ഉദയവും അസ്തമയവും, അങ്ങകലെ ജലസമൃദ്ധമായ കാരാപ്പുഴ അണക്കെട്ട്; അപൂര്‍വമാണ് വയനാട്ടിലെ ഈ വ്യൂ

മനം നിറയ്ക്കുന്ന കാഴ്ചകളുടെ വിരുന്നൊരുക്കി കാത്തിരിക്കുകയാണ് അമ്പലവയലിലെ മഞ്ഞപ്പാറ മല. ടൂറിസം ഭൂപടത്തില്‍ ഇടമില്ലെങ്കിലും നൂറുകണക്കിന് സന്ദര്‍ശകരാണ് മഞ്ഞപ്പാറയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നത്. ഉദയവും അസ്തമയവും കാരാപ്പുഴ അണക്കെട്ടിന്റെ വിദൂരദൃശ്യങ്ങളും നന്നായി ആസ്വദിക്കാവുന്ന ഇടമാണിത്.
കോടമഞ്ഞും നൂല്‍മഴയും നിറയുന്ന വഴികള്‍
ആകാശം തൊട്ടുനില്‍ക്കുന്ന മഞ്ഞപ്പാറ മലമുകളിലേക്കുള്ള യാത്ര ഒട്ടും സാഹസം നിറഞ്ഞതല്ല. അമ്പലവയല്‍-വടുവന്‍ചാല്‍ പാതയില്‍ മഞ്ഞപ്പാറ ക്വാറിവളവില്‍നിന്ന് വലത്തോട്ടുതിരിഞ്ഞ് ഒരുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മഞ്ഞപ്പാറ മലയുടെ താഴ്വാരത്തെത്തും. പോകുന്നവഴിയിലെ കാഴ്ചകളും അതിമനോഹരമാണ്. മലയുടെ താഴെവരെ വാഹനമെത്തും. കോടമഞ്ഞും നൂല്‍മഴയും പെയ്തിറങ്ങുന്ന മലമുകളിലേക്കുള്ള യാത്രയ്ക്ക് പത്തുമിനിറ്റുമതി. മുകളിലെത്തിയാല്‍ അതിശയിപ്പിക്കുന്ന കാഴ്ചകളാണ് ചുറ്റിലും. അങ്ങകലെ ജലസമൃദ്ധമായ കാരാപ്പുഴ അണക്കെട്ട്. കോടപുതച്ച് മണിക്കുന്നുമലയും അമ്പുകുത്തിമലയും. നേര്‍ത്ത തണുപ്പുസമ്മാനിച്ച് ഇളങ്കാറ്റ് വീശിയൊഴിയുമ്പോള്‍ അദ്ഭുതക്കാഴ്ചക്കളുടെ നെറുകയില്‍നില്‍ക്കുന്ന അനുഭൂതി.
ടൂറിസം കേന്ദ്രമാക്കി മാറ്റാത്തതിനാല്‍ സ്വന്തംനിലയ്ക്ക് സന്ദര്‍ശകര്‍ വന്നുമടങ്ങുകയാണിപ്പോള്‍. വഴികാട്ടാനോ നിര്‍ദേശങ്ങള്‍ നല്‍കാനോ ആരുമില്ല. സാഹസികസഞ്ചാരസാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാഭരണകൂടം മുമ്പ് മഞ്ഞപ്പാറ വ്യൂപോയന്റിനെക്കുറിച്ചും പഠിച്ചിരുന്നു. പക്ഷേ, ടൂറിസംകേന്ദ്രമാക്കി മാറ്റുന്നകാര്യത്തില്‍ തീരുമാനമായില്ല. വിനോദസഞ്ചാരവകുപ്പ് ലക്ഷങ്ങള്‍ മുടക്കിയാരംഭിച്ച ചീങ്ങേരിമല ട്രക്കിങ് സെന്റര്‍ മഞ്ഞപ്പാറ മലയുടെ നേരെ എതിര്‍വശത്താണ്.
ശ്രദ്ധവേണം ഓരോ ചുവടിലും
ആരും നിയന്ത്രിക്കാനോ വഴികാട്ടാനോ ഇല്ലാത്ത പ്രദേശത്തേക്കെത്തുമ്പോള്‍ കരുതലോടെവേണം ഓരോ ചുവടും. അപകടം പതിയിരിക്കുന്ന മലമുകളിലേക്കുള്ള യാത്ര ദുര്‍ഘടമല്ലെങ്കിലും ശ്രദ്ധിച്ചേ മതിയാകൂ. കുട്ടികളുമായി വരുന്നവര്‍ യാത്രയിലുടനീളം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ക്വാറിവളവില്‍നിന്ന് യാത്രയാരംഭിച്ച് പകുതിപിന്നിട്ടാല്‍ റോഡിന്റെ വശങ്ങളില്‍ ക്വാറിക്കുളങ്ങളുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രവര്‍ത്തനംനിലച്ച ക്വാറികള്‍ വലിയ ജലാശയമാണിപ്പോള്‍. ഇവിടെ ഇറങ്ങുകയോ അശ്രദ്ധമായി യാത്രചെയ്യുകയോചെയ്താല്‍ അപകടത്തിനുള്ള സാധ്യതയുണ്ട്.
സാമൂഹികമാധ്യമങ്ങളിലെ താരം
ടൂറിസംകേന്ദ്രമായി സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലെങ്കിലും സാമൂഹികമാധ്യമങ്ങളില്‍ താരമാണ് മഞ്ഞപ്പാറ മല. മഞ്ഞപ്പാറ മലയെക്കുറിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ കേട്ടറിഞ്ഞ് ഒട്ടേറെപ്പേരാണ് എത്തുന്നത്. കാരാപ്പുഴ അണക്കെട്ടിന്റെ പശ്ചാത്തലത്തില്‍ സൂര്യന്‍ മണിക്കുന്ന് മലയ്ക്കപ്പുറത്തേക്ക് പോയ്മറയുന്നത് സുന്ദരക്കാഴ്ചയാണ്. മറ്റിടങ്ങളെയപേക്ഷിച്ച് മഞ്ഞപ്പാറ മലകയറ്റം എളുപ്പമായതിനാല്‍ കുടുംബസമേതം ഇവിടെയെത്തുന്നവരുമുണ്ട്. ഈവര്‍ഷമാദ്യം വയനാട്ടില്‍ ചിത്രീകരിച്ച പഞ്ചവത്സരപദ്ധതി എന്ന ചലച്ചിത്രത്തിന്റെ പ്രധാനഭാഗങ്ങള്‍ ഷൂട്ടുചെയ്തത് ഇവിടെയാണ്.
Content Highlights: manjappara ambalavayal tourist destination wayanad travel world tourism day 2024