അലകള്‍ | വീരാന്‍കുട്ടി

#വീരാന്‍കുട്ടി
വീരാന്‍കുട്ടി
വീരാന്‍കുട്ടി

കണ്ണിൽനിന്ന് അടർന്ന  തുള്ളിയെ
ഏറ്റുവാങ്ങിയ തിര 
നടുക്കത്തോടെ ആരാഞ്ഞു:
"ഇത്ര കാലം 
നീയെങ്ങനെ ഒളിപ്പിച്ചു കണ്ണിൽ 
ഇത്രയ്ക്ക് 
പൊള്ളുന്നൊരു 
കടലിനെ ?"
      
തീരമണയാതെ തിരിച്ചു വരുന്ന
കുഞ്ഞു തിരയെ
നെഞ്ചോടു ചേർത്ത് 
കടൽ പറയുന്നതെന്താണ് -
ശ്രമിക്കൂ ശ്രമിക്കൂ.. എന്നല്ലാതെ ?
   
തിരകൾക്കും അമ്മയുണ്ടായിരിക്കണം
ചുണ്ടിലെ പാൽപ്പത
അതു ശരിവെക്കുന്നു

ചെറു ചെറു കുന്നുകളുണ്ടാക്കി
കളിക്കുന്നു  തിരകൾ,
ഉറവയെടുത്ത മലഞ്ചെരുവിനെ
അവ ഓർക്കുന്നതാവാം.
 

തിരകളേ!
നിരന്തരം വന്നു തിരയാൻ മാത്രം 
കരയുടെ കൈവശം 
സൂക്ഷിക്കാനേൽപിച്ച
ആ അമൂല്യരഹസ്യമേതാണ്?

 


 

Content Highlights: world poetry day 2023 alakal poem by veeran kutty, mathrubhumi