്തില്‍നിന്ന് രാജ്യസഭാംഗങ്ങളായി എ.എ. റഹിം (സി.പി.എം.), പി. സന്തോഷ് കുമാര്‍ (സി.പി.ഐ.) ജെബി മേത്തര്‍ (കോണ്‍ഗ്രസ്) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. എ.കെ. ആന്റണി (കോണ്‍ഗ്രസ്), കെ. സോമപ്രസാദ് (സി.പി.എം.), എം.വി. ശ്രേയാംസ്‌കുമാര്‍ (എല്‍.ജെ.ഡി.) എന്നിവരുടെ കാലാവധി തീര്‍ന്ന ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മൂന്ന് ഒഴിവിലേക്ക് മൂന്ന് പത്രിക മാത്രം നല്‍കിയതിനാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

പിണറായി വിജയനും ഉമ്മന്‍ചാണ്ടിക്കും റെക്കോര്‍ഡ്

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായിരുന്നതിന്റെ റെക്കോഡ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്. 2022 ഓഗസ്റ്റ് ഒന്നിന് 18728 ദിവസങ്ങള്‍ (51 വര്‍ഷവും മൂന്നേകാല്‍ മാസവും) പൂര്‍ത്തിയാക്കി. 1970 മുതല്‍ തുടര്‍ച്ചയായി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നു. സഭയില്‍ കെ.എം. മാണിയുടെ റെക്കോഡ് ആണ് തിരുത്തിയത്. 

കേരളത്തില്‍ ഏറ്റവും കൂടുതല്‍ തുടര്‍ച്ചയായി മുഖ്യമന്ത്രിയായതിന്റെ റെക്കോഡ് പിണറായി വിജയന് ലഭിച്ചു. നവംബര്‍ 14-ന് അദ്ദേഹം മുഖ്യമന്ത്രി പദത്തില്‍ 2364 ദിവസം പിന്നിട്ടു. സി. അച്യുതമേനോന്റെ റെക്കോഡാണ് അദ്ദേഹം മറികടന്നത്.

തവനൂര്‍ സെന്‍ട്രല്‍ ജയില്‍

സ്വാതന്ത്ര്യലബ്ധിക്കുശേഷം സംസ്ഥാനത്ത് നിര്‍മിച്ച ആദ്യത്തെ സെന്‍ട്രല്‍ ജയില്‍ തവനൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. സംസ്ഥാനത്തെ നാലാമത്തെ സെന്‍ട്രല്‍ ജയിലാണിത്. രാജ്യത്തെ 145-ാമത്തെതും.

സി സ്‌പേസ്

ചലച്ചിത്രപ്രേമികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന് കീഴില്‍ സാംസ്‌കാരികവകുപ്പ് പുതിയ ഒ.ടി.ടി. പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചു. സി സ്‌പേസ് എന്നാണ് പേര്. സര്‍ക്കാരിനുകീഴില്‍ ആദ്യമായി ഇത്തരത്തിലൊരു സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യസംസ്ഥാനമായി കേരളം മാറും. സാംസ്‌കാരിക വകുപ്പിനുവേണ്ടി കെ.എസ്.എഫ്.ഡി.സി.യാണ് സംരംഭം ഒരുക്കുന്നത്. 

കേരള സവാരി

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യത്തെ ഓണ്‍ലൈന്‍ ടാക്‌സി സംവിധാനം ആരംഭിച്ചു. കേരള സവാരി എന്നാണ് പേര്. ജനങ്ങള്‍ക്ക് മികച്ച സേവനവും ഓട്ടോ ടാക്‌സി തൊഴിലാളികള്‍ക്ക് അര്‍ഹമായ പ്രതിഫലവും ഉറപ്പാക്കാന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. 

കേരളസാഹിത്യ അക്കാദമി

കേരള സാഹിത്യ അക്കാദമി പ്രസിഡന്റായി സച്ചിദാനന്ദനെ നിയമിച്ചു. വൈശാഖന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് നിയമനം. കഥാകൃത്ത് അശോകന്‍ ചരുവില്‍ വൈസ് പ്രസിഡന്റും പ്രൊഫ. പി. അബൂബക്കര്‍ സെക്രട്ടറിയുമായി.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍മാര്‍ 

സി.പി.എം. സംസ്ഥാന സെക്രട്ടറിയായി  എം.വി. ഗോവിന്ദനെ തിരഞ്ഞെടുത്തു. കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് നിയമനം. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മരിച്ചതിനെ തുടര്‍ന്നാണ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായത്. സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ തിരഞ്ഞെടുത്തു. മൂന്നാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാവുന്നത്. എല്‍.ഡി.എഫ്. കണ്‍വീനറായി സി.പി.എം. നേതാവ് ഇ.പി. ജയരാജനെ തിരഞ്ഞെടുത്തു. എ. വിജയരാഘവന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ജയരാജനെ തിരഞ്ഞെടുത്തത്. ഒന്നാം പിണറായി മന്ത്രിസഭയില്‍ വ്യവസായവകുപ്പ് മന്ത്രിയായിരുന്നു.

സംസ്ഥാന ബജറ്റ്

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ പൂര്‍ണ ബജറ്റ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചു. വിലക്കയറ്റം തടയാന്‍ 2000 കോടി രൂപ നീക്കിവെച്ചതാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം.

കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ്

കെ.എസ്.ആര്‍.ടി.സി.യുടെ ദീര്‍ഘദൂരബസുകളായ കെ-സ്വിഫ്റ്റ് ഏപ്രില്‍ 11 മുതല്‍ ഓടിത്തുടങ്ങി. കെ.എസ്.ആര്‍.ടി.സി.യുടെ സാമ്പത്തികപ്രതിസന്ധിയെത്തുടര്‍ന്ന് 2021 നവംബറിലാണ് കെ. സ്വിഫ്റ്റ് എന്ന കമ്പനി രൂപവത്കരിച്ചത്.

ഇ-ഗവേണന്‍സ്

ദേശീയ ഇ-ഗവേണന്‍സ് സേവന റിപ്പോര്‍ട്ടില്‍ കേരളം ഒന്നാമത്. സംസ്ഥാന സര്‍ക്കാര്‍ പോര്‍ട്ടലുകളുടെ കാര്യക്ഷമതയിലും കേരളത്തിനാണ് ഒന്നാംസ്ഥാനം.

മെഡിസെപ്പ്

സര്‍ക്കാര്‍ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പ് പ്രഖ്യാപിച്ചു.

മാതൃഭൂമി നൂറാം വർഷത്തിൽ

മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ചുതുടങ്ങിയിട്ട് 100 വർഷം. ഒരുവർഷത്തെ ശതാബ്ദിയാഘോഷങ്ങൾ മാർച്ച് 18-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്തു. 1923 മാർച്ച് 18-നാണ് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ജിഹ്വയായി മാതൃഭൂമിപത്രം കോഴിക്കോട്ടുനിന്ന്‌ പ്രസിദ്ധീകരിച്ചുതുടങ്ങിയത്. കെ.പി. കേശവമേനോനായിരുന്നു സ്ഥാപകപത്രാധിപർ.

വിഴിഞ്ഞം സമരം

അദാനിഗ്രൂപ്പിന്റെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനുനേരെ മത്സ്യത്തൊഴിലാളികളുടെയും ലത്തീൻ കത്തോലിക്കാസഭയുടെയും പ്രതിഷേധം. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഉപാധികളോടെ സമരം അവസാനിച്ചു.

Content Highlights: unveil kerala 2022 major news events