കാലം വിദൂരമല്ല | വിജയരാജമല്ലിക

#വിജയരാജമല്ലിക
വിജയരാജമല്ലിക
വിജയരാജമല്ലിക

ഞാൻ എഴുതുന്നതൊന്നും
ഇന്നാരും വായിക്കണമെന്നില്ല
വായിച്ചാലും
അത് മുഴുമിക്കില്ല
ആദ്യവും അവസാനവും ഓടിച്ചു നോക്കി
അവയെ എന്റെ സ്വത്വത്തോട് കോർത്തിടും
കോക്കസ്സുകളിൽ പോലും ചർച്ചചെയ്യാതെ
മാറ്റി വയ്ക്കും
ചിലപ്പോൾ ദൂരെ വലിച്ചെറിയും

എന്നാൽ നാളെയുടെ
തുടിപ്പുകൾ അവയെ തേടി വരും
യുഗങ്ങൾ നീണ്ട മൗനങ്ങൾ വെട്ടി-
ശബ്ദതരംഗമൊഴുക്കും 
വരികളുടെ ഇടയിൽ
അവരുടെ ആത്മാവിനെ കണ്ടുമുട്ടും
ആ വരികൾ ഉറക്കെ ചൊല്ലും 
യുവധാര അതേറ്റുപാടും 
ആ കാലം വിദൂരമല്ല!

Content Highlights: World poetry day 2023, Poem by Vijayarajamallika