'പണിപാളി' ഇപ്പോഴും റിപ്പീറ്റ് മോഡില്‍; 'കുടുങ്ങി'യുമായി ആര്‍ക്കേഡോ എഗെയ്ന്‍ റോക്ക്‌സ് | INTERVIEW

മലയാള റാപ് സംഗീതാസ്വാദകര്‍ക്ക് ഏറെ പരിചിതമായ പേരാണ് 'Arcado' എന്ന ആനന്ദിന്റേത്. സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളായ പണിപാളി 1 & 2, മലയാളി ഡാ തുടങ്ങിയ ഗാനങ്ങള്‍ മാത്രം മതി ആര്‍ക്കേഡോയുടെ ലെവല്‍ മനസിലാക്കാന്‍. വ്യത്യസ്തമായ അപ്രോച്ചിലൂടെ ഏറെ ആസ്വാദകരമാക്കിയുള്ള ഗാനങ്ങളുടെ അവതരണത്തില്‍ ആര്‍ക്കേഡോ നിര്‍വഹിക്കുന്നത് പ്രധാനപ്പെട്ട റോളാണ്. മ്യൂസിക് പ്രൊഡ്യൂസറായും പെര്‍ഫോമറായും ഏറെ ആരാധകരുള്ള ആര്‍ക്കേഡോ മലയാളം ഹിപ്‌ഹോപ് മേഖലയിലെ മറ്റ് കലാകാരന്‍മാര്‍ക്കൊപ്പം കൊളാബറേറ്റ് ചെയ്യുന്നുമുണ്ട്. ഹിപ്‌ഹോപ് രംഗത്ത് ഏറെ ആരാധകരുള്ള മറ്റൊരു കലാകാരന്‍ AQil ഉം ആര്‍ക്കേഡോയും ഒത്തുചേരുമ്പോള്‍ അതൊരു കില്ലര്‍ കോമ്പോയെന്നാണ് ഫാന്‍സിന്റെ ഭാഷ്യം. ആ കോമ്പോ കപ്പ ഒറിജിനല്‍സിന്റെ സൗത്ത് സൈഡ് എന്ന മ്യൂസിക് ആല്‍ബത്തിനായി ഒന്നിച്ചെത്തിയിരിക്കുകയാണ് കുടുങ്ങി എന്ന ഗാനവുമായി. യൂട്യൂബില്‍ റിലീസ് ചെയ്ത ദിവസങ്ങള്‍ക്കുള്ളില്‍ ഗാനം ട്രെന്‍ഡിങ്ങായിരിക്കുകയാണ്. ആര്‍ക്കേഡോയുമായുള്ള അഭിമുഖസംഭാഷണം.
ഒരു പാട്ടെഴുത്തുകാരനായി സംഗീതമേഖലയിലേക്ക് വന്നതിന് ശേഷം കമ്പോസിങ്, മ്യൂസിക് പ്രൊഡക്ഷൻ, ബാക് ഗ്രൗണ്ട് സ്‌കോറിങ് എന്നീ മള്‍ട്ടിപ്പിള്‍ മേഖലകളിലേക്ക് മാറിയല്ലോ, ആര്‍ക്കേഡോ എന്ന ആര്‍ട്ടിസ്റ്റിന്റെ എന്‍ട്രിയും തുടര്‍ന്നുള്ള മ്യൂസിക്കല്‍ ജേര്‍ണിയും?
