കാലപുരുഷൻ | ഒ.പി. സുരേഷ്

ഇരുട്ട് ഒരു മത്സ്യമാണെങ്കിൽ
അത് നീന്തുന്ന
സമുദ്രമാണ് ഞാൻ.
എല്ലാംവിഴുങ്ങിയ ഒറ്റയാൻ
ചെതുമ്പലിളക്കുമ്പോൾ
ഭൂമിയാകെ ഞാൻ കലരുന്നു
എന്നിൽനിന്നുദിക്കാനിടയുള്ള
പൊന്നിളം സൂര്യനെക്കാത്ത്
അന്യഗ്രഹങ്ങൾ മടുക്കുന്നു
വെളിച്ചം ഒരു ചൂണ്ടയാണെങ്കിൽ
അതിലിര കോർത്തൊരാകാശം
എനിക്ക് നേരെ വരുന്നുണ്ട്
കൊത്തണോ വേണ്ടയോ എന്ന്
പശിയറ്റൊരു പെരുവയർ സ്വപ്നം
പല കാലങ്ങളിൽ അമർന്നുറങ്ങുന്നു...
Content Highlights: World poetry day 2023, Poem by O. P. Suresh