ഒടുവില്‍ ഹൈക്കോടതി സമ്മതം മൂളി; വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളും തുറക്കുന്നു

പഴയപോലെ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങുന്ന വയനാടന്‍ വിനോദസഞ്ചാരമേഖലയ്ക്ക് പുതുപ്രതീക്ഷയായി വനംവകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാനുള്ള തീരുമാനം. കേന്ദ്രങ്ങള്‍ പുനരാരംഭിക്കാന്‍ ഹൈക്കോടതിയുടെ അനുമതി ലഭിച്ചതായി വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍കൂടി തുറക്കുന്നതോടെ വയനാട് വീണ്ടും സഞ്ചാരികളുടെ പ്രിയ നാടാവുമെന്ന പ്രതീക്ഷയിലാണ് വിനോദസഞ്ചാരമേഖല.
നിരന്തരമുണ്ടായ വന്യമൃഗാക്രമണവും അതിലൂടെയുള്ള മനുഷ്യജീവഹാനിയുമാണ് വയനാടന്‍ വിനോദസഞ്ചാരമേഖലയെ തളര്‍ത്തിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ വനംവകുപ്പ് വാച്ചര്‍ പുല്പള്ളി സ്വദേശി പോള്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് സുരക്ഷകണക്കിലെടുത്ത് വനംവകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചത്. ഹൈക്കോടതി സ്വമേധയാ ഇടപെട്ടാണ് ടൂറിസം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചുകൊണ്ട് ഉത്തരവിറക്കിയത്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കുറുവാദ്വീപ് അടക്കം മാസങ്ങളോളം അടച്ചിട്ടത് വിനോദസഞ്ചാരമേഖലയെ ബാധിച്ചു. ഇക്കോ ടൂറിസം കേന്ദ്രങ്ങളെ ആശ്രയിച്ച് ഉപജീവനമാര്‍ഗം കണ്ടെത്തിയവരും പ്രതിസന്ധിയിലായി.
ഇതിനിടെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍കൂടി ഉണ്ടായതോടെ വയനാടന്‍ വിനോദസഞ്ചാരമേഖല നിശ്ചലമായി. ദുരന്തത്തെ അതിജീവിച്ച് ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഒഴികെയുള്ളവ ഘട്ടംഘട്ടമായി തുറന്നെങ്കിലും വിനോദസഞ്ചാരികള്‍ പ്രതീക്ഷിച്ചപോലെ എത്തിയില്ല. ഓണാവധിക്കുപോലുമെത്തിയ വിനോദസഞ്ചാരികളുടെ എണ്ണം വളരെക്കുറവായിരുന്നു. പ്രചാരണപരിപാടികളിലൂടെ വയനാടന്‍ വിനോദസഞ്ചാരമേഖലയെ തിരികെക്കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇപ്പോഴും പുരോഗമിക്കുന്നത്.
ഇതിനിടെ മാസങ്ങളായി അടച്ചിട്ട ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. സര്‍ക്കാരിന്റെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് ഇക്കോ ടൂറിസം പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഇപ്പോള്‍ ഹൈക്കോടതി അനുമതി നല്‍കിയത്. സന്ദര്‍ശകരുടെ എണ്ണം വെട്ടിച്ചുരുക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശം പരിശോധിച്ച് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കും.
Content Highlights: Kerala hc has granted permission to reopen eco tourism centres in wayanad