ആലപ്പുഴയോളങ്ങൾ | വിജില ചിറപ്പാട്

1
ജലത്തോടൊട്ടിയ വെളിച്ചപ്പൊട്ടുകൾ
മാനത്തെ ആലേന്ന്
വീണുപോയ
തച്ചന്റെ വീതുളികൾ
2
സ്നേഹപ്പറവകൾ
പൊഴിച്ചിട്ട തൂവൽപ്പെരുക്കങ്ങൾ
ജലലയനങ്ങൾ
3
മാനത്തമ്പിളിയുടെ
അടയിരിപ്പിൽ
അടർന്നു വീണ മുട്ടത്തോടുകൾ
4
സ്വപ്നത്തിൽ
മേഘങ്ങളായലയുന്ന കുഞ്ഞുങ്ങൾ
കുലുക്കി വീഴ്ത്തിയ
പാരിജാതപ്പൂക്കൾ
ജലവിസ്മയങ്ങൾ
5
ആലിലകൾ ഇളകിയോടി
കലപില കൂടി,
ഓളപ്പരപ്പിലെ
ചങ്ങാതിയലകളായി
Content Highlights: World poetry day 2023, Poem by Vijila Chirappad