അഞ്ചു കവിതകൾ | അമ്മുദീപ

#അമ്മു ദീപ
വര: ബാലു
വര: ബാലു

തടാകം

നിർന്നിമേഷമൊരു കുഞ്ഞിൻ 
വിടർന്ന കൺകൾ പോൽ
നിശ്ചലം
തടാകം
അതിൻ കരയിലൊരു
മരം
ടുക് ടുക് ടുക് കൊത്തുന്നു
മരംകൊത്തി
ഓരോ കൊത്തിലും
ഇമകൾ ഞെട്ടി
ഓളം വെട്ടുന്നു
തടാകം

കുന്ന്

ദൂരെ
വെയിലിൽ
അമർന്നിരിക്കുന്നു
ഒരു കുന്ന്
കുന്നിനു ചുറ്റും
വട്ടത്തിൽ
ഓളം വീശുന്നു
വെയിൽ
കാറ്റിന്
ആക്കം കൂടുമ്പോൾ
ഒഴുകിയൊഴുകിയൊഴുകി
ദൂരേ പോയ്മറയുന്നു
കുന്ന്

മേഘം

നിശ്ചലം
വെണ്മേഘം
നദിപോൽ
ഒഴുകുന്നു നീല
സൂര്യനും
ഒഴുകിവരുന്നു
അനന്തം സൂര്യവളയങ്ങൾ
മേഘത്തെ
കടന്നു പോകുന്നു
മേഘം
അനങ്ങാതെ
നിൽക്കുന്നു 

കാട്

വെയിലിൽ
കുതിർന്ന്
കാട്
ഇലകളുടെ
വേർപ്പു മണം
പക്ഷികളുടെ ശ്വാസത്തിൽ കലരുന്നു
പക്ഷികൾ
പ്രകാശവർഷങ്ങൾ താണ്ടി
പറന്നു പോകുന്നു
കാട്ടുചൂര്
അനന്തതയിൽ
വിലയിക്കുമ്പോൾ
മൂക്കു വിടർത്തുന്നു
നക്ഷത്രങ്ങൾ

ഭൂമി

ഇര/ഇണ
ഇണ/ഇര
ഇര/ഇണ
ഇണ/ഇര
പ്രാണികൾ
പരക്കം പാഞ്ഞ്
പരക്കം പാഞ്ഞ്
പരന്നു പരന്നു പോവുന്നു ഭൂമി
തുളകൾ വീഴുന്നു
തുളകളിലൂടെ
പ്രവഹിക്കുന്നു
എന്തെന്നില്ലാത്ത ദുഃഖം
ഇരുട്ട്
കവിത

Content Highlights: World poetry day 2023, Poem by Ammu Deepa