ജനറേഷൻസ്പീക്കിങ്; '25 വർഷംകൊണ്ട് അച്ഛനമ്മമാരാകെ മാറി, കാണാൻപോലും കഴിയാത്തവരുമായി സൗഹൃദത്തിലാവാനായി'

“മാല്യങ്കര കോളേജിൽ 40 കൊല്ലം മുൻപ് ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് ഇന്നും മറക്കാത്ത ആ സമരവും ജാഥയും കണ്ടത്. ഒരുദിവസം കോളേജിലേക്ക് പോകുന്ന വഴിയിൽ ചകിരിപിരിക്കുന്ന തൊഴിലാളികൾ വലിയൊരു ജാഥ നടത്തുന്നു. തൊഴിലിന് ഭീഷണിയാകുന്ന കംപ്യൂട്ടർ വേണ്ടേ വേണ്ട എന്നായിരുന്നു അവരുടെ മുദ്രാവാക്യം...” കഥ പറയുന്നതുപോലെ തുടങ്ങിയ സലിം കുമാർ സ്വതഃസിദ്ധമായ ചിരിയോടെ സംസാരത്തിന് അല്പനേരം ബ്രേക്കിട്ട ശേഷം അടുത്തിരുന്ന ഗണപതിയോട് ചോദിച്ചു, “എടാ മോനേ, അന്ന് കംപ്യൂട്ടറിനെതിരേ ചകിരിപിരി തൊഴിലാളികൾ സമരം ചെയ്തിട്ട് ഇവിടെ കംപ്യൂട്ടർ വന്നില്ലേ. എന്നാൽ, അന്ന് ജാഥ നടത്തിയവരുടെ ചകിരിപിരി തൊഴിലിനെമാത്രം കംപ്യൂട്ടർ ഇന്നും ബാധിച്ചിട്ടില്ല അല്ലേ...” സലിംകുമാറിന്റെ ഡയലോഗ് കേട്ട് ഗണപതി ചിരിക്കുമ്പോൾ അടുത്ത കൗണ്ടർ വന്നു, “അതാണ് മോനേ ലോകം പോയ പോക്ക്...”.
25 വർഷം കൊണ്ട് നമുക്കുണ്ടായതെല്ലാം അദ്‌ഭുതകരമായ വേഗമാറ്റങ്ങളായിരുന്നുവെന്ന് അമ്പത്തഞ്ചുകാരനായ നടൻ സലിം കുമാറും 30 തികയാത്ത നടൻ ഗണപതിയും പറയുന്നു.
മാറിയത് മാതാപിതാക്കൾ
50 വർഷത്തിനിടയിൽ ഏറ്റവും വലിയ മാറ്റമുണ്ടായത് അച്ഛന്മാർക്കായിരിക്കാമെന്നാണ് സലിമിന്റെ അഭിപ്രായം. “എന്റെ കുട്ടിക്കാലത്ത് വീട്ടിൽ അച്ഛന്റെ ഇഷ്ടത്തിനായിരുന്നു ഭക്ഷണം വരെയുണ്ടാക്കിയിരുന്നത്. അച്ഛന് എന്നും ചോറ് ഇഷ്ടമായതിനാൽ വീട്ടിൽ മൂന്നു നേരവും അതുതന്നെ. വിഷുവിനും ഓണത്തിനുമൊക്കെയേ അന്ന് ഇഷ്ടമുള്ള പലഹാരം കിട്ടൂ. അതുകൊണ്ടുതന്നെ കുട്ടിക്കാലം മുതലേ എന്റെ ഏറ്റവും വലിയ ആഗ്രഹം എത്രയും പെട്ടെന്ന് ഒരു അച്ഛനാകണമെന്നായിരുന്നു. വർഷങ്ങൾക്കുശേഷം ഞാൻ അച്ഛനായപ്പോൾ വീട്ടിലെ ഭക്ഷണം ഏതു വേണമെന്ന് തീരുമാനിക്കുന്നത് മക്കളായി....” പൊട്ടിച്ചിരിയോടെ സലിം ഒരു ഡയലോഗ് കൂടി പറഞ്ഞു, “ഒരു ഗതികെട്ട തലമുറയാണല്ലേ ഞങ്ങൾ”
25 വർഷത്തെ ഏറ്റവും വലിയ സന്തോഷമായി ഗണിപതി കണ്ടത് കമ്യൂണിക്കേഷനിലെ കുതിപ്പ്. “ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും വാട്‌സാപ്പുമൊക്കെയായി ഞങ്ങളുടെ തലമുറയ്ക്ക് കമ്യൂണിക്കേഷന് എത്രയോ മാർഗങ്ങളുണ്ട്. ആളെ കാണുകപോലും ചെയ്യാതെ സൗഹൃദത്തിന്റെ ലോകത്തെത്താൻ കഴിയുന്ന ഈ വഴികളൊക്കെ പുതിയ തലമുറയുടെ സന്തോഷമാണ്.”