സ്കൂൾ കാലം മുതൽക്കേ പാഷൻ എന്നതിലുപരി വേ ഓഫ് ലൈഫ് ആയിരുന്നു മ്യൂസിക്. അക്കാലം മുതൽ തന്നെ കർണാടക സംഗീതം, കവിതാരചന തുടങ്ങി പല മേഖലകളിലും പങ്കെടുത്തിരുന്നു. കമ്പോസിങ്, എഴുത്ത്, തുടങ്ങി എല്ലാത്തിലും ഒരു കൗതുകവും പ്രത്യേകഇഷ്ടവും ഉണ്ടായിരുന്നു. 13- മത്തെ വയസിൽ ആദ്യമായി ഒരു ഡിജിറ്റൽ ഓഡിയോ വർക്സ്റ്റേഷൻ അഥവാ DAW ഉപയോഗിക്കാൻ തുടങ്ങി. അന്ന് മുതൽ ഇന്ന് വരെ എഫ്.എൽ. സ്റ്റുഡിയോ എന്ന DAW ആണ് എൻ്റെ ആയുധം, DAW ആണ് എൻ്റെ ഡയറി. അതിൽ ഞാൻ എഴുതുന്ന കുറിപ്പുകൾ ആണ് എൻ്റെ സംഗീതം എന്ന് പറയാം. ഇങ്ങനെ മ്യൂസിക്ക് പ്രൊഡക്ഷൻ തുടങ്ങിയ ആ കാലത്ത് തന്നെ പല ഭാഷകളിൽ പാട്ടുകൾ എഴുതി നൽകിയിരുന്നു. അതിൽ നിന്ന് പല ഷോർട്ട് ഫിലിമുകൾക്കും ഡോക്യുമെൻ്ററികൾക്കും പശ്ചാത്തല സംഗീതം ഒരുക്കുകയുണ്ടായി.
പിന്നീട് ഇൻഡി സംഗീതമേഖലയിലേക്ക് കടന്നു. പല ആർട്ടിസ്റ്റുകളുമായി കൊളാബറേറ്റ് ചെയ്യാൻ സാധിച്ചു. ചെയ്ത ചില പ്രോജക്ടുകൾ ശ്രദ്ധ നേടി. ഇതിനിടെ ഒരു ഫീച്ചർ ഫിലിമിന് പശ്ചാത്തല സംഗീതം ഒരുക്കുകയും ചെയ്തു. പിന്നീട് സ്വന്തമായി ഗാനങ്ങൾ റിലീസ് ചെയ്തു. ഒരു പെർഫോർമർ എന്ന നിലയിൽ ഞാൻ കോ ഫൗണ്ട് ചെയ്ത ആർട്ടിസ്റ്റ് കളക്ടീവ് ആയ കലമാൻ കളക്ടീവുമായി നിരന്തരം ഷോസ് ചെയ്തിരുന്നു, കൊറോണ വന്നതിൽ പിന്നെ ഒരു സ്റ്റുഡിയോ പേർസണൽ എന്ന നിലയിലെ തിരക്കുകൾ കാരണം അത് പ്രയോറട്ടൈസ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. എൻ ജെയുടെ പണിപാളി 1 & 2, അദ്ദേഹവും സിദ്ധാർഥ് മേനോനും ഒരുമിച്ച ഫസ്റ്റ് ലവ്, തിരുമാലിയുടെ മലയാളി ഡാ, ഒഴപ്പൻ ആന്തം, റിനോഷ് ജോർജിൻ്റെ ഓ മച്ചാനെ, ബ്ലെസ്സ്ലീയുടെ കെ.എൻ.പി, എന്നിവ ഉൾപ്പടെ 70-ലധികം പാട്ടുകൾക്ക് മ്യൂസിക് പ്രൊഡക്ഷൻ നിർവഹിക്കാൻ കഴിഞ്ഞു.
