പോയകാലത്തിന്റെ ശവക്കല്ലറകള്‍ക്കുള്ളില്‍ തേടിപ്പോകുന്നവര്‍; എന്താണ് ഡാര്‍ക്ക് ടൂറിസം?

വിമൂകമായ ആ കോട്ടയുടെ അകത്തളങ്ങളിലെവിടെയോ പ്രാവുകള്‍ കലമ്പല്‍ കൂട്ടി ചിറകടിച്ചു പറന്നു. പിന്നെ നിശബ്ദതയാണ്. ചുറ്റുമുള്ള എല്ലാ ചലനങ്ങളും പൊടുന്നനെ നിലച്ചെന്ന പോലെ... സായാഹ്നം കഴിഞ്ഞിരിക്കുന്നു. അവിടവിടെയായി ചുറ്റിത്തിരിഞ്ഞിരുന്ന ഏതാനും ആളുകള്‍ കൂടി ഇപ്പോള്‍ കാഴ്ചവട്ടത്തില്‍നിന്ന് അപ്രത്യക്ഷരായിരിക്കുന്നു. പുറത്ത് പകല്‍ വല്ലാതെ നരച്ചു. ഇരുളടഞ്ഞ ഒരു മുറിയ്ക്കുള്ളിലേയ്ക്കാണ് എത്തിപ്പെട്ടത്. ഇടുങ്ങിയ മുറിയ്ക്കുള്ളില്‍ കല്ലില്‍ തീര്‍ത്ത ഉയര്‍ന്ന തറ. രണ്ടറ്റത്തും വളയങ്ങളോടുകൂടിയ ഒരു കനത്ത ചങ്ങല അതിന്മേല്‍ ചുറ്റിപ്പിണഞ്ഞു കിടന്നു. ബലിക്കല്ല്! ഉയരത്തിലുള്ള ചെറിയ ജാലകത്തിനപ്പുറം ആകാശം മറയുന്നു. ഉള്ളിലേയ്‌ക്കൊഴുകി വന്ന കനത്ത മൂടല്‍മഞ്ഞ് ശേഷിച്ച വെളിച്ചത്തെക്കൂടി കൊന്നുകളഞ്ഞു. ചങ്ങല ഇഴയുന്ന ശബ്ദം കേള്‍ക്കുന്നോ? കാലുകള്‍ നിലത്തുറഞ്ഞു പോയതുപോലെ. കണ്ണും കാതുമടഞ്ഞു. ഉള്ളിലൊരു ആന്തലുയര്‍ന്നു, പിന്നെ അതൊരു തേങ്ങലായി. ആ ഇരുട്ടില്‍, അരിച്ചുകയറുന്ന തണുപ്പില്‍ എത്ര നേരം ഇരുന്നെന്ന് ഓര്‍മയില്ല. ബോധം തിരികെ കിട്ടുമ്പോള്‍ മഞ്ഞൊഴിഞ്ഞു പോയിരുന്നു. വൈദ്യുത വിളക്കുകള്‍ തെളിഞ്ഞിരുന്നു. പിടഞ്ഞെണീറ്റ് പുറത്തേക്കു പാഞ്ഞു...
പറഞ്ഞതൊരു നുണക്കഥയാണെന്ന് തോന്നുന്നുണ്ടോ? രാജസ്ഥാനിലെ വിമൂകമായ ഒരു കോട്ടമുകളില്‍ വെച്ചുണ്ടായ അനുഭവം പങ്കുവെക്കുമ്പോഴും സുഹൃത്തിന്റെ കണ്ണില്‍ എന്താണ് സംഭവിച്ചതെന്നറിയാത്ത ഒരു അവിശ്വസനീയത ഉണ്ടായിരുന്നു. പ്രേതകഥ കേട്ടപോലെ, പ്രേതസിനിമ കണ്ടതുപോലെ ഒരനുഭവം. 'ചില്ലിങ് അഡ്വഞ്ചേഴ്‌സി'ന്റെ രസം അതാണ്. സുഹൃത്ത് അതോടെ യാത്ര നിര്‍ത്തിയില്ല. വീണ്ടും വീണ്ടും അത്തരം ഏകാന്തസ്ഥലികള്‍ തേടിപ്പോയി. അവര്‍ മാത്രമല്ല, അങ്ങനെ എത്രയോ പേര്‍...! പോയകാലത്തിന്റെ ശവക്കല്ലറകള്‍ക്കുള്ളില്‍ എന്താണെന്നറിയാന്‍, ഗതകാലചരിത്രത്തില്‍ കൂടി സ്വപ്‌നാടനം നടത്താന്‍ കൊതിക്കുന്ന സഞ്ചാരികള്‍... ഭീകരമായ ആ അന്തരീക്ഷം ചിലര്‍ക്ക് കണ്ടറിയുകയെന്നതു മാത്രം. മറ്റു ചിലര്‍ക്കതൊരു പഠനയാത്രയും. ഇവരെയൊക്കെയാണ് ഡാര്‍ക്ക് ടൂറിസം ലക്ഷ്യംവെക്കുന്നത്. പോയകാലത്തെ ഇരുണ്ട കഥകള്‍ പറയുന്ന ഈ ഇടങ്ങളെ ഡാര്‍ക്ക് ടൂറിസം സ്‌പോട്ടുകള്‍ എന്നു വിളിക്കുന്നു.
Content Highlights: Exploring The Dark Side, 10 Dark Tourism Destinations