പുതുതലമുറയുടെ ഫെയ്‌സ്ബുക്കിന് സലിം കൗണ്ടറാക്കിയത് അവരുടെ തലമുറയിലെ ടെക്സ്റ്റ് ബുക്കിന്റെ കഥ. “അമ്പതുകൊല്ലം മുൻപ് ഞങ്ങളൊക്കെ പഠിക്കുമ്പോൾ അയൽപക്കത്തെ കുട്ടിയുടെ പഴയ ടെക്സ്റ്റ്ബുക്കായിരുന്നു ആശ്രയം. പകുതി വില കൊടുത്ത് അതുതന്നെ വാങ്ങാൻ പലപ്പോഴും സാധിച്ചിരുന്നില്ല. ഇപ്പോഴത്തെ കുട്ടികൾക്ക് അങ്ങനെയൊരു ടെക്‌സ്റ്റ് ബുക്ക് വാങ്ങൽ വേണ്ടിവരുമെന്ന് തോന്നുന്നില്ല.” സലിം പറയുമ്പോൾ ഗണപതി തലയാട്ടി.
അഞ്ചിൽ പഠിക്കുന്ന സമയത്തുതന്നെ കാറിൽ സഞ്ചാരം തുടങ്ങിയ കഥ പറഞ്ഞ് ഗണപതി ന്യൂ ജെൻ തലമുറയുടെ മറ്റൊരു ചിത്രം വരച്ചിട്ടു.
“ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കാറിൽ സഞ്ചരിച്ചുതുടങ്ങിയ ആളാണ്. ഇപ്പോഴത്തെ തലമുറയിലെ കുറെ കുട്ടികൾക്ക് അത്തരം ഭാഗ്യമുണ്ട്. ബ്രാൻഡഡ് ഷർട്ടും ഐഫോണുമെല്ലാം സാധാരണമായി. അതുപോലെത്തന്നെയാണ് ഫുഡ്ഡിന്റെ കാര്യവും.
ഓൺലൈനായി എത് ഭക്ഷണവിഭവവും ഏപ്പോൾവേണമെങ്കിലും വീട്ടിലെത്തും”
ഗണപതി പറഞ്ഞത് പൂരിപ്പിച്ചത് സലിം, “ശരിയാണ് ഇപ്പോഴത്തെ തലമുറയ്ക്ക് എല്ലാം ഫോൺസ്പർശത്തിൽ മുന്നിലെത്തും. ഇവൻ അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ കാറിൽ സഞ്ചരിച്ചെങ്കിൽ ഞാൻ ആദ്യമായി ഒരു സൈക്കിൾ വാങ്ങുന്നത് ഡിഗ്രി കഴിഞ്ഞ്, ആദ്യമായി ഒരു പൊറോട്ട കഴിക്കുന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ..” അല്പനേരത്തെ മൗനത്തിനുശേഷം വന്ന ആത്മഗതം ഇങ്ങനെ, “എന്തൊരു വേഗം, എന്തൊരു ലോകം.”
Content Highlights: generation speaking salim kumar and ganapathi