ഇപ്പോഴും പുതിയ സംഗീത മേഖലകൾ എക്സ്പ്ലോർ ചെയ്ത് പഠിച്ചുകൊണ്ടിരിക്കുന്നു, ആർട്ടിസ്റ്റുകളുമായി ചേർന്ന് അവരുടെ വിഷൻ രൂപപ്പെടുത്താനും അതിന്റെ ഔട്ട്കമിലെത്തിക്കാനും സഹായിക്കുന്നു, ഈ മേഖലയിലേക്ക് എത്താൻ ആഗ്രഹിക്കുന്നവർക്ക് അറിയാവുന്ന കുറച്ച് കാര്യങ്ങൾ വർക് ഷോപ്പുകളിലൂടെയും നേരിട്ടും പറഞ്ഞു കൊടുക്കാനും ശ്രമിക്കാറുണ്ട്. എല്ലാത്തിനുപരി ഞാൻ എൻ്റെ സന്തോഷത്തിന് വേണ്ടി ഈ ഒരു ക്രിയേറ്റീവ് ജേർണിയിൽ ഏർപ്പെട്ടു കൊണ്ടേയിരിക്കുന്നു എന്നു പറയാം.
പണിപാളിയും മലയാളി ഡായുമൊക്കെ മലയാളികള്‍ റിപ്പീറ്റ് മോഡില്‍ കേട്ട ( ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന) റാപ് ഗാനങ്ങളാണ്. പണിപാളിയാകട്ടെ മറ്റൊരു മലയാളഗാനത്തിനും ലഭിക്കാത്ത യൂട്യൂബ് വ്യൂസും നേടിക്കഴിഞ്ഞു. ഈ ഗാനങ്ങള്‍ക്കായി വേണ്ടി വരുന്ന എഫര്‍ട്ട്? വലിയ വിജയങ്ങള്‍ പലപ്പോഴും കലാകാരന്റെ ഉത്തരവാദിത്വം കൂട്ടുകയല്ലേ?
എഫർട്ടിൻ്റെ കാര്യം പറയുകയാണെങ്കിൽ ഓരോ പ്രോജക്ടിനും അതിൻ്റേതായ ചലഞ്ചസ് ഉണ്ടാകും, അതും കൊമേഴ്സ്യൽ വിജയങ്ങളും തമ്മിൽ ബന്ധമുണ്ട് എന്ന് വിശ്വസിക്കുന്നില്ല.
എൻ്റെ ഫിലോസഫി അനുസരിച്ച് ഞാൻ ഏറ്റവുമധികം ആസ്വദിക്കുന്നത് ഒരു പാട്ട് അഥവാ ആശയം ഉണ്ടായി വരുന്ന പ്രക്രിയയാണ്. ആ പ്രോസസ് ആണ് എൻ്റെ സംതൃപ്തി. എന്നിലൂടെ പൂർണരൂപം കൈക്കൊണ്ട ഒരു കലാസൃഷ്ടി സ്വീകരിക്കപ്പെടുമ്പോൾ കൂടുതൽ ആത്മവിശ്വാസം ലഭിക്കുന്നു, എന്നാൽ എൻ്റെ സന്തോഷം ഞാൻ അതിൽ നിന്നല്ല കണ്ടെത്തുന്നത്. തീർത്തും രസിച്ച് ചെയ്ത ഒരു ഗാനം നിരവധി പേർ ആസ്വദിച്ചാലും ഇല്ലെങ്കിലും എനിക്ക് ഒരുപോലെ ആണ്. അത് മൂന്നാമതൊരാളുടെ വാലിഡേഷനിൽ ആശ്രിതമല്ല. കലാകാരന് ഉത്തരവാദിത്വം തൻ്റെ കലയോട് ആണ് എന്നാണ് ഞാൻ ഉറച്ച് വിശ്വസിക്കുന്നത്, അതിനാൽ അത് ഒരു പോയിൻ്റിൽ കൂടുന്നതായി കരുതുന്നില്ല. പണിപാളി, മലയാളി ഡാ എന്ന് തുടങ്ങി എല്ലാ പ്രോജക്ടുകളിലും ആ ആർട്ടിസ്റ്റ് കാണുന്ന വിഷൻ എന്നതിൽ കോൻട്രിബ്യൂട്ട് ചെയ്യുക, ആ വിഷൻ ലക്ഷ്യത്തിലേക്ക് എത്തിക്കുക എന്നതാണ് ഒരു മ്യൂസിക് പ്രൊഡ്യൂസർ എന്ന നിലയിൽ എൻ്റെ കർത്തവ്യം.
