സ്വപ്‌നങ്ങളുടെ വ്യൂ പോയന്റ്; ഈ മലമുകളില്‍ കയറിയാല്‍ വയനാടിന്റെ ഹൃദയം കാണാം

മഞ്ഞ് വയനാടിനെ പൊതിയുമ്പോള്‍ കുറുമ്പാലക്കോട്ടയില്‍നിന്നുള്ള കാഴ്ചകള്‍ക്ക് വിഭിന്നഭാവമാണ്. ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പവിലിയന്‍പോലെ ചുറ്റിലും മാനംതൊടുന്ന മലനിരകള്‍. അതിന് ഒത്തനടുവിലാണ് കുറുമ്പാലക്കോട്ടയെന്ന ഒറ്റമലയുള്ളത്. അതിരാവിലെ കുറുമ്പാലക്കോട്ടയിലേക്ക് മലകയറാന്‍ വിദൂരത്തുനിന്നുപോലും സഞ്ചാരികളെത്തും. അതിരാവിലെ അഞ്ചുമണിയാവുമ്പോഴേക്കും പട പടാ ശബ്ദം നിറച്ച് ഗ്രാമവഴികളിലൂടെ എവിടെനിന്നൊക്കെയോ ബുള്ളറ്റുകളും ബൈക്കുകളും പറന്നെത്തിത്തുടങ്ങും. മലയുടെ പകുതിഭാഗത്തോളം കുത്തനെയുള്ള റോഡിലൂടെ ബൈക്കുകള്‍ക്ക് കയറിയെത്താം. കുറുമ്പാലക്കോട്ടയില്‍നിന്നുള്ള വയനാടിന്റെ പുലര്‍കാലം കാണാനാണ് ഈ യാത്ര. ആറുമണിയാവുമ്പോഴേക്കും മലയുടെ നെറുക സഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരിക്കും. പിന്നെയാണ് കാഴ്ച. മേഘങ്ങളുടെ തൂവെള്ള കൊട്ടാരത്തില്‍നിന്ന് സ്വര്‍ണരഥത്തില്‍ സൂര്യന്‍ എഴുന്നള്ളുന്ന ദൃശ്യം.
മഞ്ഞ് താഴ്വാരമാകെ മൂടുമ്പോള്‍ അതിനുമുകളില്‍നിന്ന് നോക്കെത്താദൂരമുള്ള ആകാശവിസ്മയങ്ങള്‍. ഈ കാഴ്ചകള്‍തന്നെയാണ് കുറുമ്പാലക്കോട്ടയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. സഞ്ചാരികളുടെ ഹൃദയത്തില്‍ ഇടംതേടിയതോടെ ടൂറിസം അധികൃതരും ഇവിടെയെത്തി. വയനാട്ടില്‍ അങ്ങനെ പുതിയ ഒരു ഡെസ്റ്റിനേഷന്‍കൂടി തുറക്കാനുള്ള തീരുമാനം ആദ്യഘട്ടത്തില്‍ മുന്നേറിയെങ്കിലും പിന്നീട് പിന്നോട്ടുപോയി. മഴക്കാലത്തും ഇവിടെ സഞ്ചാരികള്‍ ഒഴിഞ്ഞനേരമുണ്ടായിരുന്നില്ല. വയനാട്ടിലെ മഴ നനയാനും പ്രകൃതിയെ തൊട്ടറിയാനും കുറുമ്പാലക്കോട്ട ഗംഭീരം.
സഞ്ചാരികള്‍ കാത്തിരിക്കുന്നു
വയനാട്ടിലെ ഹില്‍ ടൂറിസം പട്ടികയില്‍ ഉള്‍പ്പെടാന്‍ കുറുമ്പാലക്കോട്ടയും കാത്തിരിക്കുകയാണ്. പ്രദേശവാസികളും പ്രതീക്ഷയര്‍പ്പിക്കുന്നു. വയനാടിന്റെ മധ്യഭാഗത്തായി ഇങ്ങനെയൊരു കേന്ദ്രം വികസിപ്പിക്കാന്‍ മറ്റിടമില്ല. പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ ഇനിയും പഠനവിധേയമാക്കണം. മഴക്കാലത്തും വേനല്‍ക്കാലത്തും ഒരുപോലെ സഞ്ചാരികളെ സ്വീകരിക്കാന്‍ കഴിയുമെന്നതാണ് ഈ കേന്ദ്രത്തിന്റെ സവിശേഷതകള്‍. വേനല്‍ക്കാലത്താണെങ്കില്‍ തെളിഞ്ഞ ആകാശത്തിന് താഴെ അനേകം പൊട്ടുകളായി മേഘങ്ങളെ അടുത്തുകാണാം. പുലര്‍ച്ചെ കാറ്റുണ്ടെങ്കില്‍ ഈ മേഘപാളികള്‍ തൊട്ടുരുമ്മി അകന്നുപോകും. വയനാടിന്റെ പൂര്‍ണമായ ആകാശക്കാഴ്ചയാണ് നട്ടുച്ചയിലും ഇവിടെയെത്തുന്നവരെ കാത്തിരിക്കുക.
