ഒരു തരി വിശപ്പ് | സന്ധ്യ എം.

#സന്ധ്യ എം.
പ്രതീകാത്മക ചിത്രം | മാതൃഭൂമി
പ്രതീകാത്മക ചിത്രം | മാതൃഭൂമി

മീങ്കറി കൂട്ടി ചോറുണ്ടു
സാമ്പാറുകൂട്ടി ഒരുപിടി
വറുത്തമീന്‍ ഒരെണ്ണം പിന്നെയും
മതിമതിയെന്ന് വയറ് പിണങ്ങി
വയറിന്റെ വല്ലായ്മ മാറാന്‍
മഞ്ഞലഡു അടര്‍ത്തി രുചിക്കുമ്പോള്‍
ഒരുതരി കുതറി വീണു
അതാ ഒരു കുഞ്ഞുമീറ്
അതുംകൊണ്ടോടുന്നു
മണംപിടിച്ചടുത്തേക്ക്
മീറിന്‍പട കുതിക്കുന്നു
കൈയിലെ മുഴുത്ത മഞ്ഞ
വായിലിട്ടരച്ച്,
നിലത്തേക്ക് കുനിഞ്ഞ്
ഞാനാ കുഞ്ഞുതരി
പിടിച്ചുവാങ്ങി പുറത്തേക്കെറിഞ്ഞു
മീന്‍വെട്ടി ചാറാക്കിയ ചേച്ചിക്ക്
മിനിഞ്ഞാന്നത്തെ
മോര്കറി കൊടുക്കാന്‍
അമ്മയെ ഓര്‍മ്മിപ്പിച്ചു
പിന്നെ വാ കഴുകി
നടുനിവര്‍ത്തി
ഫാഞ്ചോട്ടില്‍ മയങ്ങി
വിശപ്പുവഴിതെറ്റിച്ച ഉറുമ്പുകള്‍
കൊതിപിടിച്ചെങ്ങോ പാഞ്ഞു
തെങ്ങിന്‍ കടയ്ക്കല്‍
മുള്ളുതിന്നുന്ന പൂച്ചയെ
ഒരു നായ പേടിപ്പിച്ചോടിച്ചു
ഉണരുമ്പോള്‍ ഞാനതിനെ
കല്ലെറിഞ്ഞോടിക്കും തീര്‍ച്ച!
                   

Content Highlights: World poetry day 2023, Poem by Sandhya M