വിശദമാക്കാം, ഒരു ഗാനത്തിൻ്റെ കേസ് എടുക്കാം. ഏറ്റവും ബേസിക്കായ തലത്തിൽ ആ ഗാനത്തിൻ്റെ തുടക്കം മുതൽ അവസാനം വരെ അത് പുറത്ത് വരേണ്ട രീതിയിൽ, ക്വാളിറ്റിയിൽ പൂർത്തികരിക്കപ്പെടുന്നു എന്ന് മ്യൂസിക് പ്രൊഡ്യൂസർ ഉറപ്പ് വരുത്തുന്നു. ഒരു ആർട്ടിസ്റ്റ് ആശയം പങ്കുവെച്ചുകഴിയുമ്പോൾ അത് ഏത് രൂപത്തിൽ പുറത്ത് വരണമെന്ന് നിർണ്ണയിക്കുന്നത് മുതൽ, അതിൻ്റെ ഓരോ ഘട്ടത്തിലും അത് പൂർത്തിയാകുന്നത് വരെ നീണ്ടു നിൽക്കുന്നു. ഒരു ക്യൂറേഷൻ തലത്തിൽ ഡയറക്ഷൻ സ്വീകരിക്കൽ, അതിൻ്റെ ഇൻസ്ട്രുമെൻ്റൽ ലെയർ - ലെയർ ആയി ചിട്ടപ്പെടുത്തി അറേഞ്ച് ചെയ്യൽ, അതിനായി ലൈവ് റിക്കോഡ് ചെയ്യേണ്ട ഉപകരണങ്ങൾ റെക്കോഡ് ചെയ്യൽ, വോക്കൽ പ്രൊഡക്ഷൻ തലത്തിൽ ഗാനത്തിലെ വോക്കൽസ് റെക്കോർഡ് ചെയ്ത് അറേഞ്ച് ചെയ്ത് പ്രൊസസ്സ് ചെയ്യൽ, ഇതെല്ലാം ഒരുമിച്ച് കൊണ്ടുവന്ന് cohesive ആയ ഒരു ഗാനമായി മാറ്റിയെടുക്കാൻ വേണ്ടതെല്ലാം മ്യൂസിക് പ്രൊഡ്യൂസറാണ് ചെയ്യുന്നത്.
ഇതിൽ ഏറ്റവും സുപ്രധാനമായതും എന്നാൽ പലപ്പോഴും കേൾവിക്കാർ തിരിച്ചറിയാതെ പോകുന്നതുമായ ഒന്നാണ് ഇൻസ്ട്രുമെൻ്റൽ അറേഞ്ച്മെന്റ് എന്ന പ്രക്രിയ. ആ പാട്ടിൽ നിങ്ങൾ കേൾക്കുന്ന ഓരോ ചെറിയ ശബ്ദങ്ങളും കോൺഷ്യസ് തീരുമാനങ്ങൾ ആണ്, അത് ശ്രദ്ധയോടെ ഡിസൈൻ ചെയ്ത് അറേഞ്ച് ചെയ്തിരിക്കുന്നതാണ്. ഈ ചുമതലകൾ പ്രോജക്ട് അനുസരിച്ച് മാറുകയും ചിലപ്പോൾ ഒന്നിലധികം പേർ പങ്കിടുകയും ചെയ്യാറുണ്ട്.