വൈകുന്നേരം അങ്ങുദൂരെ ബാണാസുരന്റെ നെറുകയിലേക്ക് ചെഞ്ചായം വിതറി സൂര്യന്‍ ഒളിച്ചുപോകുന്നതും ഇവിടെനിന്ന് കാണുമ്പോള്‍ കൂടുതല്‍ മനോഹരം. സാങ്കല്പികമായ കോട്ടയുടെ ഐതിഹ്യങ്ങള്‍ പശ്ചിമഘട്ടത്തിലെ ഈ ഒറ്റമലയെ സമ്പുഷ്ടമാക്കുന്നു. പ്രകൃതിയുടെ ഒരു ജലസംഭരണികൂടിയാണ് ഈ മല. മഴക്കാലത്ത് വേണ്ടുവോളം മഴവെള്ളം ആവാഹിക്കുന്ന ഈ സഹ്യന്‍ വേനല്‍ക്കാലത്ത് താഴ്വാരത്ത് വരള്‍ച്ചയുടെ നോവറിയിക്കുന്നേയില്ല. മലയുടെ നെറുകയില്‍ തണുത്ത വെളുപ്പാന്‍കാലത്ത് ചൂടുള്ള ചുക്കുകാപ്പിയുമായി പ്രദേശവാസികളും ഇവിടെ കാത്തുനില്‍ക്കുന്നുണ്ട്.
നാട്ടുകാര്‍ക്കും നേട്ടം
ആദിവാസികളും മറ്റ് സാധാരണ മനുഷ്യരും ജീവിക്കുന്ന സ്ഥലമാണ് കുറുമ്പാലക്കോട്ട. വനം വകുപ്പോ ഡിടിപിസിയോ ഇതുവരെ ഈ സഞ്ചാര കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്തിട്ടില്ല. ഇവിടേക്ക് സഞ്ചാരികള്‍ എത്തിത്തുടങ്ങിയത് ഇന്നാട്ടുകാര്‍ക്കും വലിയ ഗുണമായിട്ടുണ്ട്. അവര്‍ മലമുകളില്‍ കെട്ടിയുണ്ടാക്കിയ ചെറിയ കടകളില്‍ കട്ടന്‍ ചായയും ചെറുകടികളുമെല്ലാം കിട്ടും. മലഞ്ചരിവുകളില്‍ ഹോം സ്റ്റേകളും താമസിക്കാനുള്ള മറ്റ് സൗകര്യങ്ങളുമുണ്ട്. ഇതില്‍ കുറേയിടത്തെല്ലാം ഈ പ്രദേശത്തുനിന്നുള്ള ആളുകള്‍ തന്നെ തൊഴിലെടുക്കുന്നു.
ടെന്റടിക്കാം, അസ്തമയവും കാണാം...
അസ്തമയം കാണാനെത്തുന്നവരെയും കുറുമ്പാലക്കോട്ട ഒരിക്കലും നിരാശപ്പെടുത്തില്ല. മലനിരകള്‍ക്കിടയിലൂടെ താഴ്ന്നിറങ്ങുന്ന അസ്തമയസൂര്യന്റെ കാഴ്ചയും സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ അനുഭവം നല്‍കുന്നു. അസ്തമയവും കണ്ട് മലമുകളില്‍ താമസിച്ച് പിറ്റേദിവസം രാവിലെ സൂര്യോദയവും കണ്ട് മലയിറങ്ങിയാല്‍ മതിയെങ്കില്‍ അതിനുള്ള സൗകര്യവും ഇവിടെയുണ്ട്. ടെന്റുകള്‍ വാടകയ്‌ക്കെടുത്ത് മലമുകളില്‍ താമസിക്കുന്നത് ഒന്നൊന്നര അനുഭവമാകും. കുറുമ്പാലക്കോട്ടയിലെ ദൃശ്യവിസ്മയം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ ഇവിടേക്കുള്ള സഞ്ചാരികളുടെ ഒഴുക്കും വര്‍ധിച്ചു. ദിവസവും ചുരുങ്ങിയത് അഞ്ഞൂറുപേരെങ്കിലും ഇന്ന് കുറുമ്പാലക്കോട്ടയിലെത്തുന്നു. അവധിദിനങ്ങളില്‍ ഇത് രണ്ടായിരം വരെയാകും. കേരളത്തിന് പുറമേ അയല്‍സംസ്ഥാനങ്ങളില്‍നിന്നും സഞ്ചാരികള്‍ വരുന്നുണ്ട്.
എങ്ങനെയെത്താം...
കല്‍പ്പറ്റയില്‍ നിന്നും മാനന്തവാടി റോഡിലൂടെ കമ്പളക്കാട് വഴി കുറുമ്പാലക്കോട്ടയിലേക്ക് ഏകദേശം പതിനേഴ് കിലോമീറ്ററാണ് ദൂരം. പക്രതളം ചുരം കയറിവരുന്നവര്‍ക്ക് കോറം-കെല്ലൂര്‍ വഴി കുറുമ്പാലക്കോട്ടയിലെത്താം. മലയുടെ മുകളിലേക്ക് പലവഴികളുമുണ്ടെങ്കിലും കുറുമ്പാലക്കോട്ട ക്ഷേത്രത്തിന് സമീപത്തെ വഴിയിലൂടെ മലകയറുന്നതാകും നല്ലത്. ഓഫ് റോഡ് വാഹനങ്ങളില്‍ വരുന്നവര്‍ക്ക് മറ്റൊരു വഴിയിലൂടെ ഏകദേശം ഹില്‍ടോപ്പിന് അടുത്തുവരെ എത്താം. നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ജീപ്പുകളിലോ മറ്റു ഓഫ് റോഡ് വാഹനങ്ങളിലോ ഈ വഴി വരുന്നതാകും ഉചിതം.
Content Highlights: kurumbalakkotta tourist destination wayanad travel world tourism day 2024