കവിത | സന്ധ്യ എൻ.പി.

അവൾ മരിച്ചിട്ട്
ഇന്നേക്കു
പതിനൊന്നു ദിവസമായി.
ഓരോ ദിനവും
പലരും വന്നു പോകുന്നുണ്ട്.
ചുറ്റും നടന്നു നോക്കുന്നുണ്ട്.
ആദ്യ ദിവസം
ശവമഞ്ചം
പൊക്കാൻ
തുടങ്ങുമ്പോൾ
അതിന്നടിയിൽ
നനവിന്റെ
ചെറിയൊരു വൃത്തമേ കണ്ടിരുന്നുള്ളൂവെങ്കിലും
സമയം ചെല്ലും തോറും
വൃത്ത വ്യാസം
തിടം വെച്ചു വന്നു.
വൈകുന്നേരമായപ്പോഴേക്കും
ജീവനറ്റ അവളുടെ ദേഹം
വലിയൊരു വൃത്തത്തിനകത്തായി.
ആർക്കും
വൃത്തം ഭേദിച്ച്
അവൾക്കടുത്തെത്താൻ
കഴിയാതായി.
വൃത്ത നനവിൽ
ചവിട്ടിയാൽ
ഷോക്കേറ്റന്നവണ്ണം ആളുകൾ
പിന്നാക്കം തെറിച്ചു.
പിറ്റേന്നും
പിറ്റേന്നും
പിറ്റേന്നും
വൃത്തത്തിനു കനം കൂടിക്കൂടി വന്നു.
ശരിക്കും
നനവുള്ള വലിയൊരു വൃത്ത മഞ്ചം.
അത്
ഏഴാം നാൾ കഴിഞ്ഞ്
ഗർഭപാത്രം പോലെ
താഴ്ന്ന്
മുന്നൂർക്കുടം പോലെ
പൊട്ടി
നനവൂർന്ന്
താഴേക്കു താഴേക്കൊഴുകി
ഒരു നദിക്കരയിലെന്നോണം
ആളുകൾ
മൗനം പൂണ്ട്
നോക്കി നിന്നു
ജല ശയ്യയിൽ
അവളുടെ
ജീവനറ്റ ദേഹം
പൊങ്ങി ഒഴുകാൻ തുടങ്ങി.
പതിനൊന്നാം നാളും
ജലപ്പരപ്പിനു കട്ടികൂടുന്നുണ്ട്
ഓരോ കോപ്പയിൽ
ആളുകൾ
അതു
കോരിക്കുടിക്കുന്നുണ്ട്...
കവിതയിലൊരു
വരിയെന്നോണം
അവളുടെ ദേഹം
ഓളങ്ങളിൽ മെല്ലെ
ഇളകുന്നുണ്ട്.
Content Highlights: World poetry day 2023, Poem by Sandhya N.P.