റാപ് മ്യൂസിക്കില്‍ ബീറ്റ്‌സിനാണോ പ്രാധാന്യം? ഒരു ഗാനം ചെയ്യുമ്പോള്‍ ആസ്വാദകര്‍ക്ക് ഇഷ്ടമാകുന്ന തരത്തില്‍ ഔട്ട്കം ലഭ്യമാക്കുന്നതിന് ആദ്യഘട്ടം മുതല്‍ തന്നെ വേണ്ട കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടി വരുമല്ലോ, ആര്‍ക്കേഡോയുടെ രീതി എങ്ങനെയാണ്?
മ്യൂസിക്ക് ഒരു genre അടിസ്ഥാനത്തിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് genres എന്നു പറയുന്നത് adjectives ആണ്, ഒരു കാറ്റഗറൈസേഷൻ അല്ല. ആ ഒരു ഫിലോസഫി അനുസരിച്ച്, ഒരു ഗാനം ബീറ്റ്സ് വോക്കൽ എന്ന് വേർതിരിച്ച് കാണുന്നതിനേക്കാൾ അത് ആ ഗാനത്തിൻ്റെ പൂർണ്ണരൂപത്തിനോട് നീതി പുലർത്തുന്നുണ്ടോ എന്നതാണ് ചോദ്യം.
ആരാധകർക്ക് ഇഷ്ടമാകണം എന്ന ഉദ്ദേശത്തോടെ ഒരു ഗാനത്തിൻ്റെ ആശയത്തെ അപ്രോച്ച് ചെയ്യാറില്ല. ആ ആശയത്തെ, നമ്മൾ കൺവെ ചെയ്യാൻ ഉദ്ദേശിക്കുന്ന ആ ഇമോഷൻ എങ്ങനെ കേൾവിക്കാരിലേക്ക് എത്തിക്കാം എന്നതാണ് പ്രധാനം.
കപ്പ ഒറിജിനല്‍സിന്റെ 'കുടുങ്ങി'യിലേക്ക് വരാം. എങ്ങനെയായിരുന്നു ആ ഗാനത്തിന്റെ മെയ്ക്കിങ്? കപ്പയുമൊത്ത് പ്രവര്‍ത്തിച്ചതിന്റെ അനുഭവം?
എനിക്ക് വളരയധികം ക്രിയേറ്റീവ് ആയി പ്രൊഡക്ഷൻ പ്രോസസില്‍ ഏർപ്പെടാൻ കഴിയുന്ന ഒരു ആർട്ടിസ്റ്റ് ആണ് AQiL. അദ്ദേഹം ' കുടുങ്ങി ' എന്ന ഗാനത്തിൻ്റെ ആശയവുമായി വന്നപ്പോൾ തീർത്തും വേറെ ഒരു സൗണ്ടിങ് ആയിരുന്നു അദ്ദേഹത്തിൻ്റെ മനസ്സിൽ ഉണ്ടായിരുന്നത്. ഇത് ഞങ്ങൾ പല തവണ പല രീതിയിൽ ഈ ആശയത്തെ അപ്രോച്ച് ചെയ്ത് ഒടുവിൽ ഈ ഒരു ട്രീറ്റ്മെന്‍റ് ആണ് ഞങ്ങൾ തീരുമാനിച്ചത്. പല വഴികളും കടന്ന് വന്നെത്തിയ പ്രോസസ് കഴിഞ്ഞ് ഫൈനൽ ഔട്ട്പുട്ട് എത്തിയത് വളരെ റിവാർഡിങ് ആയ ഒരു അനുഭവമാണ്.
കപ്പ എന്ന ഒരു പ്ലാറ്റ്ഫോം ഇൻഡിപെൻഡൻഡ് മ്യൂസിക്കിൻ്റെ വളർച്ചയിൽ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്, genre ഭേദമന്യേ. ആർട്ടിസ്റ്റ്കൾക്ക് അവരുടെ വിഷനിൽ വിശ്വസിക്കുകയും, ആ ആശയം കൂടുതൽ കേൾവിക്കാരിലേക്ക് എത്തിക്കാൻ ശ്രമിക്കുകയും ചെയ്ത ടീം കപ്പയുടെ ഈ ഇനിഷിയേറ്റീവ്, വിഷനറിയാണ്.
ഹിപ്‌ഹോപിനൊപ്പം കര്‍ണാട്ടിക്കിലും വെസ്‌റ്റേണിലും ആര്‍ക്കേഡോ ഗാനങ്ങള്‍ ചെയ്യുന്നുണ്ട്, അള്‍ട്ടിമേറ്റ്‌ലി ഒന്നാണെങ്കിലും ഒരോ സംഗീതശാഖയ്ക്കും അതിന്റേതായ പ്രത്യേകതകളുണ്ടല്ലോ. ഇതില്‍ ആര്‍ക്കേഡോയ്ക്ക് ഏതെങ്കിലും മേഖലയോട് പ്രത്യേകമമത?
കല അതിരുകൾക്ക് അതീതമാണ്. ഓരോ സമൂഹത്തിലും ഓരോ പ്രദേശത്തിലും ഓരോ സംസ്കാരത്തിലും ഉണ്ടായ പല മ്യൂസിക് ശാഖകൾ ഉണ്ട് എങ്കിലും, ഇതെല്ലാം വളരെ മൗലികമായ, ഹ്യൂമൺ ആയ, മനുഷ്യ വികാരങ്ങളുടെ എക്സ്പ്രഷൻ ആണ്.
Rick Rubin പറയുന്നതിന് ആസ്പദമാക്കി പറയുകയാണ് എങ്കിൽ, ഞാൻ ഒരു ഗാനം ഉണ്ടാക്കുകയല്ല, ആ ഗാനം എന്നിൽ കൂടി പുറത്ത് വരികയാണ് ചെയ്യുന്നത്. ഞാൻ എന്നിൽ കൂടി വരുന്ന ആശയം എൻ്റേത് എന്ന് കാണുന്നതിനേക്കാൾ, ആ ആശയം ഒരു ജീവനുള്ള ഒന്നാണ് എന്നും, അതിന് പോകേണ്ട വഴികളിൽ പോകാൻ വഴിയൊരുക്കി, അതിൻ്റെ ഫൈനൽ രൂപത്തിലേക്ക് എത്താനുള്ള റിസോഴ്സസ് ഒരുക്കുന്നു എന്ന് കാണാൻ ആഗ്രഹിക്കുന്നു. എൻ്റെ ബയസുകൾ ആ ആശയത്തിനെ കളർ ചെയ്യരുത്. ആശയത്തിൻ്റെ വഴിയിൽ ഞാൻ ഒരു തടസ്സമാകരുത്.
ഈ മേഖലയിലെ പത്ത് വര്‍ഷക്കാലത്തെ എക്‌സ്പീരിയന്‍സില്‍ നിന്ന് മലയാള ഹിപ്‌ഹോപ് രംഗത്ത് വന്ന ഡെവലപ്‌മെന്റ്‌സിനെ കുറിച്ച് പറയാമോ?
കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ മലയാളം ഇൻഡി മ്യൂസിക്ക് ഒത്തിരി വളർച്ച നേടിയിട്ടുണ്ട്. വ്യത്യസ്തമായ വിഷൻ ഉള്ള ഒരുപാട് ആർട്ടിസ്റ്റുകൾ ഈ മേഖലയിലേക്ക് വരുന്നത് സന്തോഷമുള്ള ഒരു കാര്യമാണ്. സിനിമ എന്ന ഒരു ചാനൽ കൂടാതെ തന്നെ നിലനിൽക്കുന്ന ഒരു മ്യൂസിക് ഇക്കണോമി, അപരിമിതമായ കലാസൃഷ്ടിക്ക് വഴി ഒരുക്കുമെന്ന് വിശ്വസിക്കുന്നു.
Content Highlights: Arcado, Music Producer, Panipaali, Kudungi, South Side, Kappa Originals, World Music Day